കെഎസ്ആര്‍ടിസി പിരിച്ചുവിട്ട വനിതാ കണ്ടക്ടര്‍ക്ക് ജോലി നല്‍കി പ്രൈവറ്റ് ബസ് ഉടമ. ആലപ്പുഴയിലെ ഏറ്റവും മികച്ച കെഎസ്ആര്‍ടിസി ജീവനക്കാരിക്കുള്ള അവാര്‍ഡ് നേടിയ ദിനിയയ്ക്കാണ് പ്രൈവറ്റ് ബസ് ഉടമ ജോലി നല്‍കിയത്. ആറുമാസം മുന്‍പാണ് ദിനിയയുടെ ഭര്‍ത്താവ് മരിച്ചത്.
രണ്ടാം ക്ലാസുകാരിയായ മകളും അഞ്ച് വയസുകാരനായ മകനും പ്രായമായ അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമാണ് എംപാനല്‍ ജീവനക്കാര്‍ക്കെതിരെയുള്ള കോടതി ഉത്തരവോടെ അടഞ്ഞത്. ഇനി ആത്മഹത്യ മാത്രമേ വഴിയുളളുവെന്നായിരുന്നു ജോലി നഷ്ടമായപ്പോള്‍ ദീനിയ പറഞ്ഞത്. ഒടുവില്‍ മധ്യ – വടക്കന്‍ കേരളത്തിലെ പ്രമുഖ പ്രൈവറ്റ് ബസ് ഓപ്പറേറ്ററായ ‘സന ട്രാന്‍സ്പോര്‍ട്ട്‌സ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദീനിയയ്ക്ക് ജോലി നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചത്.
കെഎസ്ആര്‍ടിസിയുടെ പല നയങ്ങളും സ്വകാര്യ ബസ് മേഖലയെ തകര്‍ക്കാന്‍ വേണ്ടി മാത്രമായിരുന്നു, അവയില്‍ പ്രമുഖ തൊഴിലാളി യൂനിയന്‍ മഹത്തായ പങ്കും വഹിച്ചിട്ടുണ്ട് . അവര്‍ക്ക് അര്‍ഹിച്ചതാണ് ഈ കിട്ടിയത് എന്നും ഞങ്ങള്‍ക്കറിയാം. പക്ഷേ പ്രിയ സഹോദരി ദിനിയ, താങ്കള്‍ നല്ല ഒരു കണ്ടക്ടര്‍ ആയിരുന്നു എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഞങ്ങളും മനുഷ്യരാണ്. വേദനിക്കുന്നവരുടെ മുന്നില്‍ ഞങ്ങളുടെ ശിരസ്സും കുനിയും. പ്രിയ സോദരി, നിങ്ങള്‍ക്ക് മറ്റു ജോലികള്‍ ഒന്നും ശരിയായില്ലെങ്കില്‍ ഞങ്ങള്‍ ഒരു ജീവിത സാഹചര്യം ഒരുക്കാന്‍ തയ്യാറാണെന്ന് അധികൃതരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇതോടെ സന ട്രാന്‍സ്‌പോര്‍ട്ടേഴ്‌സിന് നന്ദി പറഞ്ഞു കൊണ്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തു വരുന്നത്.