ശബരിമല സ്ത്രീ പ്രവേശന വിധിയെ എതിര്‍ത്ത് നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തുറന്ന കോടതിയില്‍ വാദം കള്‍ക്കാനായി മാറ്റി. 2019 ജനുവരി 22നാകും ഹര്‍ജികള്‍ പരിഗണിക്കുക. എന്നാല്‍ നിലവിലെ വിധി സ്റ്റേ നല്‍കിയിട്ടില്ല. മണ്ഡലം മകരവിളക്ക് കാലത്ത് സ്ത്രീകള്‍ ശബരിമലയലില്‍ എത്തുന്നതിന് അനുവാദം ഉണ്ടാകുന്ന നിലയിലാണ് വിധി വന്നിരിക്കുന്നത്.
സെപ്റ്റംബര്‍ 28ലെ വിധി നിലനില്‍ക്കും എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച റിട്ട്, റിവ്യൂ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് തീരുമാനമെടുത്തത്. എല്ലാ കക്ഷികള്‍ക്കും സര്‍ക്കാരിനും നോട്ടീസ് അയക്കാനും തീരുമാനിച്ചു.
ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷവിധിയില്‍ വ്യക്തമാക്കിയത്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റന്‍ നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ യുവതീപ്രവേശത്തെ അനുകൂലിച്ചു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എതിര്‍ത്തു. വിധി പറഞ്ഞ ബെഞ്ച് തന്നെയാണ് പുനഃപരിശോധനാ ഹര്‍ജികളും പരിശോധിക്കുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാല്‍, പുനഃപരിശോധനാ ബെഞ്ചിലെ അഞ്ചാമത്തെയാളും അധ്യക്ഷനുമായി ചീഫ് ജസ്റ്റിസ് ഗൊഗോയ് എത്തി.