കോഴിക്കോട്: ശബരിമലയിൽ ആചാര ലംഘനം ഉണ്ടായതിനെ ചോദ്യം ചെയ്തു പിണറായി വിജയൻ .ഇരുമുടിക്കെട്ടില്ലാതെ വൽസന്‍ തില്ലങ്കേരി പതിനെട്ടാം പടികയറി ആചാരലംഘനം നടത്തി. മുഖ്യമന്ത്രിയായതിനു പിന്നാലെ ഞാനും ശബരിമലയിൽ പോയിരുന്നു. അവിടുത്തെ ആചാരങ്ങൾ അനുസരിച്ചാണു മല കയറിയത്. ഇരുമുടിക്കെട്ട് ഇല്ലാത്തതിനാൽ പതിനെട്ടാം പടി ചവിട്ടിയില്ല. സംഘപരിവാർ നേതാക്കൾ ഇരുമുടിക്കെട്ടുമായോണോ ശബരിമലയിൽ പോയത്. എവിടെ പോയി നിങ്ങൾ പറയുന്ന ആചാരം. എന്തുകൊണ്ട് ആചാരം ലംഘിച്ചു. അവർക്ക് ശബരിമലയുടെ പവിത്രത നിലനിർത്തലല്ല ഉദ്ദേശ്യം. ശബരിമലയെ കലാപഭൂമിയാക്കലാണ്- മുഖ്യമന്ത്രി പറഞ്ഞു.സംഘപരിവാർ നേതാക്കൾ ഇരുമുടിക്കെട്ടില്ലാതെ പടികയറിയ ആചാരം ലഘിച്ചതോടെ ശബരിമലയുടെ പവിത്രത നിലനിർത്തലല്ല പ്രതിഷേധത്തിന്‍റെ ഉദ്ദേശ്യമെന്നു വ്യക്തമായെന്നും ശബരിമലയെ കലാപഭൂമിയാക്കാനാണ് ബിജെപിയും സംഘപരിവാറും ശ്രമിക്കുന്നതെയന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടു കേരളത്തിൽ വർഗീയ കലാപത്തിനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. ഇതിനായി നുണകൾ പടച്ചുവിടുകയാണ്. 1991-ലാണു ഹൈക്കോടതി ശബരിമല യുവതി പ്രവേശനം തടഞ്ഞത്. അതിനുമുന്പ് അവിടെ യുവതികൾ പോയിരുന്നു. കുമ്മനം രാജശേഖരൻ ഇതേക്കുറിച്ചു തന്ത്രിക്കു കത്തയച്ചിരുന്നു. ഇതിന്‍റെ രേഖകളെല്ലാം ഹൈക്കോടതിയിലുണ്ട്. കോടതി വിധി നടപ്പാക്കുകയാണു സർക്കാറിന്‍റെ കടമ- മുഖ്യമന്ത്രി വ്യക്തമാക്കി.
സന്നിധാനത്തു വലിയ തോതിൽ സംഘർഷമുണ്ടാക്കാനായിരുന്നു ബിജെപിയുടെ ശ്രമം. പോലീസിന്‍റെ സംയമനമാണു പ്രശ്നങ്ങൾ ഇല്ലാതാക്കിയത്. വിശ്വാസം സംരക്ഷിക്കലല്ല ഇവരുടെ ഉദ്ദേശ്യമെന്നു സമൂഹം മനസിലാക്കണം. ചാതുർവർണ്യത്തെ പിന്തുണയ്ക്കുന്നവരാണ് ആർഎസ്എസ്. മാറിയ കേരളത്തെ ഉൾക്കൊള്ളാൻ ആർഎസ്എസിനു കഴിഞ്ഞിട്ടില്ല. നാടിന്‍റെ മതേതര പാരന്പര്യത്തെ തകർക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നതെന്നും കോഴിക്കോട് പൊതുയോഗത്തിൽ പിണറായി പറഞ്ഞു.
അതേസമയം ഇരുമുടിക്കെട്ടില്ലാതെ വൽസന്‍ തില്ലങ്കേരി പതിനെട്ടാം പടികയറി ആചാരലംഘനം നടത്തിയെന്ന ആക്ഷേപം അന്വേഷിക്കുമെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. പടിയില്‍ പിന്‍തിരിഞ്ഞുനിന്നതും ആചാര ലംഘനമാണെന്നു ബോർഡ് വ്യക്തമാക്കി. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ നിന്നത് അറിവില്ലായ്മകൊണ്ടാണെന്നു വൽസൻ തില്ലങ്കേരി പറഞ്ഞു. പടികയറിയ സാഹചര്യം ഒഴിവാക്കാമായിരുന്നു. ഇരുമുടിക്കെട്ടില്ലാതെ പടി കയറിയതിന് അയ്യപ്പൻ തന്നോടു ക്ഷമിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
സന്നിധാനത്തു ദേവസ്വം ബോർഡ് അംഗവും ആർഎസ്എസ് നേതാവും ആചാരലംഘനം നടത്തിയെന്ന ആക്ഷേപങ്ങൾക്കിടെ പ്രതികരണവുമായി ശബരിമല തന്ത്രി. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടുന്നത് ആചാര ലംഘനമാണെന്നു തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. പന്തളം രാജകുടുംബത്തിനും തന്ത്രിക്കും മേൽശാന്തിക്കും മാത്രമാണ് ഇരുമുടിക്കെട്ടില്ലാതെ കയറാൻ അനുവാദമുള്ളതെന്നും തന്ത്രി വ്യക്തമാക്കി.ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരിക്കു പിന്നാലെ ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കരദാസും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയതു ചർച്ചയായിരുന്നു. ഇരുമുടിക്കെട്ടില്ലാതെ ശങ്കരദാസ് പതിനെട്ടാംപടി കയറുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇരുവർക്കുമെതിരെ നടപടി വേണമെന്നു ഭക്തരും സംഘടനകളും ആവശ്യപ്പെട്ടു. ചിത്തിര ആട്ടത്തിരുനാള്‍ വിശേഷപൂജയ്ക്കായി ശബരിമല നട തുറന്നപ്പോഴായിരുന്നു സംഭവം.