ഡബ്ലിന്‍: മറ്റ് വഴിയൊന്നുമില്ലാതെ വന്നപ്പോള്‍ യൂണിഫോമില്‍ തറയില്‍ കിടന്നുറങ്ങിയ ജീവനക്കാരെ യൂറോപ്യന്‍ വിമാനക്കമ്പനിയായ റയാന്‍ എയര്‍ പിരിച്ചുവിട്ടു. തറയിലുറങ്ങുന്ന ആറ് ജീവനക്കാരുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനി ജീവനക്കാരെ പിരിച്ചുവിട്ടത്. ജനങ്ങള്‍ക്ക് മുന്നില്‍ കമ്പനിയുടെ സല്‍പ്പേര് മോശമാക്കിയെന്ന് കാണിച്ചാണ് പിരിച്ചുവിട്ടത്.
ഓക്ടോബര്‍ 14ന് റയാന്‍ എയറിന്റെ പോര്‍ച്ചുഗലിലേക്കുള്ള വിമാനം വഴിതിരിച്ചുവിട്ടതിനെത്തുടര്‍ന്ന് യാത്ര മുടങ്ങിയ ജീവനക്കാര്‍ വിമാനത്താവളത്തില്‍ ഒരു ദിവസം തങ്ങുകയായിരുന്നു. അന്ന് അവര്‍ക്ക് വേണ്ട സൗകര്യം അവിടെ ഒരുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. സൗകര്യങ്ങള്‍ ലഭിക്കാതെയിരുന്നപ്പോള്‍ ജീവനക്കാര്‍ നിലത്തുകിടന്നുറങ്ങുകയായിരുന്നു. ഇവരുടെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറല്‍ ആകുകയും ജീവനക്കാര്‍ക്ക് സൗകര്യം ഒരുക്കുന്നില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.ചിത്രങ്ങള്‍ വന്നതിന് പിന്നാലെ വിമാനജീവനക്കാരുടെ സംഘടന റയാന്‍ എയറിനെതിരെ രംഗത്തുവരികയായിരുന്നു.
അതേസമയം കുറച്ചു സമയം മാത്രമാണ് അസൗകര്യമുണ്ടായതെന്നും ഇവരെ വേഗം തന്നെ വിഐപി ലോഞ്ചിലേക്ക് മാറ്റുകയും ചെയ്തുവെന്ന് കമ്പനി അധികൃതര്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കമ്പനിയുടെ സല്‍പ്പേര് കളഞ്ഞുവെന്നും നിരുത്തരവാദിത്തപരമായി പെരുമാറിയെന്നും കാണിച്ച് കമ്പനിയില്‍ നിന്നും പുറത്തുവിട്ടത്.