തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ ഡിവൈഎസ്പി ഹരികുമാര്‍ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനലിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് പോലീസ്. ഇതുസംബന്ധിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയത്. സനലിന്റെ കുടുംബം നല്‍കിയ അപേക്ഷയിൽ ഡിജിപിയാണ് ജോലിക്കു ശുപാർശ ചെയ്തത്. ഡിവൈഎസ്പി പ്രതിയായ കേസിലാണ് ഡിജിപി ലോക്നാഥ് ബെഹ്‍റയുടെ നടപടി.അതേസമയം കേസ് അന്വേഷണം സിബിഐയെ ഏൽപിക്കണമെന്ന് സനലിന്റെ കുടുംബം ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ല. തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും സനലിന്റെ കുടുംബം അറിയിച്ചു.
രണ്ടു കുട്ടികളും ഭാര്യയും അമ്മയും ഉള്‍പ്പെടുന്ന കുടുംബത്തില്‍ ഏക ആശ്രയമായിരുന്നു മരിച്ച സനല്‍ കുമാര്‍. കുടുംബത്തിന്റെ താല്‍പര്യം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.പ്രതിയെ പിടികൂടുന്നതിനൊപ്പം കുടുംബത്തിന് നഷ്ടപരിഹാരവും സനലിന്റെ ഭാര്യയ്ക്ക് ജോലിയും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു.
സംഭവം നടന്ന് ആറു ദിവസമായിട്ടും പ്രതിയായ ബി.ഹരികുമാറിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഹരികുമാര്‍ പോലീസില്‍ കീഴടങ്ങുമെന്ന സൂചനകള്‍ നേരത്തെ ലഭിച്ചിരന്നുവെങ്കിലും ഇതിന് സാധ്യതയില്ലെന്നാണ് ഇപ്പോള്‍ പോലീസ് വ്യക്തമാക്കുന്നത്. അതേസമയം കൊലപാതകം നടന്ന കൊടങ്ങാവിളയില്‍ ദൃഷ്‌സാക്ഷികളുടെ മൊഴി എടുക്കാനെത്തിയ ക്രൈംബ്രാഞ്ച് സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. പ്രതിയായ ഹരികുമാറിനെ അറസ്റ്റു ചെയ്യാതെ നടത്തുന്ന മൊഴിയടുപ്പ് പ്രഹസനമാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ തടഞ്ഞത്. ഇതോടെ മൊഴിയെടുക്കാതെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു.
കേസിലെ പ്രതിയായ ഡിവൈഎസ്പി പി.ഹരികുമാറിനെ പിടികൂടാൻ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഇയാള്‍ ഉടൻ കീഴടങ്ങിയേക്കുമെന്നാണു ലഭിക്കുന്ന വിവരം. ഹരികുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം 14 ലേക്കു മാറ്റിയിരുന്നു.