അന്ന് എംജിആര്‍ അപ്പോളോ ആശുപത്രിയില്‍ പഴയ ചരിത്രം വീണ്ടും ആവര്‍ത്തിച്ചു; എല്ലാം സിനിമാക്കഥപോലെ

ചെന്നൈ: മുപ്പത്തിരണ്ട് വര്‍ഷം മുമ്പ് ഒരു ഒക്ടോബറിലായിരുന്നു തമിഴകത്തിന്റെ എല്ലാഎല്ലാമായ എംജിആര്‍ വിടപറഞ്ഞത്. എംജിആറിന്റെ അവസാന നാളുകളും ജയലളിതയുടെ ആശുപത്രിവാസവും മറ്റൊരു ഡിസംബറില്‍ ആവര്‍ത്തിച്ചു. എംജിആറിന്റെ അവസാനനാളുകളില്‍ സംഭവിച്ചതെല്ലാം വെള്ളിത്തിരയിലും രാഷ്ട്രീയത്തിലും അദ്ദേഹത്തിന് കൂട്ടായി നിന്ന യഥാര്‍ത്ഥ കഥാനായികയുടെ ജീവിതത്തിലും സംഭവിച്ചു.

ഒക്ടോബറിന്റെ ദിനങ്ങളില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ചികിത്സയിലായിരുന്നു. ആശുപത്രിയുടെ പുറത്ത് പ്രാര്‍ത്ഥനയോടെ തമിഴ് മക്കളും. 32 വര്‍ഷം മുമ്പ് ഒക്ടോബറില്‍ ഇതേ സീനുകള്‍ ഇതേ ആശുപത്രിയില്‍ ഉണ്ടായി. അന്ന് അത്യാസന്ന നിലയില്‍ ഇവിടെ ചികിത്സയില്‍ കഴിഞ്ഞത് അന്നത്തെ മുഖ്യമന്ത്രി എം.ജി.ആര്‍. എം.ജി.ആറിന്റെ ജീവന്‍ നഷ്ടപ്പെട്ടു എന്നു വരെ അഭ്യൂഹങ്ങള്‍ ഉണ്ടായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതെല്ലാം ജയലളിതയുടെ ആരോഗ്യസ്ഥിതിയിലും കാണാം. ഒടുവില്‍ ഇന്നലെ അവര്‍ മരിച്ചുവെന്നുവരെ ചാനലുകളില്‍ വാര്‍ത്തവന്നു. സ്വന്തം പാര്‍ട്ടി ആസ്ഥാനത്തുകൊടി താഴ്ത്തിക്കെട്ടി. രോഗക്കിടക്കയില്‍ നിന്ന് മുക്തിതേടിയെന്ന് വാര്‍ത്ത വന്നതിന് പിന്നാലെ പലതരം വാര്‍ത്തകള്‍ പുറത്തുവരുന്നു. ഇതെല്ലാം എംജിആറിന്റെ കാര്യത്തിലും സംഭവിച്ചിരുന്നു. എംജിആറിനെ അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ വിദേശത്തുകൊണ്ടുപോയി ചികിത്സിച്ചു. പിന്നീട് മൂന്നു വര്‍ഷം കൂടി തമിഴ്നാട് മുതല്‍വന്‍ ആയി എം.ജി.ആര്‍ തമിഴ്നാടിനെ നയിച്ചു.

എം.ജി.ആറിന്റെ പിന്‍ഗാമി എന്നറിയപ്പെടുന്ന ജയലളിത ചികിത്സയില്‍ കഴിയുമ്പോഴും അഭ്യൂഹങ്ങള്‍ക്ക് കുറവുണ്ടായില്ല. ലണ്ടനില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമൊക്കെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ എത്തി ചികിത്സിക്കുന്നു. ഒപ്പം വിദേശത്ത് തുടര്‍ ചികിത്സ നല്‍കേണ്ട സാദ്ധ്യതയെ കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുകയും ചെയ്തു. പക്ഷേ, അതെല്ലാം വ്യര്‍ത്ഥമായി. വീണ്ടും ഒരു ഡിസംബറിന്റെ തണുപ്പില്‍ ജയലളിതയും മരണത്തിന് കീഴടങ്ങുന്നു. എംജിആറിന്റെ മരണത്തിലെന്നപോലെ ഒരു തനിയാവര്‍ത്തനം.

വൃക്കരോഗം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയപ്പോഴായിരുന്നു എം.ജി.ആറിനെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടയില്‍ മസ്തിഷ്‌കാഘാതം കൂടി ഉണ്ടായതോടെ കാര്യങ്ങള്‍ കൈവിട്ടു. രാജ്യത്തെ ഏറ്റവും ജനപ്രിയനായിരുന്നു എംജിആര്‍ എന്ന മുഖ്യമന്ത്രി. അതുകൊണ്ട് തന്നെ 1984 ഒക്ടോബര്‍ 16ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അപ്പോളോ ആശുപത്രിയില്‍ എത്തി എംജി.ആറിനെ കണ്ടു. അമേരിക്കയിലെ ബ്രൂക്ക്ലിന്‍ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ദ്ധ ചികിത്സ നല്‍കാനായിരുന്നു ഇന്ദിര നിര്‍ദ്ദേശിച്ചത്.

ഇതിനിടെ ജപ്പാനില്‍ നിന്ന് പ്രമുഖ ന്യൂറോ സര്‍ജന്മാരായ ഡോ. കാനോയും ഡോ. നാകമുറെയും ചെന്നൈയില്‍ എത്തി ചികിത്സയ്ക്ക് നേതൃത്വം നല്‍കി. എം.ജി.ആറിന്റെ ആരോഗ്യനില അല്പം മെച്ചപ്പെട്ടു. നവംബര്‍ നാലിന് ബ്രൂക്ക്ലിന്‍ ആശുപത്രിയിലെ ചികിത്സയ്ക്കായി എം.ജി.ആര്‍ അമേരിക്കയിലേക്ക് പറന്നു.

ബ്രൂക്ക്ലിന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് എം.ജി.ആര്‍ ആ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡറുടെ സാന്നിദ്ധ്യത്തിലാണ് ആണ്ടിപ്പട്ടി മണ്ഡലത്തില്‍ മത്സരിക്കാനുള്ള നാമനിര്‍ദ്ദേശ പത്രിക ഒപ്പുവച്ചത്. എം.ജി.ആറിന്റെ അഭാവത്തില്‍ അണ്ണാ ഡി.എം.കെയുടെ മുഖ്യ പ്രചാരകയായത് ജയലളിത. അങ്ങനെ അണ്ണാ ഡിഎംകെയുടെ മുഖമായി ജയലളിത മാറി.

എംജിആറിന്റെ വിയോഗ ശേഷം ജയയെ ഒതുക്കാന്‍ കളികള്‍ നടന്നു. പക്ഷേ തമിഴകത്തിന് ജയയോടായിരുന്നു താല്‍പ്പര്യം. അങ്ങനെ മൂന്ന് തവണ ജയലളിത മുഖ്യമന്ത്രി കസേരയിലെത്തി. വിവാദങ്ങളായി ജയില്‍ വാസവും. ഒന്നും പുരട്ച്ചി തലൈവിയെ തളര്‍ത്തിയല്ല. തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തിലെത്തി. അപ്പോഴേക്കും രോഗവും അതേത്തുടര്‍ന്ന് മരണവും. ഇനി ഉയരുന്ന ചോദ്യമിതാണ്.

ആരാകും ജയയുടെ പിന്‍ഗാമി. എംജിആറിന്റെ മരണശേഷവും ഉയര്‍ന്നതുപോലെ ആരാകും പിന്‍ഗാമിയെന്ന ചോദ്യമുയരുമ്പോഴും അതില്‍ എംജിആറിനെപ്പോലെ ജയലളിതയും ഒന്നും പറഞ്ഞിട്ടില്ല. അല്ലെങ്കില്‍ താന്‍ ഇല്ലാതാവുമെന്ന് ചിന്തിക്കാന്‍ പോലും ഇരുവര്‍ക്കുമായില്ലെന്നു തന്നെ പറയാം. അതിനാല്‍ എംജിആറിന്റെ പിന്‍ഗാമിയായി ജാനകീ രാമചന്ദ്രനോട് പൊരുതിജയിച്ച് ജയലളിത തമിഴ്നാടിന്റെ മനസ്സിലേക്ക് വന്നതുപോലെ ഇനി മറ്റൊരു അങ്കത്തിന്റെ ചിത്രമാണ് തമിഴക രാഷ്ട്രീയ തിരശ്ശീലയ്ക്കുപിന്നില്‍ തെളിയുന്നതും.

Top