ശബരിമലയിലെ സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളാണ്. ഹിന്ദുത്വവും ഹൈന്ദവ ആചാരങ്ങളും അനുഷ്ഠാനങ്ങളും ചര്‍ച്ച ചെയ്യപ്പെടുകയാണ് ഇതിനൊപ്പം. ശബരിമല വിഷയം കത്തിക്കയറുന്നതിനിടെ ഗുരുവായൂര്‍ ക്ഷേത്രത്തെക്കുറിച്ചുള്ള ഒരു യുവാവിന്റെ ചോദ്യം വൈറലാകുന്നു. ഗുരുവായൂരിലെ പ്രതിഷ്ഠ ചതുര്‍ബാഹുവായ മഹാവിഷ്ണു ആണെന്നിരിക്കെ എങ്ങനെ കണ്ണന്‍ (ശ്രീകൃഷ്ണന്‍) കയറി വന്നു എന്നാണ് ശ്രീചിത്രന്‍ എം.ജെ യുടെ ചോദ്യം.
പ്രസിദ്ധങ്ങളായ ശ്രീകൃഷ്ണക്ഷേത്രങ്ങള്‍ക്കൊന്നും കിട്ടാത്തൊരു പരിവേഷം വിഷ്ണുപ്രതിഷ്ഠയില്‍ കൃഷ്ണനെ വച്ചുകെട്ടിയ ഗുരുവായൂരിനുണ്ടായതിന് പിന്നില്‍ പ്ലാസ്റ്റര്‍ ഒഫ് പാരീസ് കൃഷ്ണരൂപങ്ങളുടെയും ലോക്കറ്റുകളുടെയും വിപണനത്തിന് പങ്കുണ്ടെന്ന് പറയുകയാണ് ശ്രീചിത്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
‘ചില കാര്യങ്ങള്‍ ഘട്ടം ഘട്ടമായി എഴുതാം എന്നു കരുതുന്നു
ആചാരാനുഷ്ഠാനങ്ങളെ അവഹേളിക്കുന്നു എന്നാണ് ശബരിമലയില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കുന്ന ആക്രോശം. അപ്പോള്‍ ആ ചാരമെന്താണ് എന്നൊന്നു പരിശോധിക്കപ്പെടേണ്ടതാണ്. അതെത്ര ചാരമാണ് എന്നപ്പോഴേ മനസ്സിലാവൂ.
ശബരിമലയെന്നല്ല കേരളത്തിലെ വലിയൊരുശതമാനം അമ്പലങ്ങളും ഇന്നിവര്‍ പറയുന്ന ‘ഹിന്ദു’വിന്റേതായിരുന്നില്ല. ഒന്നാമത് നാരായണഗുരു പറഞ്ഞപോലെ അങ്ങനെയൊരു ഹിന്ദുവേ ഉണ്ടായിരുന്നില്ല. പഞ്ചപ്രകാക്ഷേത്രസങ്കല്‍പ്പമനുസരിച്ച് നിര്‍മ്മിക്കപ്പെടുന്ന ജനപദ ഹിന്ദുക്ഷേത്രനിര്‍മ്മാണരീതിയില്‍ പടുത്തുയര്‍ത്തപ്പെട്ട ക്ഷേത്രങ്ങളേയല്ല വനക്ഷേത്രങ്ങളായ ഇവയൊന്നും. ഇതെല്ലാം ബ്രാഹ്മണമതം കൈയ്യേറി കൈവശപ്പെടുത്തിയതാണ്. ഇതിന് അനേകം തെളിവുകളുണ്ട്. ഇപ്പോള്‍ അവയിലേക്ക് പോകുന്നില്ല. ആചാരത്തിന്റെ ചാരം വാരിക്കളയാനുള്ള കാര്യമേ എടുക്കുന്നുള്ളൂ.
ബൃഹദ്പാരമ്പര്യം എന്ന് ചില ചരിത്രകാരന്മാരാല്‍ വ്യവഹരിക്കപ്പെടുന്ന ബ്രാഹ്മണപാരമ്പര്യത്തിലേക്ക് ഈ പലപാടു ചിതറിക്കിടന്ന വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളേയും ചേര്‍ത്തുകെട്ടിയത് രണ്ടു തരത്തിലാണ്.
# ബ്രാഹ്മണമതത്തിന്റെ പുരാണേതിഹാസങ്ങളിലേക്ക് കൂട്ടിച്ചേര്‍ക്കേണ്ട തദ്ദേശീയദൈവതത്തെ കൂട്ടിച്ചേര്‍ക്കുന്ന ഒരു മിത്ത് നിര്‍മ്മിച്ചു.
# തദ്ദേശീയദൈവതത്തേയും അതിന്റെ മിത്തുകളേയും പടിപടിയായി നശിപ്പിക്കുകയും അവയുടെ സ്ഥാനത്ത് ബ്രാഹ്മണമതത്തിന്റെ മിത്ത് സ്ഥാപിക്കുകയും ചെയ്തു.
രണ്ടും സമാന്തരമായല്ല, പരസ്പരപൂരകമായാണ് നടന്നത്. എന്നാല്‍ എത്രമേല്‍ അസൂത്രിതമായി ചെയ്താലും ചരിത്രം അതിന്റെ ശരിശേഷിപ്പുകള്‍ ബാക്കിനിര്‍ത്തും. അതുകൊണ്ടുതന്നെ കേരളത്തിലെ പല ക്ഷേത്രങ്ങളുടേയും പൂര്‍വ്വഘട്ടം, ബ്രാഹ്മണമതം കയ്യേറിയതിനു പിന്നിലെ ഘട്ടം ഏതെങ്കിലും പഴയ ആചാരങ്ങളായോ നിര്‍മ്മിക്കപ്പെട്ട പുരാണത്തിന്റെ പിഴവുകളായോ രേഖകളിലെ തെളിവുകളായോ വായിച്ചെടുക്കാനാവും. ശാസ്ത്രീയചരിത്രപഠനം ശക്തിപ്പെടുന്നതോടെ ഇക്കാര്യം കേരളത്തിലുടനീളം നടന്നുകഴിഞ്ഞിട്ടുണ്ട്. ശബരിമല നമുക്ക് രണ്ടാമതെടുക്കാം, ആദ്യം അതിലും കൃത്യതയോടെ ബ്രാഹ്മണമതം കൈയ്യേറിയ മറ്റൊരു പ്രസിദ്ധക്ഷേത്രമെടുക്കാം – ഗുരുവായൂര്‍.
ഗുരുവായൂരിന്റെ നിലവിലെ ബൃഹദ്പാരമ്പര്യത്തിന്റെ ഐതിഹ്യം ഇങ്ങനെയാണ് – യുഗപര്യവസാനത്തിന്റെ പ്രളയകാലത്ത് ആലിലയില്‍ വിരല്‍കുടിച്ചുകൊണ്ട് പള്ളികൊള്ളുന്ന ഉണ്ണിക്കണ്ണനെ ഗുരുദേവനും വായുദേവനും ചേര്‍ന്ന് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു. കുറേക്കൂടി വിപുലമായ കഥ നാരദപുരാണത്തിലേക്ക് ഉള്‍ച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. കല്‍പ്പാന്തങ്ങള്‍ താണ്ടിവന്ന ഒരു കൃഷ്ണവിഗ്രഹം ബൃഹസ്പതി എവിടെ പ്രതിഷ്ഠിക്കുമെന്നറിയാതെ വിഷമിക്കുകയും അവസാനം ഗുരുവായൂര്‍ കണ്ടെത്തി അവിടെ ഗുരുവായുക്കളുടെ സഹായത്തോടെ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്ത കഥ. മൂന്നു കാര്യങ്ങളുണ്ട് ഈ കഥകളില്‍ യുഗാരംഭപ്രളയത്തിന്റെ പഴക്കമുണ്ട് ഗുരുവായൂര്‍ ക്ഷേത്രത്തിന്, അന്നുമുതലേ ആ നാടിന്റെ പേര് ഗുരുവായൂര്‍ എന്നാണ്, ഗുരുവായുദേവന്മാര്‍ ചേര്‍ന്നു പ്രതിഷ്ഠിച്ച കൃഷ്ണനാണ് ഗുരുവായൂരിലുള്ളത്.
ഇനി ചരിത്രം നോക്കാം. പഴയ ആ നാട്ടിലെ രേഖകളില്‍ എങ്ങും ഗുരുവായൂര്‍ എന്ന വാക്കില്ല. ഉള്ളത് കുരിയൂര്‍വട്ടം എന്ന സ്ഥലനാമമാണ്. സാഹിത്യകൃതികളിലെ പഴക്കമുള്ള രേഖ കോകസന്ദേശത്തിലാണ്, അതില്‍ കുരവൈയൂര്‍ എന്നു കാണാം. എന്തായാലും അവിടെയുള്ള പ്രധാനക്ഷേത്രം ഒരു കുറുമ്പക്കാവാണ്. ഗുരുവായൂര്‍ എന്ന സ്ഥലനാമം കുരിയൂര്‍വട്ടം – കുരവൈയൂര്‍ ഗുരുവായൂര്‍ എന്നിങ്ങനെ രൂപപ്പെട്ടതാണെന്ന് വ്യക്തം. ഉല്‍സവക്കാലത്ത് ഗുരുവായൂരമ്പലത്തില്‍ നിന്ന് അല്‍പ്പം അകലെയുള്ള കുറുമ്പക്കാവില്‍ നിന്ന് ഒരു ദീപം കൊണ്ടുവന്നു കൊളുത്തുന്ന ‘ആചാരം’ മുന്‍പ് നിലനിന്നിരുന്നു. പിന്നീടത് ഉപേക്ഷിക്കപ്പെട്ടു. കുറുമ്പക്കാവിലെ ദീപം ഗുരുവായൂരപ്പന് ചേരില്ലെന്ന ബോദ്ധ്യം അടുത്തകാലത്തു വന്നതാണ് എന്നര്‍ത്ഥം. ക്ഷേത്രപഠിതാക്കള്‍ പറയുക ആദ്യം ദ്രാവിഡക്ഷേത്രമായും പിന്നീട് ബുദ്ധക്ഷേത്രമായും പിന്നീട് ഹിന്ദുക്ഷേത്രമായും മാറിയ ഗുരുവായൂര്‍ എന്നാണ്. അതായത്, ഇന്നത്തെ ആരാധനാരീതികള്‍ക്കും തന്ത്രവിധികള്‍ക്കും എത്രയോ മുന്‍പ് പല കൈമറിഞ്ഞുവന്ന ക്ഷേത്രമാണത് എന്നര്‍ത്ഥം. എന്നാലവയൊന്നും ബൃഹദ്പാരമ്പര്യമിത്തില്‍ സ്പര്‍ശിക്കില്ല. അനേകകാലമായി തുടരുന്ന ആചാരമായി അവിടെ പരിഗണിക്കുക കുരിയൂര്‍വട്ടത്തില്‍ നിന്നു തുടങ്ങി ആധുനികഗുരുവായൂരില്‍ എത്തുന്ന ചരിത്രത്തിലെ എല്ലാ അടരുകളേയും പിന്തള്ളി അവസാനത്തെ ഒറ്റ അചാരമാണ്. അവയുടെ ലംഘനം അലംഘനീയമാണ് എന്ന ബോദ്ധ്യത്തിലാണ് ഗുരുവായൂര്‍ എന്ന ക്ഷേത്രവികാരത്തിന്റെ നിലനില്‍പ്പ്.
ഇനി ആ പ്രതിഷ്ഠയോ? അതില്‍ കൃഷ്ണനേയില്ല. അതു ചതുര്‍ബാഹുവായ മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയാണ്. പിന്നെങ്ങനെ ഗുരുവായൂരിലെ കണ്ണന്‍ കയറി വന്നു. ഓര്‍ക്കുമ്പോള്‍ തിരുമുടി കണ്മുന്നില്‍ മിന്നിമാഞ്ഞു? അതു വേറെ കഥ. അമ്പലപ്പുഴയിലെ കൃഷ്ണക്ഷേത്രമടക്കമുള്ള പ്രസിദ്ധശ്രീകൃഷ്ണക്ഷേത്രങ്ങള്‍ക്കൊന്നും കിട്ടാത്തൊരു പരിവേഷം വിഷ്ണു പ്രതിഷ്ഠയില്‍ കൃഷ്ണനെ വെച്ചുകെട്ടിയ ഗുരുവായൂരിനുണ്ടായതിനു ചേര്‍ന്നാണ് പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൃഷ്ണരൂപങ്ങളുടെയും ലോക്കറ്റുകളുടെയും വിപണനവും ശക്തിയാര്‍ജ്ജിച്ചത്. കൂടെ മലയാളസിനിമാഗാനങ്ങളും കൂടി. നരകവൈരിയായ അരവിന്ദാക്ഷന്റെ ചെറിയനാളത്തെ കളികള്‍ ഗുരുവായൂരുമായി പിന്നീട് കണ്ണിചേര്‍ന്നതാണ്. അപ്പോള്‍ അതൊരു വൈരുദ്ധ്യമായി, സാരമില്ല – അപ്പോഴതിനൊരു കഥയുണ്ടാക്കി. ദേവകീവസുദേവന്മാര്‍ കാരാഗൃഹത്തില്‍ വെച്ചു കണ്ട ചതുര്‍ബാഹുവായ കൃഷ്ണന്റെ വിഷ്ണുരൂപമാണ് ഗുരുവായൂര്‍ പ്രതിഷ്ഠ. അതോടെ കൃഷ്ണഭാവത്തിനും പ്ലാസ്റ്റര്‍ ഓഫ് പാരീസ് പ്രതിമകള്‍ക്കും കണ്ണനന്നൊരു ദിനം കരുമാടിക്കുട്ടന്റെ വേഷം കെട്ടലിനും ന്യായമായി. കുറുമ്പക്കാവ് ചരിത്രത്തിന്റെ ഇരുള്‍ത്തിരയിലേക്ക് മറഞ്ഞു. കണ്ണന്റെ വാകച്ചാര്‍ത്തും വാസനപ്പൂവും വിരിഞ്ഞു. ശുഭം.
ഇനി ശബരിമലയിലേക്ക് വരാം’.