സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ ആറ് മാസം തടവെന്ന് മുംബൈ ഹൈക്കോടതി; ആരാധനാലയങ്ങളില്‍ സ്ത്രീകളെ വിലക്കുന്ന നിയമം രാജ്യത്തില്ല

മുംബൈ: സ്ത്രീകളുടെ ക്ഷേത്ര പ്രവേശനത്തിനനുകൂലമായി മുംബൈ ഹൈക്കോടതി വിധി. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച തര്‍ക്കം തുടരുന്നതിനിടയിലാണ് ഈ വിധിയെന്ന്ത് ശ്രദ്ദേയമാണ്. എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാണ് ബോംബൈ ഹൈക്കോടതി ഉത്തരവിട്ടത്.

ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് വിലക്കുന്ന നിയമമൊന്നും രാജ്യത്ത് നിലവില്ല. അത്തരത്തില്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നവര്‍ക്ക് ആറ് മാസം വരെ തടവു ശിക്ഷ ലഭിക്കുമെന്നും ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ഡി.എച്ച് വഘേല, എം.എസ് സോണക് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിര്‍ണായക നിരീക്ഷണം. ഈ വിധിയോടെ രാജ്യത്ത് ഒട്ടാകെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷിദ്ധമായ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാമെന്ന് വനിതാ ഭക്തരുടെ ആഗ്രഹം സഫലമായേക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഹാരാഷ്ട്രയിലെ ഷാനി ഷിഗ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ നടപടി ചോദ്യം ചെയ്ത് അഭിഭാഷകയായ നീലിമ വര്‍തക്, സാമൂഹ്യപ്രവര്‍ത്തകയായ വിദ്യാബാല്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിരീക്ഷണം. സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം വിലക്കുന്നത് നിയമവിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ഹര്‍ജി സമര്‍പ്പിച്ചത്.

പുരുഷന് എല്ലാ ക്ഷേത്രങ്ങളിലും പ്രവേശിക്കാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൂടായെന്ന് കോടതി ആരാഞ്ഞു. 1956ലെ മഹാരാഷ്ട്ര ഹിന്ദു പ്ലേസ് ഓഫ് വര്‍ഷിപ്പ് ആക്റ്റ് പ്രകാരം ഇത്തരം വിലക്കുകള്‍ ആറ് മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കോടതി വ്യക്തമാക്കി. ഈ ആക്റ്റിനെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ശബരിമലയിലെ ക്ഷേത്രപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് അടുത്തിടെ ആര്‍എസ്എസ് അടക്കമുള്ള സംഘടനകള്‍ സ്വീകരിച്ചിരുന്നത്. രാജ്യത്താകമാനം അമ്പലങ്ങളില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിക്കേണ്ടതാണെന്നും എന്നാല്‍ പ്രക്ഷോഭങ്ങളിലൂടെയല്ലെന്നും ചര്‍ച്ചകളിലൂടെയും അഭിപ്രായസമന്വയത്തിലൂടെയും വേണം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകേണ്ടതെന്നുമാണ് ആര്‍എസ്എസ് നിലപാട്. ഈ നിലപാടിന് പിന്നാലെയാണ് ഇപ്പോള്‍ കോടതി വിധിയും ഉണ്ടായിരിക്കുന്നത്. എന്തായാലും ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ അന്തിമ തീര്‍പ്പ് തന്നെയാകും നിര്‍ണ്ണായകമാകുക എന്നത് ഉറപ്പാണ്.

Top