പൊന്നമ്പലമേട്ടിലെ ഒരു ഗുഹയില്‍ കണ്ടന്റേയും കറുത്തമ്മയുടേയും മകനായി അയ്യപ്പന്‍ ജനിച്ചു.1970ൽ മലയരയരെയും പൊലീസും ദേവസ്വവും ചേര്‍ന്ന് ഇതുപോലെ തല്ലിയോടിച്ചത്:പികെ സജീവ്

കൊച്ചി:ചാനൽ ചർച്ചകളിൽ മറ്റുള്ളവരെ പരിഹസിക്കുകയും സംസാരിക്കാൻ പോലും അനുവദിക്കാതെ ഇടയിൽ കയറി ഘോരഘോരം വാദിക്കുന്ന രാഹുൽ ഈശ്വറും ദീപാ രാഹുൽ ഈശ്വരേയുമൊക്കെ നിശബ്ദമാക്കുന്ന പ്രധാന ഗോത്ര വിഭാഗമായ മലയരയ ജനതയുടെ പ്രതിനിധിയും, മലയരയ മഹാസഭയുടെ നേതാവുമായ ചരിത്ര ഗവേഷകൻ പി.കെ സജീവ് ശബരിമലയിൽ ആദിവാസി സമൂഹത്തിനുണ്ടായിരുന്ന പിൽക്കാല അവകാശങ്ങൾ ഒന്നൊന്നായി ചരിത്ര വസ്തുതയുടെ പിൻബലത്തിൽ നിരത്തുന്നു.

അയ്യപ്പനെക്കുറിച്ചുള്ള മലയരയരുടെ വിശ്വാസം ഇങ്ങനെയാണ് …

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

“1100ന്റെ ആദ്യദശകത്തിലാണ് അയ്യപ്പന്‍ ജനിക്കുന്നത്. ഗോത്രവിഭാഗമായ മലയരയര്‍ ചോളന്‍മാരാല്‍ ആക്രമിക്കപ്പെട്ടിരുന്ന കാലഘട്ടമായിരുന്നു അത്. മക്കളില്ലാത്ത കണ്ടന്‍, കറുത്തമ്മ എന്നീ മലയരയ ദമ്പതികള്‍ തങ്ങളുടെ പുരോഹിതനായ കോര്‍മനെ കണ്ടു. 41 ദിവസം ഇരുവരും വ്രതം നോക്കണമെന്നും അതിന് ശേഷം ഇരുവര്‍ക്കും പോരാളിയായ ഒരു പുത്രന്‍ ജനിക്കുമെന്നും കോര്‍മന്‍ പറഞ്ഞു. കോര്‍മന്റെ പ്രവചനപ്രകാരം പൊന്നമ്പലമേട്ടിലെ ഒരു ഗുഹയില്‍ കണ്ടന്റേയും കറുത്തമ്മയുടേയും മകനായി അയ്യപ്പന്‍ ജനിച്ചു. കണ്ടന്റെ മകനായതുകൊണ്ടാണ് ചെറിയ കണ്ടന്‍ എന്നര്‍ത്ഥമുള്ള ‘മണികണ്ടന്‍’ എന്ന പേരുവന്നത്. (മണികണ്ഠന്‍ അല്ല). പിന്നീട് ചീരപ്പന്‍ചിറ എന്ന ഈഴവകുടുംബത്തില്‍ നിന്ന് അയ്യപ്പന്‍ അയോധനകല അഭ്യസിച്ചു. ഇതിനിടെ തന്നോട് പ്രണയം വെളിപ്പെടുത്തിയ പെണ്‍കുട്ടിയോട് തന്റെ ലക്ഷ്യം ഗോത്രത്തിന് വേണ്ടി പോരാടുക എന്നത് മാത്രമാണെന്ന് പറഞ്ഞ് അയ്യപ്പന്‍ ഒഴിഞ്ഞു. അയ്യപ്പന് കീഴില്‍ അണി നിരന്ന മലയരഗോത്രവര്‍ഗം ചോള അധിനിവേശം ശക്തമായി പ്രതിരോധിച്ചു. മലയരയരുടെ അനേകം ഇരട്ടി വരുന്ന ചോളസൈന്യത്തെ അയ്യപ്പന്‍ യുദ്ധതന്ത്രം കൊണ്ട് തുരത്തി. ശേഷം അദ്ദേഹം യോഗനിദ്രയിലാഴുകയും അവിടെ നേരത്തെയുണ്ടായിരുന്ന ബുദ്ധ പ്രതിഷ്ഠയില്‍ വിലയം പ്രാപിക്കുകയും ചെയ്തു. മലയരയ ഗോത്രം അയ്യപ്പനെ ആരാധിച്ചു. 41 ദിവസം വ്രതമെടുക്കുന്ന മലയരയര്‍ കാട്ടില്‍ പോയി ചെറുതേന്‍ ശേഖരിച്ച് വൃശ്ചികം ഒന്നിന് അയ്യപ്പവിഗ്രഹത്തില്‍ അഭിഷേകം ചെയ്യുകയും മകരസംക്രാന്തി ദിനത്തില്‍ ആരതി ഉഴിയുകയും മറ്റ് ആചാരങ്ങള്‍ നടത്തുകയും ചെയ്തുപോന്നു.”

ശബരിമലക്ഷേത്രം തന്ത്രികുടുംബം തട്ടിയെടുത്തതാണെന്ന് മലയരയ സഭ. ശബരിമലക്ഷേത്രം താഴ്‌മൺ കുടുംബം മലയരയവിഭാഗത്തില്‍ നിന്ന് തട്ടിയെടുത്ത് ബ്രാഹ്മണവല്‍ക്കരിച്ചതാണെന്ന് ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ചരിത്ര ഗവേഷകനുമായ പികെ സജീവ്. നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ പ്രാചീന ആചാരങ്ങള്‍ തട്ടിപ്പറിച്ചവരാണ് ഇപ്പോള്‍ ആചാരം സംരക്ഷിക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നതെന്ന് പികെ സജീവ് പറഞ്ഞു. ശബരിമലയിലേയും കരിമലയിലേയും ക്ഷേത്രങ്ങളുടെ നടത്തിപ്പുകാര്‍ മലയരയവിഭാഗമായിരുന്നു. 1902ല്‍ താഴ്‌മൺ കുടുംബം ഇത് അട്ടിമറിച്ച് ആരാധനയില്‍ അധികാരം സ്ഥാപിച്ചു.PK SAJEEV -AYYAPPAN

ബ്രാഹ്മണൻറെ ആചാരം സംരക്ഷിക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നവര്‍ പ്രാചീന ആചാരങ്ങള്‍ സംരക്ഷിക്കാത്തതെന്താണ്? കാലാകാലങ്ങളായി മലയരവിഭാഗമാണ് കരിമലക്ഷേത്രത്തിലും ശബരിമലക്ഷേത്രത്തിലും ആരാധന നടത്തിയിരുന്നത്. 1902ല്‍ തന്ത്രി കുടുംബം ശബരിമലയിലെ ആരാധനാ അവകാശം പൂര്‍ണമായും തട്ടിപ്പറിച്ചെടുത്തു. തേനഭിഷേകം നിര്‍ത്തിച്ചു. മലയരയര്‍ എന്നിട്ടും പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിയിക്കുന്നത് തുടര്‍ന്നു. അവിടെ നിന്ന് ഞങ്ങളെ ആട്ടിയോടിച്ചു. ശബരിഗിരി പദ്ധതി വന്നതിന് ശേഷം ജ്യോതി തെളിയിക്കാനായി ദേവസ്വം അധികൃതര്‍ കെഎസ്ഇബിയെ ചുമതലപ്പെടുത്തി. എന്നിട്ടും വര്‍ഷങ്ങള്‍ക്ക് ശേഷം പുല്ലുമേട് ദുരന്തമുണ്ടായപ്പോള്‍ അത് മലയരയരുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമമുണ്ടായി.

41 ദിവസത്തെ വ്രതവും പതിനെട്ടാം പടിയുമെല്ലാം പിന്നീട് ബ്രാഹ്മണവല്‍ക്കരിക്കപ്പെട്ടതാണ്. വ്യക്തമായ തെളിവുകളോടെ തങ്ങള്‍ ചരിത്രം പറയുമ്പോഴൊക്കെ ദുരാരോപണങ്ങളുമായാണ് മലയരയരെ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലയ്ക്കല്‍ മഹാദേവക്ഷേത്ര ഭൂമിയും മുമ്പ് മലയരയ സമുദായത്തിന്റേതായിരുന്നെന്ന് പികെ സജീവ് പറഞ്ഞു. ശബരിമലയിലെ 18 പടികള്‍ മലയരയര്‍ അധിവസിച്ചിരുന്ന 18 മലകളെയാണ് സൂചിപ്പിക്കുന്നത്. ഹിന്ദു മിഥോളജിയില്‍ അത്ര പ്രധാനമല്ലാത്ത അക്കമാണ് 18. ശബരിമല ക്ഷേത്രത്തില്‍ മാത്രം എങ്ങനെ അതൊരു പ്രത്യേക അക്കമായി വന്നു? എല്ലാം പിന്നീട് പകര്‍ത്തിയെടുത്തതാണ്. കരിമലയില്‍ നിന്ന് മലയരയരെ പൊലീസും ദേവസ്വവും ചേര്‍ന്ന് തല്ലിയോടിച്ചത് 1970ലാണ്. ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടെയുണ്ട്. ശിലകള്‍ക്കും പ്രതിഷ്ഠയ്ക്കും സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ അവരിതെല്ലാം ഉറക്കെ വിളിച്ചുപറഞ്ഞേനെ.

1875ല്‍ സാമുവല്‍ മറ്റീര്‍ എന്ന സിഎസ്‌ഐ മിഷണറി ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഗവേഷണം നടത്തിയിരുന്നു. 1883ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച ‘നേറ്റീവ് ലൈഫ് ഇന്‍ ട്രാവന്‍കൂര്‍’ എന്ന പുസ്തകത്തില്‍ പണ്ടത്തെ മലയരയ നാഗരികതയേക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ചരിത്രമാണത്. പതിനെട്ടു മലകളിലായി താമസിച്ചിരുന്ന ഈ വിഭാഗത്തിന് അനേകം ക്ഷേത്രങ്ങളുണ്ടായിരുന്നെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്.

നാല് മലകളില്‍ ഇപ്പോഴും മലയരയര്‍ താമസിക്കുന്നുണ്ട്. ശബരിമല ക്ഷേത്രത്തിന് സമീപത്തുള്ള വനപ്രദേശങ്ങളില്‍ മലയരയ നാഗരികതയുടെ തെളിവുകളുണ്ട്. കല്ലുകൊണ്ട് നിര്‍മ്മിച്ച ശവക്കല്ലറകളുടെ അവശിഷ്ടങ്ങളുമുണ്ട്. ആര്‍ക്കിയോളജി വകുപ്പ് ഇവിടെ പഠനം നടത്തിയാല്‍ ഇക്കാര്യങ്ങളെല്ലാം കൂടുതല്‍ വ്യക്തമാകുമെന്നും പികെ സജീവ് ചൂണ്ടിക്കാട്ടി.

Top