കോട്ടയം :കോടികളുടെ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പിന് കളമൊരുക്കി ബിഷപ്പ് കെ പി യോഹന്നാന്റെ ബിലീവേഴ്‌സ് ചർച്ചിന്റെ ചെറുവള്ളി എസ്റ്റേറ്റ്.സർക്കാരിന്റെ ഭൂമി സർക്കാർ തന്നെ കാശു കൊടുത്തു വാങ്ങേണ്ട ഗതികേടിലാണ് കാര്യങ്ങൾ. വിമാനത്താവളത്തിന് 1200 ഏക്കര്‍ ഭൂമി മതിയാകുമെന്നാണ് കണക്കാക്കുന്നത്. എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റിലെ 2263 ഏക്കറില്‍ ബാക്കിയുള്ള ഭൂമിയുമായി ബന്ധപ്പെട്ട് കോടികളുടെ ഭൂമിയിടപാടിന് കളമൊരുക്കുകയാണ് തിടുക്കത്തിലുള്ള ഏറ്റെടുക്കല്‍ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോപണമുയര്‍ന്നു.കോടികളുടെ അഴിമതിയാണ് നടക്കാൻ പോകുന്നതെന്ന് ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രനും ആരോപിച്ച് രംഗത്ത് വന്നു .
കോടികളുടെ അഴിമതിക്ക് വഴി ഒരുങ്ങുന്ന ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിൽ എതിർപ്പുമായി വി എം സുധീരനും രംഗത്ത് എത്തി .ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാരിന്റേതാണെന്ന് പലവിധ അന്വേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുള്ളതാണല്ലോ. ബഹു. മുഖ്യമന്ത്രി ഇക്കാര്യം നിയമസഭയില്‍ നേരത്തേ വ്യക്തമാക്കിയിട്ടുമുണ്ട്, റവന്യൂ വകുപ്പിന്റെ നിലപാടും അതുതന്നെയാണ് എന്നും സുധീരൻ പറഞ്ഞു. സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം ഐ.എ.എസിന്റെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത നടപടി സാങ്കേതിക പ്രശ്‌നങ്ങളാല്‍ ബഹു.ഹൈക്കോടതി ഡിവിഷന്‍ബഞ്ച് റദ്ദാക്കിയെങ്കിലും ചെറുവള്ളി എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള 5.5 ലക്ഷം ഏക്കര്‍ സര്‍ക്കാര്‍ഭൂമിയുടെ ഉടമസ്ഥാവകാശം നിരാകരിച്ചിട്ടില്ല.
തന്നെയുമല്ല പ്രസ്തുത ഭൂമിയും ബന്ധപ്പെട്ട സ്ഥാവരജംഗമ വസ്തുക്കളും ചമയങ്ങളും Form-C നോട്ടീസ്പ്രകാരം സര്‍ക്കാരിലേയ്ക്ക് കണ്ടുകെട്ടിയിട്ടുള്ളതുമാണ്. ആ നിലപാടുതന്നെയാണല്ലോ റവന്യൂവകുപ്പ് ഇപ്പോഴും തുടരുന്നത്. അതുകൊണ്ട് അതിനെല്ലാം നഷ്ടപരിഹാരം നല്‍കുന്നത് നേരത്തേമുതല്‍ സര്‍ക്കാര്‍ സ്വീകരിച്ചുവന്ന നിലപാടുകള്‍ക്ക് കടകവിരുദ്ധമായിരിക്കും എന്നും സുധീരൻ പറഞ്ഞു.
ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് കൊണ്ട് ഭൂമി ബലമായി പിടിച്ചു വാങ്ങാൻ സർക്കാരിന് അനുവാദമില്ല എന്ന് പറഞ്ഞ കോടതിയും,ബിഷപ് കെ പി യോഹന്നാനും, ഗവൺമെന്റും, പ്രതിപക്ഷവും ചേരുന്ന സംഘത്തിന്റെ ഒത്തുകളിയാണ് ഈ മൊത്തം കോലാഹലം എന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം.
സർക്കാർ പാട്ടത്തിനു കൊടുത്ത ചെറുവള്ളി എസ്റ്റേറ്റ് ബിലീവേഴ്‌സ് ചർച്ചിന്റെ കയ്യിൽ എത്തിയത് തന്നെ നിയമാനുസൃതമല്ല എന്നിരിക്കെ അതേ ഭൂമി സർക്കാർ എയർപോർട്ട് പണിയുവാനായി വിലകൊടുത്തു വാങ്ങാൻ തയ്യാറാവുന്നതിന്റെ പിന്നിലെ യുക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.ഇത് പാട്ട ഭൂമിയാണ് എന്ന കാര്യം കോടതിയും വിസ്മരിച്ചു എന്നത് സത്യത്തിൽ അപകടകരമായ ഒരു ഒത്തുകളിയാണ് സൂചിപ്പിക്കുന്നത്. മൊത്തം 2800 ഏക്കറോളം വരുന്ന ഭൂമി 4000 കോടിയോളം കൊടുത്താണ് സർക്കാർ വാങ്ങേണ്ടത്.
പണം സർക്കാരിൽ നിന്ന് ഈടാക്കി പിണറായി വിജയനും, ട്രസ്റ്റും മറ്റ് തല്പര കക്ഷികളും വീതിച്ചെടുക്കാനുള്ള ഒരു തിരക്കഥയാണ് ഇവിടെ നടപ്പിലാക്കുന്നത്. ഈ കള്ളക്കളിക്ക് തക്കതായ പ്രതിഫലം കൈപറ്റി രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും കൂടെയുണ്ട് എന്നും ചില വൃത്തങ്ങൾ അഭിപ്രായപ്പെടുന്നുണ്ട്.കുളം കലക്കി നടത്തുന്ന ഈ മീൻപിടുത്തം ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് കോടികൾ തട്ടാനുള്ള ഒരു രാഷ്ട്രീയ ഒത്തു കളിയാണ്. സർക്കാരിന്റെ ഭൂമിയാണ് എന്ന് പകൽപോലെ വ്യക്തമായിട്ടും, ആ ഭൂമി പണംകൊടുത്തു വാങ്ങി വിമാനത്താവളം പണിയാൻ കൂട്ടു നില്കുന്നവരുടെ കൂട്ടത്തിൽ കോടതിയുമുണ്ട് എന്ന കാര്യം നീതി ന്യായ വ്യവസ്ഥയെ തന്നെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഒന്നാണ്.
പൂര്‍ണ്ണമായും വിമാനത്താവളത്തിന് ആവശ്യമില്ലാത്തതിനാല്‍ ബാക്കിയുള്ള ഭൂമി ഭൂരഹിതര്‍ക്ക് വീതിച്ച് നല്‍കണമെന്നാണ് ഭൂരഹിതരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ വിമാനത്താവളത്തിനായി ചെറുവള്ളിയെ പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിക്കാനാണ് നീക്കം നടക്കുന്നത്. വിമാനത്താവളത്തിന്റെ വിശദമായ പഠന റിപ്പോര്‍ട്ടില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത ഉണ്ടാകും.
നിലവില്‍ തോട്ടഭൂമിയായാണ് രേഖകളില്‍ കാണിച്ചിരിക്കുന്ന ഭൂമിയുടെ തരം. എന്നാല്‍ പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിക്കുന്നതോടെ ഈ സ്ഥിതി മാറും. ഇതോടെ ഭൂമിയുടെ വില കുതിച്ച് ഉയരും. ഇപ്പോഴുള്ള വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഊഹിക്കാന്‍ പറ്റാത്ത അത്ര വിലയായിരിക്കും ചെറുവള്ളിയിലെ ഭൂമിക്ക് വരാന്‍ പോകുന്നത്. ഇത് കോടികള്‍ മറിയുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് ഇടയാക്കുമെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
ചെറുവള്ളിയില്‍ സാധ്യത ചെറുകിട, ഇടത്തരം വിമാനത്താവളത്തിനായിരിക്കും. ഈ സാഹചര്യത്തില്‍ 2263 ഏക്കര്‍ ഭൂമി ആവശ്യമില്ല. അതിനാല്‍ വിമാനത്താവളത്തിന്റെ ഉപയോഗത്തിന് ശേഷമുള്ള ഭൂമി ഭൂരഹിതര്‍ക്ക് നല്‍കണമെന്ന ആവശ്യത്തോട് സംസ്ഥാന സര്‍ക്കാര്‍ ഇതു വരെ പ്രതികരിച്ചിട്ടില്ല.കോടികള്‍ കെട്ടിവച്ച് സ്ഥലം ഏറ്റെടുക്കുന്നതിന് പിന്നില്‍ സാമ്പത്തിക താല്‍പര്യങ്ങളുണ്ടെന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് സര്‍ക്കാര്‍ നടപടികള്‍.
വിവാദമായ എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്താലും വിമാനത്താവളം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടിവരും. ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ വിമാനത്താവളത്തിന് സിവില്‍ വ്യേമയാന വകുപ്പിന്റെ അനുമതി കിട്ടുക പ്രയാസമായിരിക്കും.കൂടാതെ ചെറുവള്ളി എസ്റ്റേറ്റില്‍ പൊന്തന്‍പുഴ വനഭൂമിയുടെ ഭാഗം ഉള്‍പ്പെട്ടിട്ടുളളതും തിരിച്ചടിയാണ്. കേന്ദ്ര വനനിയമം അനുസരിച്ച് വനഭൂമി വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. പെരിയാര്‍ കടുവ സങ്കേതത്തിന്റെ സാമിപ്യവും പ്രധാന തടസ്സമാണ്. ഈ സാഹചര്യത്തില്‍ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് പ്രധാനമാണ്.
ചെറുവള്ളി എസ്റ്റേറ്റിന്റെ വിസ്തൃതി സംബന്ധിച്ചും അവ്യക്തതയുണ്ട്. രേഖകളില്‍ 2263 ഏക്കര്‍ ഭൂമിയാണ് കാണിച്ചിട്ടുണ്ടെങ്കിലും ഏരിയല്‍ സര്‍വേ നടന്നിട്ടില്ലാത്തതിനാല്‍ ഇതിലുമേറെ ഭൂമി ഉണ്ടാകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇത്രയേറെ കടമ്പകള്‍ കടന്ന് വിമാനത്താവളത്തിന് അനുമതി കിട്ടുക എളുപ്പമല്ല എന്നറിയാമെങ്കിലും കോടികള്‍ കെട്ടിവച്ച് സ്വന്തം ഭൂമി തന്നെ സര്‍ക്കാര്‍ വിലയ്‌ക്കെടുക്കുന്നതിനുള്ള തീരുമാനം അഴിമതിക്കു വഴിവയ്ക്കുന്നതാണെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.ഈ അവസരത്തിൽ എല്ലാവരും കണ്ണടച്ചാൽ ഇവിടെ നടക്കാൻ പോകുന്നത് ഒരു പക്ഷെ ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ മറ്റൊരു രാഷ്ട്രീയ തട്ടിപ്പും ജനവഞ്ചനയും ആയിരിക്കും.