
കൊച്ചി: കേരളത്തിൽ ഒമിക്രോൺ ജാഗ്രത കർശനമായി തുടരുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ റഷ്യൻ പൗരന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ അമ്പലമുകളിലെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 25 വയസ്സുളള യുവാവിനാണ് റാപ്പിഡ് ടെസ്റ്റിൽ കോവിഡ് സ്ഥിരീകരിച്ചത്.
ഏത് ജനിതക വകഭേദമാണെന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനയ്ക്കായി ഇയാളുടെ സാംപിൾ തിരുവനന്തപുരത്തേക്ക് അയക്കും. ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെട്ട രാജ്യമാണ് റഷ്യ. രാജ്യത്ത് ശനിയാഴ്ച വരെ നാല് പേരിലാണ് കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്.
അതേസമയം, ഒമിക്രോൺ പശ്ചാത്തലത്തിൽ വിമാനത്താവളത്തിൽ അന്താരാഷ്ട്ര യാത്രികർക്കുള്ള പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. റാപ്പിഡ് ടെസ്റ്റിൽ നെഗറ്റീവ് ആയാലും ഏഴ് ദിവത്തെ ക്വാറന്റീൻ നിർബന്ധമായും പാലിക്കണം. ക്വാറന്റീന് ശേഷം ആർടിപിസിആർ പരിശോധനയിൽ നെഗറ്റീവ് ആവേണ്ടതുണ്ട്.