സാഫില്‍ അയല്‍ക്കാരുടെ പോരാട്ടം: അഫ്ഗാന്‍ കടക്കാന്‍ ഇന്ത്യന്‍ പട

തിരുവനന്തപുരം: പാവപ്പെട്ട മാലദ്വീപിനെ പെട്ടിയില്‍ നിക്ഷേപിച്ച മൂന്നു ഗോളിന്റെ ഇന്ററെസ്റ്റ് മാത്രം മതിയാവില്ല കരുത്തരായ അഫ്ഗാനെതിരെ ഇന്ത്യന്‍ സംഘത്തിനു കടന്നു കൂടാന്‍. ഇടിവെട്ടും മഴയും ഒന്നിച്ചു പെയ്ത സെമിയില്‍ ശ്രീലങ്കയെ ഗോളില്‍ മുക്കിയെത്തുന്ന അഫ്ഗാന്‍ ഇന്ത്യയ്ക്കു കനത്ത വെല്ലുവിളി തന്നെയാകും.

ഇന്ത്യയുടെ സെമി ഫൈനല്‍ കാണാന്‍ തിങ്ങി നിറഞ്ഞ കാണികള്‍ക്കു മുന്നില്‍ അന്താരാഷ്ട്ര നിലവാരത്തിന്റെ ഏഴയലത്തുപോലും എത്താത്ത കളിയാണ് ഇന്ത്യ കാഴ്ചവെച്ചത്. ആദ്യ ഇലവനില്‍ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. അര്‍ണോബ് മൊണ്ഡലും, ജെജെ ലാല്‍പെഖുലയും ആധ്യ ഇലവനില്‍ സ്ഥാനം പിടിച്ചു. കഴിഞ്ഞ മത്സരത്തില്‍ ഗോള്‍വലകാത്ത സുപ്രതോ പോളിനു പകരം ഗുര്‍പ്രീത് സിങ് മടങ്ങിയെത്തി. ആദ്യ പകുതിയില്‍ മുന്‍തൂക്കം ഇന്ത്യക്കായിരുന്നു. എന്നാല്‍ ഈ മുന്‍തൂക്കം മുഴുവനായി മുതലാക്കാന്‍ സാധിച്ചില്ല.
14 കോര്‍ണര്‍ കിക്കുകളാണ് ഇന്ത്യക്കനുകൂലമായി ലഭിച്ചത് ഇതില്‍ ഒന്നുപോലും വലയിലെത്തിക്കാന്‍ സാധിച്ചില്ല. മൂന്നു കോര്‍ണര്‍ കിക്കുകള്‍ മാത്രം ലഭിച്ച മാലി അവയില്‍ ഒന്ന് ഇന്ത്യന്‍ വലയില്‍ നിക്ഷേപിക്കുകയും ചെയ്തു. കളിയുടെ നാലാം മിനിറ്റില്‍ത്തന്നെ മാലദ്വീപിന്റെ ഫസീര്‍ അലി എടുത്ത ഫ്രീകിക്ക് കൃത്യമായി ഇന്ത്യന്‍ പോസ്റ്റിനെ ലക്ഷ്യമാക്കിയെത്തിയെങ്കിലും ഗോളി ഗുര്‍പ്രീത് സിങ് കൈപ്പിടിയിലൊതുക്കി.
11ാം മിനിറ്റില്‍ ബോക്‌സിലെ തിരിക്കിനിടിയിലൂടെ അര്‍ണോബ് മൊണ്ഡലിന്റെ ഇടംകാലന്‍ ഗ്രൗണ്ടര്‍ ജെജെയുടെ കാലില്‍തട്ടി മാലദ്വീപ് വലയില്‍ കയറി. ഗ്യാലറി ആര്‍ത്തുവിളിച്ചെങ്കിലും ജെജെക്കെതിരെ ലൈന്‍ റഫറി ഓഫ് സൈഡ് ഫ്‌ളാഗ് ഉയര്‍ത്തിയതോടെ ഗ്യാലറി നിശബ്ദമായി. 19ാം മിനിറ്റിലും ഇന്ത്യുടെ മികച്ച ഒരു മുന്നേറ്റം കണ്ടു. ബോക്‌സിനുള്ളില്‍ രണ്ടു മാലദ്വീപ് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ സുനില്‍ഛേത്രി നല്‍കിയ ഷോട്ട് പാസില്‍ ബികാസ് ജൈറു ഉതിര്‍ത്ത ഇടംകാലന്‍ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി.
23ാം മിനിറ്റല്‍ ക്യപ്റ്റന്‍ സുനില്‍ ഛേത്രിയിലൂടെ ഇന്ത്യ സ്‌കോര്‍ ചെയ്തു ബോക്‌സിനു പുറത്തുനിന്നുള്ള ലിങ്‌ദോയുടെ ഷോട്ട് മാലദ്വീപ് ഗോളി മുഹമ്മദ് ഇമ്രാന്‍ ഡൈവ് ചെയ്തു തട്ടിയകറ്റി ഇതുവിങ്ങിലേക്കു പോയ ബോളിനെ പിന്‍തുടര്‍ന്നത്തിയ ഛേത്രി ഗോള്‍ ലക്ഷ്യമാക്കി ഷൂട്ടുചെയ്‌തെങ്കിലും ഗോള്‍ ലൈനിനു സമാന്തരമായി ബോള്‍ വലതുവിങ്ങിലേക്കു കടന്നു പോയി. വലതു വിങ്ങില്‍ നിന്നും നസ്രേ കൊടുത്ത ഹൈബോളില്‍ കൃത്യമായി തലവെച്ച ഛേത്രി മാലദ്വീപ് വലകുലുക്കി. ഗോള്‍ നേടിയതോടെ ഇന്ത്യന്‍ ആക്രമണം ശക്തമായി. 29ാം മിനിറ്റില്‍ വീണ്ടും മാലദ്വീപ് ഗോള്‍ മുഖം വിറച്ചു. ഛേത്രിയുടെ ഇടങ്കാലന്‍ വോളി മാലദ്വീപ് ഗോളി തട്ടിയകറ്റി റീബൗണ്ട് പിടിച്ചെടുത്ത ജെജെയും പോസ്റ്റ് ലക്ഷ്യമാക്കി ഷൂട്ട്‌ചെയ്തു.
എന്നാല്‍ അതിവേഗത്തില്‍ പൊസിഷന്‍ ചെയ്ത ഇമ്രാന്‍ വീണ്ടും അപകടം ഒഴിവാക്കി. എന്നാല്‍ ആ ആശ്വാസം അധികസമയം നീണ്ടുനിന്നില്ല. ഐഎസ്എല്ലിലെ സൂപ്പര്‍ താരം ടൂര്‍ണമെന്റിലെ തന്റെ ആദ്യ ഗോള്‍നേടി. നസ്രേയുടെ പാസുമായി മുന്നേറിയ ജെജെ മാലദ്വീപ് ഡിഫന്‍ഡര്‍ അഹമ്മദ് ഷഫിയുവിനെ മറികടന്നു സ്‌കോര്‍ ചെയ്തു. 35ാം മിനിറ്റില്‍ വീണ്ടും ഛേത്രിയുടെ ഇടങ്കാലന്‍ ഷോട്ട് മാലി ഗോള്‍മുഖത്ത് ഭീതി പരത്തി. ഇത്തവണയും ഇമ്രാന്‍ രക്ഷകനായി. ഹാഫ് ടൈം വിസിലിനു തൊട്ടുമുന്‍പ് മാലദ്വീപ് ഇന്ത്യന്‍ വലയില്‍ പന്തെത്തിച്ചു. ഇന്ത്യന്‍ പ്രതിരോധത്തിലെ പിഴവു മുതലാക്കിയ ഇമാസ് അഹമ്മദ് പോസ്റ്റിനു മുന്നില്‍ നാഷിദ് അഹമ്മദിന്റെ കാലിലേക്കു പന്തു നീക്കിയിട്ടു.
നാഷിദ് വളരെ അനാസായമായി ഇന്ത്യന്‍ വല കുലുക്കി.
രണ്ടാം പകുതി ഇന്ത്യയുടെ ആധിപത്യത്തിനു മങ്ങലേറ്റു. മാലദ്വീപ് ആക്രമണം ശക്തമാക്കി. എങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തെ പൂര്‍ണമായി തടയാന്‍ അവര്‍ക്കു സാധിച്ചില്ല. തുടരെത്തുടരെ കോര്‍ണറുകള്‍ വഴങ്ങി ഇന്ത്യയുടെ മുന്നേറ്റം തടയുന്ന മാലദ്വീപ് പ്രതിരോധ നിരയെയാണു കണ്ടത്. എന്നാല്‍ സ്‌കോര്‍ ചെയ്യുന്നതിലെ
പിശുക്കു് രണ്ടാം പകുതിയിലും ഇന്ത്യ ആവര്‍ത്തിച്ചു.
ഗോളെന്നുറച്ച് ഗ്യാലറി ആര്‍ത്തുവിളിച്ച പന്തുകള്‍ പോലും വലയിലെത്തിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായില്ല. 65ാം മിനിറ്റില്‍ ജെജെ വീണ്ടും സ്‌കോര്‍ചെയ്തു. ബോക്‌സിനുള്ളില്‍ ഛേത്രിയുടെ പാസ് സ്വീകരിച്ചു രണ്ടു മാലി താരങ്ങളെ കബളിപ്പിച്ചാണു ജെജെ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയത്. 74ാം മിനിറ്റില്‍ മാലി വീണ്ടും തിരിച്ചടിച്ചു. മത്സരത്തില്‍ മാലദ്വീപിന് അനുകൂലമായി ലഭിച്ച രണ്ടാമത്തെ കോര്‍ണര്‍കിക്കില്‍ നിന്നും അംദാന്‍ അലി ഹെഡറിലൂടെ ഗോള്‍ നേടി. കളിയുടെ അവസാന നിമിഷങ്ങളില്‍ മാലദ്വീപ് ആക്രമണം തടയാന്‍ പാടുപെടുന്ന ഇന്ത്യന്‍ താരങ്ങളെയാണു കണ്ടത്. കഴിഞ്ഞ കളികളിലെ താരം സുലയെ രണ്ടാം പകുതിയില്‍ കളത്തിലിറക്കിയെങ്കിലും നേട്ടമുണ്ടാക്കാനായില്ല.
പത്തോളം അവസരങ്ങളാണ് ഇന്ത്യക്ക് ഇന്നലെ ലഭിച്ചത്. ഇതില്‍ അഞ്ചിലേറെ അവസരങ്ങള്‍ ഗോളെന്നുറച്ചവയായിരുന്നു. സ്‌കോര്‍ ചെയ്യുന്നതിലെ പാകപ്പിഴയും മാലി ഗോളി മുഹമ്മദ് ഇമ്രാന്റെ സേവുകളുമാണ് ഇന്ത്യക്കു തിരിച്ചടിയായത്. കളിയുടെ അവസാന നിമിഷങ്ങളില്‍ സമനിലയ്ക്കുവേണ്ടിയുള്ള മാലദ്വീപ് താരങ്ങളുടെ പോരാട്ടം ഇന്ത്യന്‍ ബോക്‌സിനുള്ളില്‍ ഭീതി പരത്തി. ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ ഭാഗ്യത്തിന്റെ പിന്‍തുണയോടെ ഇന്ത്യ ഫൈനലിലേക്കു നടന്നു കയറി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top