വിധി ഭക്തര്‍ക്ക് സന്തോഷം നല്‍കുന്നതാണ് ,ഹൈന്ദവ സംഘടനകളുടെ പോരാട്ടവും ബലിദാനവും വ്യര്‍ത്ഥമായില്ല- കെ.പി ശശികല

കൊച്ചി:ഹൈന്ദവ സംഘടനകളുടെ പോരാട്ടവും ബലിദാനവും വ്യര്‍ത്ഥമായില്ല എന്നത് ബോധിപ്പിക്കുന്നതാണ് ശബരിമല വിധിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. മുന്‍പ് ഭക്തജനങ്ങള്‍ പറഞ്ഞതിലേക്കാണ് വിധി എത്തി നില്‍ക്കുന്നതെന്നും യുവതീ പ്രവേശന വിധിയില്‍ പ്രതികരിക്കവെ ശശികല ടീച്ചര്‍ വ്യക്തമാക്കി.

വിധി ഭക്തര്‍ക്ക് സന്തോഷം നല്‍കുന്നതാണ്. സ്‌റ്റേ ഇല്ല എന്നത് സാങ്കേതികത്വം മാത്രമാണെന്നും ധാര്‍മ്മികമായി സ്‌റ്റേ ഉണ്ട് എന്ന് തന്നെയാണ് ഇത് വ്യക്തമാക്കുന്നതെന്നും ശശികല ടീച്ചര്‍ പറഞ്ഞു. പുന:പരിശോധന ഹര്‍ജി സ്വീകരിക്കുക എന്നത് വളരെ അപൂര്‍വ്വമാണ്. വൈരാഗ്യ ബുദ്ധിയോടെയുള്ള പ്രവര്‍ത്തനം സര്‍ക്കാര്‍ അവസാനിപ്പിക്കണം. ഭക്തരുടെ വികാരങ്ങള്‍ സര്‍ക്കാര്‍ മനസ്സിലാക്കണം. എപ്പോഴും ഭക്തരോടൊപ്പം എന്നു പറയുന്നവര്‍ ഭക്തന്‍മാര്‍ക്കെതിരെ എടുത്ത നൂറുകണക്കിന് കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും ടീച്ചര്‍ ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശബരിമല കര്‍മ്മ സമിതി ഉടന്‍ യോഗം ചേരുമെന്നും ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ പാലിക്കണമെന്ന ആശയത്തില്‍ നിന്നാണ് ശബരിമല കര്‍മ്മസമിതി ഉണ്ടായതെന്നും കര്‍മ്മസമിതി ചെയര്‍പേഴ്‌സണ്‍ കൂടിയായ ശശികല ടീച്ചര്‍ വ്യക്തമാക്കി.

അതേസമയം യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹർജികൾ വിശാല ബഞ്ചിനു വിട്ടതിനു പിന്നാലെ ശബരിമലയിൽ സുരക്ഷ ശക്തമാക്കി . വിധി നടപ്പാക്കാനാണ് സർക്കാർ തീരുമാനമെന്ന് സിപിഎം നേതാവ് യെച്ചൂരിയും, മുഖ്യമന്ത്രി പിണറായി വിജയനും പല തവണ വ്യക്തമാക്കിയ പശ്ചാത്തലത്തിൽ ഇത്തവണയും സന്നിധാനത്ത് യുവതികളെ പ്രവേശിപ്പിക്കാനാണ് സർക്കാർ നീക്കമെന്നത് വ്യക്തം.

ഇന്ന് വരെയുള്ള പൊലീസ് കണക്കനുസരിച്ച് 45 സ്ത്രീകൾ ശബരിമലയിൽ എത്താൻ ഓൺലൈൻ വഴി ബുക്ക് ചെയ്തിട്ടുണ്ട് . സംസ്ഥാനത്തിനകത്തും ,പുറത്ത് നിന്നുമുള്ള ചില സംഘടനകളിലെ യുവതികൾ ഇത്തവണയും ശബരിമലയിൽ എത്തുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട് .

ഈ മാസം 16 നാണ് മണ്ഡല പൂജയ്ക്കായി നട തുറക്കുന്നത് . അന്ന് തന്നെ ശബരിമലയിൽ എത്തുമെന്നാണ് തൃപ്തി ദേശായി ഇന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത് . അതേ സമയം ഈ മണ്ഡല കാലത്ത് ശബരിമലയിലും , പരിസരത്തുമായി 10,017 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിക്കാനാണ് തീരുമാനം.

അഞ്ചു ഘട്ടങ്ങളിലായാണ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത് .നവംബര്‍ 15 മുതല്‍ 30 വരെയുള്ള ഒന്നാം ഘട്ടത്തില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിലായി 2551 പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷാചുമതല നിര്‍വ്വഹിക്കുക.

നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെയുളള രണ്ടാം ഘട്ടത്തില്‍ 2539 പൊലീസ് ഉദ്യോഗസ്ഥരുണ്ടാകും. ഡിസംബര്‍ 14 മുതല്‍ 29 വരെ 2992 പേരും ഡിസംബര്‍ 29 മുതല്‍ ജനുവരി 16 വരെയുള്ള നാലാം ഘട്ടത്തില്‍ 3077 പേരും ഡ്യൂട്ടിയിലുണ്ടാകും.

Top