ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു നേട്ടം കൊയ്യാൻ കേന്ദ്ര സർക്കാർ; കേരളത്തിലെ ഹിന്ദു വോട്ട് ബാങ്കിനെ ഒപ്പം നിർത്തുക ലക്ഷ്യം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഹൈന്ദവ ആരാധനാലയമായ ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു വോട്ട് ബാങ്ക് ഉറപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. നിലവിൽ ബിജെപിക്കൊപ്പമുള്ള ഹൈന്ദവ വോട്ട് ബാങ്ക് ശക്തമാക്കുന്നതിനും, ഇതോടൊപ്പം കേരളത്തിലെ ഹൈന്ദവ വിഭാഗങ്ങളെ പൂർണമായും ഒപ്പം നിർത്തുന്നതിനുമായാണ് കേരളത്തിൽ ശക്തമായ ഇടപെടൽ നടത്താനുള്ള ബിജെപി സർക്കാരിന്റെ ശ്രമങ്ങളെന്നാണ് സൂചന.
അടുത്ത മണ്ഡലകാലത്തിനു മുമ്പ് പ്രഖ്യാപനം പ്രതീക്ഷിക്കുന്നു. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുന്നതായി കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശർമ ബി.ജെ.പി. സംസ്ഥാന ഘടകത്തെ അറിയിച്ചു. തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ പിൽഗ്രിമേജ് ടൂറിസം പദ്ധതിയിൽ ശബരിമലയെയും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെയും ഉൾപ്പെടുത്തുമെന്നും മഹേഷ് ശർമ അറിയിച്ചിട്ടുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോഡി ശബരിമലയിലെത്തി ദേശീയ തീർഥാടന കേന്ദ്ര പ്രഖ്യാപനം നടത്തണമെന്നാണു ബി.ജെ.പി. സംസ്ഥാന ഘടകത്തിന്റെ താൽപര്യം. ഇക്കാര്യം ഇന്നു സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഡൽഹിയിൽ കേന്ദ്രനേതാക്കളുമായി ചർച്ച ചെയ്യും. ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമാക്കണമെന്നത് സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യമാണ്. ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായി ആദ്യഘട്ടം 95 കോടി രൂപയുടെ വികസനമാണു കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്.ജാതി, മത ചിന്തകൾക്ക് അതീതമായ സാഹോദര്യമാണ് ശബരിമലയുടെ പ്രധാന സവിശേഷത. തീർഥാടകരായി എത്തുന്ന സർവമതസ്ഥരും ആരാധനാമൂർത്തിയുടെ പേരിൽ വിളിക്കപ്പെടുന്ന മറ്റൊരു ആരാധനാലയമില്ല. മതമൈത്രിയുടെ മാതൃകാസ്ഥാനമായി ശബരിമലയെ ഉയർത്തിക്കാട്ടും. ശബരിമല വികസനത്തിനായി കൂടുതൽ വനഭൂമി അനുവദിക്കുന്നതിന്റെ ഭാഗമായി ശബരിമലയും സമീപ ചുറ്റുപാടിലുള്ള വനമേഖലയും പെരിയാർ കടുവാ സങ്കേത പരിധിയിൽ നിന്ന് ഒഴിവാക്കുന്നതിനെപ്പറ്റിയും കേന്ദ്ര സർക്കാർ ആലോചിക്കും. നിലവിലുള്ള വനംനിയമങ്ങൾ ഇതിനു തടസമാണ്. ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, യാത്രാ സൗകര്യം മെച്ചപ്പെടുത്തുക, പമ്പാനദി മാലിന്യമുക്തമാക്കുക എന്നിവയ്ക്കും അടിയന്തര പ്രാധാന്യമുണ്ടാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top