കോട്ടയം : ചിത്തിര ആട്ടവിശേഷത്തിന് നടതുറക്കുന്നതിന് മുന്നോടിയായി നിലക്കൽ ,പമ്പ ,സന്നിധാനം ,ഇലവുങ്കൽ എന്നിവിടങ്ങളിൽ ഇന്ന് അർദ്ധ രാത്രി മുതൽ ആറിന് രാത്രിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു മുതല്‍ നടയടയ്ക്കുന്നതു വരെ നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളിളാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത് . തീര്‍ഥാടകരെ അഞ്ചിനു രാവിലെ എട്ടര കഴിഞ്ഞ്, സുരക്ഷാ പരിശോധനയ്ക്കു ശേഷമേ നിലയ്ക്കലില്‍നിന്നും സന്നിധാനത്തേക്കു കടത്തിവിടൂ. ഭക്തരല്ലാത്ത ആരെയും പമ്പയിലേക്കോ സന്നിധാനത്തേക്കോ കടത്തിവിടുകയോ തങ്ങാന്‍ അനുവദിക്കുകയോ ചെയ്യില്ല. ശബരിമലയും പരിസരപ്രദേശങ്ങളും പ്രത്യേക സുരക്ഷാ മേഖലയായി കണക്കാക്കി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടിയുണ്ടാകുമെന്നു ജില്ലാ പോലീസ് മേധാവി അറിയിച്ചു.മാധ്യമങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചിന് രാവിലെ മാത്രമേ മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കൂ. ഇന്ന് രാവിലെ മുതൽ പത്തനംതിട്ട ജില്ലയിൽ ശക്തമായ പൊലീസ് കാവലും ഉണ്ടാകും.
ദക്ഷിണമേഖലാ എ.ഡി.ജി.പി. അനില്‍ കാന്തിന്റെ നേതൃത്വത്തില്‍ രണ്ട് ഐ.ജിമാര്‍, അഞ്ച് എസ്.പിമാര്‍, 10 ഡിെവെ.എസ്.പിമാര്‍ എന്നിവരുള്‍പ്പെടെ 1200 പോലീസ് ഉദ്യോഗസ്ഥരെയാണ് ഇന്നു മുതല്‍ വടശേരിക്കര, നിലയ്ക്കല്‍, പമ്പ, സന്നിധാനം സെക്ടറുകളിലായി ഡ്യൂട്ടിക്കു നിയോഗിച്ചിരിക്കുന്നത്. ഇത്രയും പോലീസ് വിന്യാസം ശബരിമലയില്‍ ആദ്യമായാണ്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ നിര്‍ണായക യോഗം ഇന്ന് അങ്കമാലിയിലെ തന്ത്രി സമാജം കേന്ദ്ര ഓഫീസില്‍ ചേരും.
രാവിലെ 11-നു തുടങ്ങുന്ന യോഗത്തില്‍ താഴമണ്‍ തന്ത്രിമാരും പങ്കെടുക്കും. എറണാകുളത്തു നേരത്തേ ചേര്‍ന്ന യോഗം നിലപാട് വ്യക്തമാക്കിയിട്ടും സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണു തന്ത്രിമാര്‍ വീണ്ടും സമ്മേളിക്കുന്നത്. വാര്‍ഷിക പൊതുയോഗമെന്ന നിലയിലാണ് ഇന്നത്തെ യോഗമെങ്കിലും ശബരിമലയാകും പ്രധാനവിഷയം. തന്ത്രിമാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ആരോപമുയര്‍ന്നതോടെയാണു താഴമണ്‍ തന്ത്രിമാര്‍ ഇന്നു യോഗത്തിനെത്തുന്നത്.
ഒരു ദിവസത്തേക്ക് മാത്രമാണ് നട തുറക്കുന്നത്. ഇത് കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. മണ്ഡല-മകര വിളക്ക് കാലത്തേക്കുള്ള പൊലീസ് വിന്യാസം എങ്ങനെ വേണമെന്ന് നേരത്തെ ഡിജിപിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് തീരുമാനം എടുത്തിരുന്നു.വടശേരിക്കര മുതൽ സന്നിധാനം വരെ നാലു മേഖലകളായി തിരിച്ച് സുരക്ഷ ഉറപ്പ് വരുത്താനാണ് പൊലീസിന്‍റെ തീരുമാനം. ദക്ഷിണ മേഖല എഡിജിപി അനിൽകാന്ത് ഉൾപ്പടെ മുഴുവൻ ഉദ്യോഗസ്ഥരും ഇന്ന് മുതൽ സന്നിധാനത്തും പമ്പയിലും നിലയ്ക്കലുമായി നിലയുറപ്പിക്കും.അഞ്ചാം തീയതി ശബരിമല ദര്‍ശനത്തിനു യുവതികളെത്തിയാല്‍ സുരക്ഷ ഒരുക്കാന്‍ പൊലീസ് സുസജ്ജമെന്ന് പത്തനംതിട്ട എസ്പി ടി. നാരായണൻ നേരത്തെ അറിയിച്ചിരുന്നു.
അതേസമയം ദെവത്തിലും ക്ഷേത്രചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വാസമില്ലാത്തവര്‍ അത്തരം കാര്യങ്ങളില്‍ ഇടപെട്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്ന് കൊച്ചിയില്‍ ചേര്‍ന്ന െഹെന്ദവ ധര്‍മ്മ ആചാര്യ സംഗമം ആവശ്യപ്പെട്ടു. ക്ഷേത്രത്തിനകത്തെ കാര്യങ്ങളില്‍ ഇടപെടുന്നതില്‍നിന്നും ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങളില്‍നിന്നും ഭരണകൂടം വിട്ടുനില്‍ക്കണം. ക്ഷേത്രവിധികള്‍ ഈശ്വരസാന്നിധ്യത്തെ ആശ്രയിച്ചുള്ളതാണെന്നും ഈശ്വരസാന്നിധ്യത്തെക്കുറിച്ചു വിധി പറയാന്‍ ഒരു കോടതിക്കും കഴിയില്ലെന്നും യോഗത്തില്‍ പങ്കെടുത്ത െഹെന്ദവാചാര്യന്മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പൂജാരിമാരെ വിലകുറഞ്ഞ തരത്തില്‍ അപമാനിച്ച മന്ത്രിയുടെ നടപടി ഖേദകരമാണ്.