ന്യൂഡല്‍ഹി: അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി രാജ്യസഭയില്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റ ക്രിക്കറ്റ് ഇതിഹാസത്തിന് കോണ്‍ഗ്രസ് എംപിമാരുടെ ബഹളത്തെ തുടര്‍ന്ന് സംസാരിക്കാനായില്ല. സഭയില്‍ സാധിക്കാതിരുന്ന തന്റെ പ്രസംഗം ഫെയ്‌സ്ബുക്ക് ലൈവിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം. നിമിഷങ്ങള്‍ക്കകം വീഡിയോ വൈറലായിക്കഴിഞ്ഞു. കളിക്കാനുള്ള അവകാശത്തെയും രാജ്യത്തിന്റെ കായികഭാവിയെയും കുറിച്ചു ഹ്രസ്വചര്‍ച്ച തുടങ്ങിവയ്ക്കാനായിരുന്നു സച്ചിന്റെ ശ്രമം. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-പാക് ബന്ധം ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വച്ചതോടെയാണ് സച്ചിന്റെ പ്രസംഗം തടസ്സപ്പെട്ടത്.
സഭാധ്യക്ഷന്‍ എം.വെങ്കയ്യ നായിഡു സച്ചിനെ വിളിക്കാനൊരുങ്ങിയപ്പോള്‍ 2ജി പ്രശ്‌നമുന്നയിച്ചു സമാജ്‌വാദി നേതാവ് നരേഷ് അഗര്‍വാള്‍ ക്രമപ്രശ്‌നമുന്നയിച്ചു. പിന്നാലെ, രാജ്യത്തെ തെറ്റിദ്ധരിപ്പിച്ച പ്രധാനമന്ത്രി മാപ്പു പറയണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് അംഗങ്ങള്‍ സഭ സ്തംഭിപ്പിക്കുകയായിരുന്നു. രാജ്യസഭയിലെ അസാന്നിധ്യത്തിന് ഒട്ടേറെ വിമര്‍ശനം നേരിട്ടയാളാണ് ഭാരതരത്‌ന ജേതാവ് കൂടിയായ സച്ചിന്‍. ആദ്യമായാണു സഭയില്‍ അദ്ദേഹം നോട്ടീസ് നല്‍കിയത്. എന്നാല്‍, പ്രസംഗിക്കാന്‍ സാധിക്കാത്തത് സച്ചിനെ വിഷമിപ്പിച്ചു. തുടര്‍ന്നാണ് താരം ഫെയ്‌സ്ബുക് ലൈവില്‍ പ്രത്യക്ഷപ്പെട്ടത്.
ഇന്നലെ ചില കാര്യങ്ങള്‍ സഭയില്‍ പറയണമെന്നുണ്ടായിരുന്നു. പക്ഷെ സാധിച്ചില്ല’ എന്ന മുഖവുരയോടെയാണ് സച്ചിന്‍ തുടങ്ങിയത്. ‘കളികള്‍ ഇഷ്ടപ്പെടുന്ന രാജ്യം എന്ന നിലയില്‍നിന്നു കളിക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റുക’ എന്നതാണ് ആഗ്രഹമെന്നും ശാരീരികക്ഷമതയ്ക്ക് പ്രഥമ പരിഗണന കൊടുക്കണമെന്നും സച്ചിന്‍ പ്രസംഗത്തില്‍ പറയുന്നുണ്ട്.
‘ഞാന്‍ സ്‌പോര്‍ട്‌സ് ഇഷ്ടപ്പെടുന്നു. ക്രിക്കറ്റായിരുന്നു എന്റെ ജീവിതം. എന്റെ പിതാവ് പ്രഫ. ഉമേഷ് തെന്‍ഡുല്‍ക്കര്‍ സാഹിത്യകാരനായിരുന്നു. എന്തുവേണമെങ്കിലും ജീവിതത്തില്‍ തെരഞ്ഞെടുക്കാന്‍ അദ്ദേഹം സ്വാതന്ത്ര്യവും പിന്തുണയും നല്‍കി. കളിക്കാനുള്ള സ്വാതന്ത്ര്യമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സമ്മാനം. അത് കളിക്കാനുള്ള അവകാശം കൂടിയായിരുന്നു. ആരോഗ്യമുള്ള ഇന്ത്യയാണ് എന്റെ ലക്ഷ്യം. ലോകത്തില്‍ പ്രമേഹത്തിന്റെ തലസ്ഥാനമാണ് ഇന്ത്യ. 75 ദശലക്ഷം പേരാണ് പ്രമേഹത്തോടു മല്ലിടുന്നത്.
‘അമിതവണ്ണത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ മൂന്നാമതാണ് നമ്മള്‍. ഇതുപോലുള്ള രോഗങ്ങളെ തുടര്‍ന്നുള്ള സാമ്പത്തിക ബാധ്യത രാജ്യത്തിന്റെ പുരോഗതിക്കു തടസ്സമാണ്. പലപ്പോഴും ഭക്ഷണത്തിനു മുന്നില്‍ നമ്മള്‍ കായികക്ഷമതയെ ഒഴിവാക്കുന്നു. ഈ ശീലം മാറണം. നമ്മളില്‍ കൂടുതല്‍പേരും ഇതെല്ലാം ചര്‍ച്ച ചെയ്യുന്നുണ്ട്. പക്ഷേ യാഥാര്‍ഥ്യത്തോടടുക്കുമ്പോള്‍ ഒന്നും ചെയ്യുന്നില്ല. രാജ്യത്തെ കായിക സംസ്‌കാരം കൂടുതലാളുകളെ ഉള്‍ക്കൊള്ളിച്ച് സജീവമാക്കി വികസിപ്പിക്കേണ്ടതുണ്ട്. ‘വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മികച്ച കായിക സംസ്‌കാരമുണ്ട്. ജനസംഖ്യയുടെ നാല് ശതമാനമേ ഉള്ളൂവെങ്കിലും അവരുടെ കായിക താല്‍പര്യം ആകര്‍ഷകമാണ്. ബോക്‌സിങ് താരം മേരി കോം, ഫുട്‌ബോള്‍ താരം ബൈചുങ് ബൂട്ടിയ, മിരാഭായ് ചാനു, ദീപ കര്‍മാകര്‍ ഉള്‍പ്പെടെ എത്രയോ കായികതാരങ്ങളെ അവര്‍ സംഭാവന ചെയ്തിരിക്കുന്നു’ 15.30 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ സച്ചിന്‍ വിശദീകരിച്ചു.
സ്‌കൂള്‍ കരിക്കുലത്തില്‍ കായികമേഖലയെ ചേര്‍ക്കുക, രാജ്യാന്തര മെഡല്‍ ജേതാക്കളെ ദേശീയ ആരോഗ്യ ഗ്യാരണ്ടി പദ്ധതിയില്‍ (സിജിഎച്ച്എസ്) ഉള്‍പ്പെടുത്തുക തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ സച്ചിന് പദ്ധതിയുണ്ടായിരുന്നു. 2012ല്‍ കോണ്‍ഗ്രസാണ് സച്ചിനെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തത്. നാമനിര്‍ദേശം ചെയ്യപ്പെട്ട എംപിമാരില്‍ 98 ശതമാനം ഫണ്ടും ചെലവാക്കിയ വ്യക്തിയാണ് സച്ചിന്‍. രണ്ട് ഗ്രാമങ്ങളും ദത്തെടുത്തിട്ടുണ്ട്. സഭയില്‍ ഹാജരാകാറില്ലെന്ന വിമര്‍ശനം മറികടന്ന് പ്രസംഗിക്കാന്‍ ഒരുങ്ങിയ താരത്തിനു പക്ഷേ അത് സാധിക്കാനായില്ല.