തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം.ദുരന്ത നിവാരണ നിയമപ്രകാരമാണ് മന്ത്രിസഭ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. കേരള ഡിസാസ്റ്റര്‍ ആന്‍റ് പബ്ലിക് എമര്‍ജന്‍സി സ്പെഷ്യല്‍ പ്രൊവിഷന്‍സ് ആക്ട് എന്ന ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന്റെ 25 ശതമാനം സര്‍ക്കാരിന് മാറ്റിവെയ്ക്കാം. പിടിക്കുന്ന ശമ്പളം എന്ന് തിരികെ നല്‍കുമെന്ന് ആറ് മാസത്തിനകം സര്‍ക്കാര്‍ പറഞ്ഞാല്‍ മതിയെന്നും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.
ദുരന്തമുണ്ടെന്ന് പ്രഖ്യാപിച്ചാല്‍ 25 ശതമാനം വരെ ശമ്പളം മാറ്റാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. നിയമപരമായ നടപടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. മാറ്റി വയ്ക്കുന്നത് ആറു ദിവസത്തെ ശമ്പളം മാത്രമാണ്. ശമ്പളം തിരിച്ചു നല്‍കുന്നത് ആറു മാസത്തിനകം തീരുമാനിച്ചാല്‍ മതിയെന്നും തോമസ് ഐസക്ക് പറഞ്ഞു.
കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള ഉത്തരവ് നിയമപരമല്ലെന്ന് ഹൈക്കോടതി വിധിച്ചതോടെയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ട് വന്നത്. മാസശമ്പളത്തിന്റെ 25 ശതമാനം വരെ സര്‍ക്കാരിന് പിടിക്കാമെങ്കിലും നേരത്തെ തീരുമാനിച്ച പോലെ ഒരു മാസം ആറ് ദിവസം വച്ച് അഞ്ച് മാസം കൊണ്ട് ഒരു മാസത്തെ ശമ്പളം പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ പിടിക്കുന്ന ശമ്പളം തിരികെ നല്‍കുമെന്ന വ്യവസ്ഥ ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം ലഭിച്ച ശേഷം മാത്രമേ അടുത്ത മാസത്തെ ശമ്പള വിതരണം ആരംഭിക്കുകയുള്ളു. അതായത് അടുത്ത മാസം മുതല്‍ അഞ്ച് മാസം വരെ ശമ്പളം ലഭിക്കുമ്പോള്‍ ആറ് ദിവസത്തെ ശമ്പളം കുറവായിരിക്കും. ഓര്‍ഡിനന്‍സും നിയമപരമായി ചോദ്യം ചെയ്യപ്പെടുമെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.
ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിന് ഓർഡിനൻസ് പ്രതിവിധി അല്ലെന്നായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടി എംപിയുടെ പ്രതികരണം. ഓർഡിനൻസ് ഇറക്കിയാൽ കോടതിയിൽ അതും ചോദ്യം ചെയ്യപ്പെടാം.എല്ലാവരെയും ഒരുമിച്ച് കൊണ്ടു പോകണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവന്ന സര്‍ക്കാര്‍ നടപടി ഹൈകോടതി വിധിയോടുള്ള വെല്ലുവിളിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. തൊഴിലാളി അവകാശപ്പോരാട്ടങ്ങളുടെ കഥ പറയുന്ന സിപിഎം തൊഴിലാളികളെ വഞ്ചിക്കുന്ന പാര്‍ട്ടിയായി മാറി. ചങ്ങാത്ത മുതലാളിത്തത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന സിപിഎം തൊഴിലാളികളെ മറക്കുകയാണെന്നും മുല്ലപ്പള്ളി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
കോവിഡ് മൂലം സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായിരുന്നു സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി കട്ട് സര്‍ക്കാര്‍ കൊണ്ടുവന്നത്. ആറുദിവസത്തെ ശമ്പളമാണ് ഓരോ മാസവും പിടിക്കാൻ സർക്കാർ തീരുമാനിച്ചത്. അഞ്ചുമാസം ഇങ്ങനെ ശമ്പളം മാറ്റുന്നതിലൂടെ ഒരുമാസത്തെ ശമ്പളം ഒരാളിൽ നിന്ന് ലഭിക്കും. ഇത് ഹൈകോടതി സ്‌റ്റേ ചെയ്തതോടെയാണ് സംസ്ഥാനസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.
ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകേണ്ടെന്നാണ് സർക്കാർ തീരുമാനം. ഹൈക്കോടതി ഉത്തരവ് കേന്ദ്രസർക്കാരിനും ബാധകമാണ്. അതിനാൽ കേന്ദ്രസർക്കാർ വേണമെങ്കിൽ അപ്പീൽ പോകട്ടേയെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.