സാഫില്‍ ഇന്ത്യ സേഫ്: ഏഴാം തവണയും കിരീടം ഇന്ത്യ പിടിച്ചെടുത്തു

തിരുവനന്തപുരം: എക്‌സ്ട്രാ ടൈമില്‍ നിലവിലെ ചാമ്പ്യന്മാരായ അഫ്ഗാനിസ്ഥാനെ അട്ടിമറിച്ച് ആതിഥേയരായ ഇന്ത്യ സാഫ് കപ്പ് ഫുട്‌ബോളില്‍ കിരീടം തിരിച്ചുപിടിച്ചു. ഒന്നിന് എതിരെ രണ്ട് ഗോളുകള്‍ക്കാണ് വിജയം. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാനിറങ്ങിയ ഇന്ത്യയ്ക്ക് ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് വിജയഗോള്‍ സമ്മാനിച്ചത്.
കരുത്തരെന്ന മുഖവുരയോടെ ഗ്രൗണ്ടിലിറങ്ങിയ അഫ്ഗാനിസ്ഥാനെ സമ്മര്‍ദങ്ങളുമായാണ് ഇന്ത്യ നേരിട്ടത്. സെമിയില്‍ ശ്രീലങ്കയെ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ച അഫ്ഗാന്‍ സീസണിലെ വിജയം നേരത്തെ ഉറപ്പിച്ചെങ്കിലും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ഇന്ത്യയെ നേരിടുന്നതില്‍ പിഴച്ചു. വാശിയേറിയ മത്സരത്തില്‍ ആക്രമിച്ചും പ്രതിരോധിച്ചും ഇരുടീമുകളും കളം നിറഞ്ഞപ്പോള്‍ ആദ്യ പകുതി ഗോള്‍ രഹിതമായി.
70ാം മിനിറ്റില്‍ അഫ്ഗാനിസ്ഥാനുവേണ്ടി സുബൈര്‍ അമീര്‍ ലക്ഷ്യം കണ്ടതോടെയാണ് മത്സരത്തിന്റെ ഗതി മാറിയത്. അപ്രതീക്ഷിതമായി പിറന്ന ഗോള്‍ ഇന്ത്യന്‍ ടീമിന്റെ താളം തെറ്റിച്ചപ്പോള്‍ ക്യാപ്റ്റന്റെ ഉത്തരവാദിത്വം മികച്ച രീതിയില്‍ വിനിയോഗിച്ച സുനില്‍ ഛേത്രി ഇവിടെയും ഇന്ത്യയ്ക്ക് രക്ഷകനായി. ഛേത്രി ഹെഡ് ചെയ്ത പന്തിന് ജെജെ വഴികാട്ടിയായപ്പോള്‍ തൊട്ടടുത്ത മിനിട്ടില്‍ അഫ്ഗാന്റെ ഗോള്‍വല കുലുങ്ങി. ഗോള്‍നില 11.
രണ്ടാം പകുതിയില്‍ പിന്നീട് ഗോളൊന്നും പിറക്കാതിരുന്നതോടെ കളി സമനിലയില്‍ എത്തുകയും മത്സരം എക്‌സ്ട്രാ ടൈമിലേക്കും നീണ്ടു. വാശിയേറിയ മത്സരത്തിനൊടുവില്‍ ക്യാപ്റ്റന്റെ കടമ പൂര്‍ത്തിയാക്കി സുനില്‍ ഛേത്രി വിജയഗോള്‍ കണ്ടതോടെ കഴിഞ്ഞ തവണ ഫൈനലില്‍ നഷ്ടപ്പെട്ട കിരീടം ഇന്ത്യ സ്വന്തം മണ്ണില്‍ തിരിച്ചുപിടിച്ചു. ഇതോടെ സാഫ് കപ്പിലെ ഏഴാം കിരീടമാണ് ഇന്ത്യ സ്വന്തമാക്കിയത്. സാഫ് കപ്പിലെ ഇന്ത്യയുടെ പത്താം ഫൈനലാണ് ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ അരങ്ങേറിയത്.

Top