കോഴിക്കോട്: ശബരിമലയില്‍ യുവതികള്‍ എത്തുന്നതിന് ഏകോപനം നല്‍കുന്ന ഫേസ്ബുക്ക് കൂട്ടായ്മയ്‌ക്കെതിരെ സംഘപരിവാറിന്റെ വ്യാജ പ്രചരണം. ശബരിമല തീര്‍ത്ഥാടനം നടത്താന്‍ ആഗ്രഹിക്കുന്നവരെ ക്ഷണിച്ചു കൊണ്ട് ഗ്രൂപ്പില്‍ വന്ന പോസ്റ്റ്, ‘ആര്‍ത്തവകാലത്ത്’ ശബരിമല തീര്‍ത്ഥാടനം ആഗ്രഹിക്കുന്നവര്‍ എന്നാക്കി മാറ്റി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു സംഘപരിവാര്‍. കലാപം ലക്ഷ്യം വെച്ച് സംഘപരിവാര്‍ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് ഈ വ്യാജ പ്രചാരണം.
ജനുവരിയില്‍ ശബരിമല തീര്‍ത്ഥാടനം ആഗ്രഹിക്കുന്ന യുവതികള്‍ വാട്സാപ്പ് ചെയ്യുക എന്നായിരുന്നു യഥാര്‍ത്ഥ പോസ്റ്റിന്റെ ഉള്ളടക്കം. എന്നാല്‍ ജനുവരിയില്‍ ആര്‍ത്തവകാലത്ത് ശബരിമല തീര്‍ത്ഥാടനം ആഗ്രഹിക്കുന്ന യുവതികള്‍ വാട്സാപ്പ് ചെയ്യുക എന്നാക്കി മാറ്റി അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു സംഘപരിവാര്‍ അനുകൂലികള്‍.
വിശ്വാസികളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള കൂട്ടായ്മയായ ഈ ഗ്രൂപ്പിന്റെ പേരില്‍ വന്ന ഇത്തരം ഒരു പോസ്റ്റ് സാധാരണക്കാരെ പ്രകോപിപ്പിക്കുന്ന തരത്തിലാണെന്ന് ഗ്രൂപ്പിന് തുടക്കമിട്ട ശ്രേയസ് കണാരന്‍ മാധ്യമങ്ങളോട് പറഞ്ഞു.സൈബര്‍ സെല്ലിലും പരാതി നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.