തിരുവല്ല: തിരുവല്ലയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ എട്ടുദിവസം കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അതേസമയം, തങ്ങള്‍ക്ക് ബിജെപി ബന്ധമില്ലെന്ന് പ്രതികള്‍ തിരുവല്ല ഒന്നാംക്ലാസ് ജുഡീഷ്യല്‍ കോടതിയില്‍ പറഞ്ഞു. ഒരുവര്‍ഷമായി ബിജെപിയുമായി ബന്ധമില്ലെന്ന് കേസലെ പ്രധാനപ്രതി ജിഷ്ണു പറഞ്ഞു.
സന്ദീപുമായി വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അക്രമിച്ചത് കൊല്ലാന്‍വേണ്ടി ആയിരുന്നില്ലെന്നും വധഭീഷണിയുണ്ടെന്നും ജിഷ്ണു പറഞ്ഞു. പെട്ടെന്നുള്ള പ്രകോപനമാണ് കൊലയിലേക്ക് നയിച്ചത്. സ്വയംരക്ഷയ്ക്ക് വേണ്ടിയാണ് ചെയ്തതെന്നും ജിഷ്ണു പറഞ്ഞു.
ജിഷ്ണുവിന് മാത്രമാണ് സന്ദീപിനോട് വിരോധമുണ്ടായിരുന്നതെന്ന് മൂന്നാംപ്രതിയായ നന്ദു പറഞ്ഞു. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകര്‍ ആരുംതന്നെ ഹാജരായിരുന്നില്ല. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസാണ് സന്ദീപ് വധമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
രാഷ്ട്രീയ കൊലപാതമല്ലെന്നായിരുന്നു കേസില്‍ ആദ്യം പൊലീസ് നിലപാട്. പിന്നീട് എഫ്‌ഐആറില്‍ രാഷ്ട്രീയ കൊലപാതകമാണെന്ന് വ്യക്തമാക്കി. കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചിരുന്നു