ശബരിമല: പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ശബരിമലയില്‍ കര്‍ശന സുരക്ഷയൊരുക്കി പോലീസ്. ഇതിന്റെ ഭാഗമായി ഇത്തവണ കൃത്യമായി ഡ്രസ് കോഡ് പാലിക്കാന്‍ ഐ ജി വിജയ് സാക്കറെയുടെ നിര്‍ദ്ദേശം. പതിവില്‍ നിന്ന ് വിപരീതമായി പോലീസുകാര്‍ ഷൂ ധരിക്കണം, ബെല്‍റ്റും തൊപ്പിയും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഷര്‍ട്ട് ഇന്‍സേര്‍ട്ട് ചെയ്യാനും വിജയ് സാക്കറെയുടെ നിര്‍ദ്ദേശമുണ്ട്.
എന്നാല്‍ പതിനെട്ടാം പടിയിലും സോപാനത്തും മാത്രം ഇളവ് നല്‍കിയിട്ടുണ്ട്. മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട തുറക്കാനിരിക്കെ ശബരിമലയില്‍ വന്‍ പൊലീസ് വിന്യാസമാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. അന്‍പത് വയസു പിന്നിട്ട വനിതാ പൊലീസ് സംഘത്തെ സന്നിധാനത്ത് എത്തിച്ചിട്ടുണ്ട്. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ലോക്നാഥ് ബെഹ്റയും നിലയ്ക്കലില്‍ എത്തിയിട്ടുണ്ട്.
നിലയ്ക്കലില്‍ വനംവകുപ്പ് പ്രത്യേക ചെക്പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. നിലയ്ക്കലിലേക്കുള്ള വാഹനങ്ങള്‍ ഇലവുങ്കലില്‍ തടയും. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇന്ന് ഇലവുങ്കല്‍ മാത്രമാണ് പ്രവേശനം. പത്ത് മണിക്ക് ശേഷം മാത്രം ഭക്തരെ നിലയ്ക്കലിലേക്ക് കടത്തിവിടാനാണ് പൊലീസ് തീരുമാനം. എരുമേലിയില്‍ തീര്‍ഥാടകരുടെ വാഹനങ്ങള്‍ പൊലീസ് തടഞ്ഞിട്ടുണ്ട്. പമ്പയില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.