സ്പിരിറ്റ് ഇൻ ജീസസ് ചെയർമാ​െൻറ കുടുംബത്തിന് അഞ്ഞൂറോളം ഏക്കർ കൈയേറ്റഭൂമി

തിരുവനന്തപുരം: സ്പിരിറ്റ് ഇൻ ജീസസ് ചെയർമാൻ വെള്ളിക്കുന്നേൽ സക്കറിയ ജോസഫിനും 14 കുടുംബങ്ങൾക്കും ഉടുമ്പൻചോല താലൂക്കിലെ ചിന്നക്കനാലിൽ അഞ്ഞൂറോളം ഏക്കർ കൈയേറ്റഭൂമി കൈക്കലാക്കിയതായി പരാതി.. ഇതുസംബന്ധിച്ച് ഉടുമ്പൻചോല തഹസിൽദാർ 2014 ജൂൺ 26ന് കലക്ടർക്ക് റിപ്പോർട്ട് നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇപ്പോൾ കുരിശ് സ്ഥാപിച്ചതോടെയാണ് പഴയ റിപ്പോർട്ട് പുറത്തായത്.

ഭൂമിക്ക് കരമടക്കാൻ അനുവദിക്കുന്നില്ലെന്നുകാണിച്ച് സഖറിയ ജോസഫ്, ബോബി സക്കറിയ, കണ്ടത്തിൽ വർക്കി വർഗീസ് തുടങ്ങിയവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെത്തുടർന്ന് ഉടുമ്പൻചോല തഹസിൽദാർ നടത്തിയ അന്വേഷണത്തിലാണ് വൻതോതിൽ ഭൂമി കൈയേറ്റം നടന്നത് കണ്ടെത്തിയത്. 2007 മുതൽ തണ്ടപ്പേരുകളിൽ ഭൂനികുതി സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സഖറിയക്കും കുടുംബാംഗങ്ങൾക്കും നിരവധി തണ്ടപ്പേരുകളിൽ ഭൂമിയുള്ളതായി കണ്ടെത്തിയത്. 2008ൽ ഭൂമിയുടെ കൈവശാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകി. നിരവധിതവണ ആവശ്യപ്പെട്ടിട്ടും രേഖകൾ ഹാജരാക്കിയില്ല. 2006-07ൽ കുടുംബം 179 ഏക്കർ വസ്തു കൈവശം വെച്ചിരുന്നു. പലരിൽനിന്നായി 223 ഏക്കർ വിലയ്ക്ക് വാങ്ങിയെന്നായിരുന്നു കോതമംഗലം ഡിവിഷനൽ വനം ഓഫിസർക്ക് മുമ്പാകെ സഖറിയ നൽകിയ മൊഴി.അന്വേഷണത്തിൽ 385 ഏക്കർ കൈവശമുണ്ടെന്ന് കണ്ടെത്തി. കോട്ടയം ക്രൈംബ്രാഞ്ച് യൂനിറ്റ് സഖറിയയുടെ മകൻ ജിമ്മി സഖറിയയുടെ പേരിൽ ഭൂമി കൈയേറ്റത്തിന് 2010ൽ കേസ് എടുത്തിരുന്നു. സർക്കാർഭൂമി വ്യാജ പട്ടയങ്ങളുപയോഗിച്ച് കൈവശം വെച്ചതുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ ആരോപണമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജകുമാരി സബ് രജിസ്ട്രാർ ഓഫിസിലെ 2009ലെ ആധാരമനുസരിച്ച് മുദ്രവിലപ്രകാരം 1.90 കോടിക്ക് മുംബൈ ആസ്ഥാനമായ അപ്പോത്തിയോസിസ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് വിറ്റു. ഈ തണ്ടപ്പേരിലുൾപ്പെട്ട പല വസ്തുക്കളും വ്യാജരേഖയുണ്ടാക്കി സമ്പാദിച്ചതാണെന്ന് കണ്ടെത്തി. ചിന്നക്കനാലിലെ സംശയകരമായ പല ഭൂമി ഇടപാടിലും ജിമ്മി സഖറിയക്കും സഹോദരൻ ബോബി സഖറിയക്കും ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ ബോധ്യമായി. ഒരേ പട്ടയത്തിെൻറ വ്യത്യസ്ത പകർപ്പാണ് ഇവർ കോടതിയിൽ ഹാജരാക്കിയത്. ആദിവാസികൾക്ക് അനുവദിച്ച ഭൂമിയിൽ സോളാർ വേലി സ്ഥാപിച്ച് കൈയേറ്റം നടത്തിയിട്ടുണ്ട്. അതിെൻറ പേരിലും ബോബി സഖറിയക്കെതിരെ കേസുണ്ട്. എന്നാൽ, സർക്കാർ ഇക്കാര്യത്തിൽ ഗൗരവ നടപടി സ്വീകരിച്ചിട്ടില്ല. അതിനിടയിലാണ് സംഘടനയുടെ പേരിൽ മലമുകളിൽ കുരിശ് സ്ഥാപിച്ചത്.

Top