കോടികള്‍ തട്ടിയകേസില്‍ സിനിമാതാരം ധന്യാമേരി വര്‍ഗീസും അറസ്റ്റിലാകും; സിനിമാ ഗ്ലാമര്‍ ഉപയോഗിച്ച് തട്ടിപ്പിന് കൂട്ടുനിന്നു; സാംസണ്‍ ആന്റ് സണ്‍സിനെതിരെ നിരവധി പരാതികള്‍

തിരുവനന്തപുരം: ഫ്‌ളാറ്റ് നിര്‍മ്മാണത്തിന്റെ മറവില്‍ കോടികള്‍ തട്ടിയ കേസില്‍ സിനിമാതാരം ധന്യമേരി വര്‍ഗീസും പ്രതിയാകുമെന്ന് സൂചന. കഴിഞ്ഞ ദിവസം ഈ കേസില്‍ ധന്യയുടെ ഭര്‍തൃപിതാവ് അറസ്റ്റിലായിരുന്നു. സാംസണ്‍ ആന്‍ഡ് സണ്‍സ് കമ്പനിയുടെ സെയില്‍സ് വിഭാഗം ഡയറക്ടറായിരുന്നു ധന്യഎന്നതാണ് കേസില്‍ പ്രതിചേര്‍ക്കാനുള്ള കാരണം. സംഭവത്തില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കുമെന്ന് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മ്യൂസിയം, കന്റോണ്‍മെന്റ്, പേരൂര്‍ക്കട പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പിനെതിരെ കേസെടുത്തത്. 2011ല്‍ മരപ്പാലത്ത് നോവ കാസില്‍ എന്ന ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി ഇവര്‍ അഡ്വാന്‍സ് തുക കൈപ്പറ്റി. 40 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെയാണ് ഇവര്‍ പലരില്‍ നിന്നായി വാങ്ങിയത്. പണി പൂര്‍ത്തിയാക്കി 2014 ഡിസംബറില്‍ ഫ്‌ളാറ്റ് കൈമാറാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പറഞ്ഞ തീയതി കഴിഞ്ഞിട്ടും ഫ്‌ളാറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് പണം നല്‍കിയവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. ഭര്‍തൃപിതാവിന്റെ കമ്പനിയില്‍ ഫ്‌ളാറ്റുകളുടെ സെയില്‍സ് വിഭാഗത്തിലായിരുന്നു ധന്യ മേരി വര്‍ഗീസ് പ്രവര്‍ത്തിച്ചിരുന്നത്. ചലച്ചിത്ര താരമെന്ന് ഇമേജ് ഉപയോഗിച്ച് ധന്യ നിരവധി പേരില്‍ നിന്ന് പണം വാങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് ധന്യയെ പ്രതിചേര്‍ക്കുന്നത്. അതിനിടെ നടിക്ക് വേണ്ടി ഉന്നത തല സമ്മര്‍ദ്ദം ശക്തമാണ്. തട്ടിപ്പിനിരയായവര്‍ക്ക് പണം തിരിച്ചു നല്‍കി കേസില്‍ നിന്ന് തലയൂരാനുള്ള ശ്രമവും അണിയറയില്‍ നടക്കുന്നുണ്ട്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പി.ആര്‍.ഡി ആഡീഷണല്‍ ഡയറക്ടര്‍ ആയി വിരമിച്ച ജേക്കബ് സാംസണ്‍, മക്കളായ ജോണ്‍, സാം എന്നിവരാണ് കമ്പനി ഡയറക്ടര്‍മാര്‍. ഇതില്‍ ചലച്ചിത്ര നടനും മ്യൂസിക് ഷോ അവതാരകനും കൂടിയായ ജോണാണ് ധന്യാമേരീ വര്‍ഗ്ഗീസിനെ വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടെയും സെലിബ്രിറ്റി പശ്ചാത്തലം ഉപയോഗിച്ച് ധാരാളം ആളുകളെ ചതിയില്‍പ്പെടുത്തിയതായി പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു. 2012ലായിരുന്നു ജോണും ധന്യയും തമ്മിലെ വിവാഹം നടന്നത്. കൂത്താട്ടുകുളം ഇടയാര്‍ വര്‍ഗീസിന്റെയും ഷീബയുടെയും മകളായ ധന്യ മേരി മധുപാല്‍ സംവിധാനം ചെയ്ത തലപ്പാവ് എന്ന ചിത്രത്തിലൂടെയാണ് നായികയായത്. പിന്നീട് വൈരം, ദ്രോണ തുടങ്ങിയ ചിത്രങ്ങളില്‍ ധന്യ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 2006ല്‍ ‘തിരുടി എന്ന ചിത്രത്തിലൂടെയാണ് ധന്യ വെള്ളിത്തിരയില്‍ അരങ്ങേറിയത്. അതിന് മുമ്പ് മോഡലിങിലും ധന്യ സജീവമായിരുന്നു. എംബിഎ ബിരുദധാരിയായ ജോണ്‍ കണ്ണിമറ്റം ജേക്കബ് സാംസണിന്റെയും ലളിതയുടെയും മകനാണ്. അമൃത ടെലിവിഷന്‍ ചാനലിലെ സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയനായത്. ടൂര്‍ണമെന്റ് എന്ന സിനിമയില്‍ നാല് യുവനായകന്മാരില്‍ ഒരാളായിരുന്നു ജോണ്‍.

ഈ ഗ്ലാമര്‍ പരിവേഷമാണ് തട്ടിപ്പിന് പ്രധാനമായും ഉപയോഗിച്ചത്. 2011 മുതലാണ് തട്ടിപ്പിന്റെ ആരംഭം എന്നാണ് പൊലീസിന് ലഭിച്ച വിവിധ പരാതികളില്‍ പറയുന്നത്. 2011 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി മരപ്പാലത്ത് നോവാ കാസില്‍ എന്ന ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് 25 പേരില്‍ നിന്ന് ഇവര്‍ അഡ്വാന്‍സ് തുക കൈപ്പറ്റി. 40 ലക്ഷം മുതല്‍ ഒരുകോടി രൂപ വരെ കൊടുത്തവരില്‍ ഉള്‍പ്പെടുന്നു. മരുമകളായി ധന്യ എത്തിയതോടെ കൂടുതല്‍ പേരെ തട്ടിപ്പിനിരകളാക്കി. 2014 ഡിസംബറില്‍ ഫ്ലാറ്റ് പൂര്‍ത്തീകരിച്ച് നല്‍കാമെന്നായിരുന്നു വാഗ്ദാനം എന്നാല്‍ പറഞ്ഞ തീയതി കഴിഞ്ഞിട്ടും ഫ്ലാറ്റ് നിര്‍മ്മാണം പൂര്‍ത്തിയാകാതെ വന്നതോടെ ഉപഭോക്താക്കള്‍ ഫ്ലാറ്റ് നിര്‍മ്മാതാക്കളെ സമീപിച്ചു. ഉടന്‍ പൂര്‍ത്തിയാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കഴിഞ്ഞ രണ്ടുവര്‍ഷമായി തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് പരാതിക്കാര്‍ പറയുന്നു. ഇതുകൂടാതെ ഫ്ലാറ്റുകളും ഫ്‌ളാറ്റ് നിര്‍മ്മിക്കുന്ന സ്ഥലവും ഈടുവച്ച് ഇവര്‍ കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്ന് 15 കോടി രൂപ വായ്പയെടുത്തതായും പരാതിക്കാര്‍ ആരോപിക്കുന്നു.

നോവ കാസില്‍ കൂടാതെ, പരുത്തിപ്പാറ സന്തോഷ് നഗറില്‍ ഓര്‍ക്കിഡ് വാലി എന്ന ഫ്‌ളാറ്റ് നിര്‍മ്മിക്കാമെന്ന് കാണിച്ച് പലരില്‍ നിന്നും സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് അഡ്വാന്‍സ് തുക കൈപ്പറ്റി. 25ഫ്‌ളാറ്റ് ുകളാണ് ഇവിടെ നിര്‍മ്മിക്കുന്നതെന്നായിരുന്നു വാഗ്ദാനം. 2014ലാണ് ഈ തട്ടിപ്പിന് തുടക്കമിട്ടത്. പലരും 20 ലക്ഷം മുതല്‍ 40 ലക്ഷം വരെ ഈ ഫ്ലാറ്റുകള്‍ക്ക് അഡ്വാന്‍സ് നല്‍കി. എന്നാല്‍ ഫ്ലാറ്റ് നിര്‍മ്മിക്കാനുദ്ദേശിച്ച സ്ഥലത്ത് ഇതുവരെ പൈലിങ് പോലും ആരംഭിച്ചിട്ടില്ല. പേരൂര്‍ക്കടയില്‍ പേള്‍ എന്ന് ഫ്ലാറ്റും വഴയിലയില്‍ സാങ്ച്വറി എന്ന് ഫ്ലാറ്റ് സമുച്ചയവും മരുതൂരില്‍ ഷാരോണ്‍ വില്ലാസ് ആന്‍ഡ് ഫ്ലാറ്റ് എന്ന് സമുച്ചയവും നിര്‍മ്മിക്കുമെന്ന് കാണിച്ചും പണംതട്ടിയതായി പരാതിയില്‍ പറയുന്നു. ഇവിടങ്ങളിലൊന്നും ഫ്ലാറ്റ് നിര്‍മ്മാണം തുടങ്ങിയിട്ടേയില്ല. പരുത്തിപ്പാറയില്‍ മെറിലാന്റ് എന്ന ഫ്ലാറ്റ് നിന്നിരുന്ന സ്ഥലം സാംസണ്‍ ആന്‍ഡ് ബിള്‍ഡേഴ്സ് വാങ്ങി. ഇവിടെ താമസിച്ചിരുന്ന ഏഴ് ഫ്ലാറ്റ് ഉടമകള്‍ക്ക് പകരം ഫ്ലാറ്റ് നിര്‍മ്മിച്ചുനല്‍കാമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും ഇതുവരെ നടപ്പായില്ല. ഇങ്ങനെ നിരവധി പരാതികളാണ് സാംസണ്‍ ആന്‍ഡ് ബിള്‍ഡേഴ്സിനെതിരെ പൊലീസിന് ലഭിച്ചിട്ടുള്ളത്.

Top