ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷിക്കപ്പെട്ട നടന്‍ സല്‍മാന്‍ ഖാന് ജാമ്യം. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 25,000 രൂപയുടെ ബോണ്ടില്‍ രണ്ട് ആള്‍ ജാമ്യത്തിലുമാണ് നടനെ വിട്ടയച്ചത്. അനുമതിയില്ലാതെ രാജ്യം വിടരുതെന്ന് കോടതി നിര്‍ദേശിച്ചു. ജയിലില്‍ സുരക്ഷാ ഭീഷണിയുണ്ടെന്നാണ് സല്‍മാന്‍ ഖാന്റെ വാദം. വൈകീട്ട് 7 മണിയോടുകൂടി സല്‍മാന്‍ ഖാന്‍ ജയിലില്‍ നിന്നും ഇറങ്ങും. അതേസമയം സല്‍മാന്റെ ജാമ്യത്തെ എതിര്‍ത്ത് ബിഷ്ണോയി സമുദായം രംഗത്ത്. ജാമ്യം അനുവദിച്ച നടപടിക്കെതിരെ അപ്പീല്‍ പോകുമെന്ന് ബിഷ്ണോയി സമുദായം അറിയിച്ചു. സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കേണ്ടിയിരുന്ന ജോധ്പുര്‍ സെഷന്‍സ് കോടതി ജഡ്ജി രവീന്ദ്ര കുമാര്‍ ജോഷിയെ സ്ഥലംമാറ്റിയിരുന്നു. പകരം ഭീല്‍വാല ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജ് ചന്ദ്രകുമാര്‍ സോങാരയെയാണ് നിയമിച്ചത്. സല്‍മാന്‍ ഖാന് ജയില്‍ ശിക്ഷ വിധിച്ച ജഡ്ജ് ദേവ് കുമാര്‍ ഖാത്രിയെയും സ്ഥലം മാറ്റിയിട്ടുണ്ട്. ശിക്ഷവിധിച്ച ജഡ്ജ് ഖാത്രിക്ക് പകരം ഉദയ്പുര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സമരേന്ദ്ര സിങ് സികര്‍വാറിനെയാണ് നിയമിച്ചിരിക്കുന്നത്. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് ജോധ്പുര്‍ സെഷന്‍സ് കോടതിയാണ് അഞ്ചു വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. കേസിലെ മറ്റ് പ്രതികളായ നടി തബു, നീലം, സോനാലി ബന്ദ്രെ, നടന്‍ സെയ്ഫ് അലി ഖാന്‍ എന്നിവരെ കോടതി കുറ്റവിമുക്തരാക്കി. 1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുര്‍ കങ്കണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ ആയുധമുപയോഗിച്ച് വേട്ടയാടിയെന്നാണ് കേസ്. കഴിഞ്ഞ സെപ്റ്റംബര്‍ 13-നാണ് ഈ കേസില്‍ വാദം തുടങ്ങിയത്. ‘ഹം സാഥ് സാഥ് ഹെ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് നായാട്ട് നടന്നത്.
മാന്‍ വേട്ടക്കേസില്‍ സല്‍മാന്‍ ഖാന് ജാമ്യം; അനുമതിയില്ലാതെ രാജ്യം വിടരുതെന്ന് കോടതി
Tags: Salman Khan