നിരാശനായ സന്ദീപ് വാര്യര്‍ ബിജെപി വിടും ?കണ്‍വെന്‍ഷനിലേക്ക് വിളിച്ചുവരുത്തി സ്റ്റേജില്‍ കയറ്റാതെ സന്ദീപിനെ പാർട്ടി അപമാനിച്ചു !എതിർത്താൽ പുറത്താക്കാന്‍ പാർട്ടി നേതൃത്വം.മൊബൈല്‍ ഫോണ്‍ ഓഫാക്കി സന്ദീപ് ഒളിച്ചിരിക്കുന്നു

പാലക്കാട്: സന്ദീപ് വാര്യര്‍ ബിജെപി വിടുമെന്ന് സൂചന .കടുത്ത അപമാന ഭാരത്തൽ സന്ദീപ് പൊതുമണ്ഡലത്തിൽ നിന്നും ഒളിവിലാണ് .പാർട്ടി നേതൃത്വത്തിന്റെ അവഗണനയില്‍ തീര്‍ത്തും നിരാശനാണ് സന്ദീപ് വാര്യർ . പാലക്കാട്ടെ കണ്‍വെന്‍ഷനിലേക്ക് സന്ദീപ് വാര്യരെ വിളിച്ചു വരുത്തി അപമാനിക്കുകയായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ ആവശ്യ പ്രകാരമാണ് കണ്‍വെന്‍ഷന് എത്തിയത്. എന്നാല്‍ വേദിയില്‍ ഇരിപ്പിടം നല്‍കിയില്ല. പ്രോട്ടോകോള്‍ പറഞ്ഞ് കൊച്ചാക്കി കാണിച്ച് അപമാനിക്കുകയും ചെയ്തു. ഈ വേദനയില്‍ വേദി വിട്ടു പോയ സന്ദീപിനെ പിന്നീട് ബിജെപിക്കാര്‍ ആരും ആശ്വസിപ്പിക്കാന്‍ പോലും വിളിച്ചില്ല.

മൊബൈല്‍ ഫോണ്‍ ഓഫാക്കി വീട്ടിലിരുന്ന സന്ദീപ് കരുതലോടെ മാത്രമേ പുറത്തിറങ്ങിയ ശേഷവും പ്രതികരിച്ചുള്ളൂ. വയനാട്ടില്‍ പ്രചരണത്തിന് അവസരം നല്‍കണമെന്ന ആവശ്യവും കേരളത്തിലെ ബിജെപി നേതൃത്വം അംഗീകരിച്ചില്ല. എല്ലാ അര്‍ത്ഥത്തിലും സന്ദീപ് വാര്യര്‍ക്കെതിരെ പ്രതികാരം തുടരുകയാണ് സംസ്ഥാന ബിജെപിയിലെ ഔദ്യോഗിക നേതൃത്വം എന്ന വിലയിരുത്തല്‍ സന്ദീപിന്റെ സുഹൃത്തുക്കള്‍ക്കുണ്ട്. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന് എന്തു കൊണ്ട് സംസ്ഥാന സമിതി അംഗമായ സന്ദീപിന് വേദിയില്‍ ഇരിപ്പിടം കിട്ടിയില്ലെന്നത് ആര്‍ക്കും പിടികിട്ടാത്ത കാര്യമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപിയുടെ ഔദ്യോഗിക നേതൃത്വവുമായി അകല്‍ച്ചയിലാണ് കുറച്ചു കാലമായി സന്ദീപ്. ഔദ്യോഗിക വക്താവ് സ്ഥാനത്ത് നിന്നു പോലും നീക്കി. ഇതിനൊന്നും പ്രത്യേകിച്ച് കാരണവുമുണ്ടായിരുന്നില്ല. പിരവിലെ പ്രശ്‌നമെന്നെല്ലാം പറഞ്ഞു. അതിന് ശേഷം ബിജെപിയില്‍ ചില നിര്‍ണ്ണായക മാറ്റങ്ങളുണ്ടായി. സംഘടനാ ജനറല്‍ സെക്രട്ടറിയായി സുഭാഷ് എത്തി. എല്ലാവരേയും ഒരുമിപ്പിക്കാന്‍ സുഭാഷ് ശ്രമിച്ചു. അങ്ങനെ വീണ്ടും സന്ദീപ് ബിജെപി നേതൃത്വത്തില്‍ സജീവമായി. സന്ദീപിനെ പോലെ പലരും എത്തി. അവരോടെല്ലാം നേതൃത്വം അതൃപ്തിയില്‍ തുടര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സുഭാഷ് ജനറല്‍ സെക്രട്ടറി പദമൊഴിഞ്ഞു. ഇതോടെ വീണ്ടും സന്ദീപ് അടക്കമുള്ളവര്‍ക്ക് അവഗണന തുടങ്ങി. ഇതാണ് പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പില്‍ പോലും നിറയുന്നത്.

സുഭാഷിന്റെ കാലത്ത് തിരിച്ചെത്തിയ സന്ദീപ് നേതൃത്വത്തില്‍ സജീവമായിരുന്നു. വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു. വയനാട്ടിലെ പള്‍സും മനസ്സിലാക്കി. അതുകൊണ്ടാണ് ഉപതിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ പ്രചരണത്തിന് അനുവാദം തേടിയത്. അത് നല്‍കിയതുമില്ല. പാലക്കാട്ടേക്ക് സന്ദീപ് വാര്യരുടെ പേരും ബിജെപി കേന്ദ്ര നേതൃത്വം സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നു. എന്നാല്‍ അവസാനം കൃഷ്ണകുമാറിന് നറുക്ക് വീണു. പ്രചരണത്തില്‍ സജീവമാകാന്‍ സന്ദീപും ആഗ്രഹിച്ചു. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലേക്ക് സന്ദീപിനെ വിളിച്ചത്. സന്തോഷത്തോടെ എത്തുകയും ചെയ്തു. എന്നാല്‍ വേദിയില്‍ ഇരുത്താതെ അപമാനിക്കുകയായിരുന്നു നേതൃത്വം. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നിര്‍ദ്ദേശം പോലും നടപ്പാടില്ലെന്ന് സന്ദീപ് വിലയിരുത്തുന്നു.

ഈ വേദനയിലാണ് രണ്ടു ദിവസം ഫോണ്‍ ഓഫാക്കി വീട്ടിലിരുന്നത്. പാലക്കാട്ടെ മുതിര്‍ന്ന നേതാവിന്റെ മകളുടെ കല്യാണത്തിന് പോകേണ്ടതുള്ളതു കൊണ്ട് ഇന്ന് പുറത്തിറങ്ങി. അപ്പോഴും ചാനലുകളോട് കരുതലോടെയാണ് പ്രതികരിച്ചത്. പാലക്കാട് നിന്ന് അപമാനിച്ചിറക്കിയാല്‍ സന്ദീപ് വാര്യര്‍ പൊട്ടിത്തെറിക്കുമെന്ന് ചിലര്‍ കരുതി. അങ്ങനെ സന്ദീപ് പ്രതികരിച്ചില്ല. ഇതോടെ ചിലരുടെ ആ മോഹം പൊളിഞ്ഞു. ഒരു തിരഞ്ഞെടുപ്പ് വന്നാല്‍ എല്ലാവരേയും ഒരുമിച്ച് കൊണ്ടു പോകുന്നതാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ രീതി. എന്നാല്‍ ബിജെപി അതിന് പോലും തയ്യാറാകുന്നില്ലെന്ന വിമര്‍ശനം സന്ദീപ് വാര്യരെ അനുകൂലിക്കുന്നവര്‍ക്കുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് പോലും പക പോക്കുകയാണ് നേതൃത്വമെന്നാണ് ഇവരുടെ വിലയിരുത്തല്‍. ഒരു നേതാവ് പോലും സന്ദീപിന്റെ വേദന തിരിച്ചറിയുന്നില്ലെന്നാണ് അവര്‍ പറയുന്നത്. ഏതായാലും സംഘ പരിവാറിനൊപ്പം ചേര്‍ന്ന് നില്‍ക്കാനാണ് നിലവില്‍ സന്ദീപിന്റെ തീരുമാനം. എന്നാല്‍ പുറത്താക്കാനുള്ള അടുത്ത അവസരം ഉടന്‍ വരുമെന്ന് കരുതുന്ന എതിര്‍ ലോബിയും പാലക്കാട് സജീവമാണ്.

ബിജെപി വിട്ടെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് സന്ദീപ് വാര്യര്‍ രംഗത്തു വരികയും ചെയ്തു. ബിജെപി വിട്ടിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സന്ദീപ് വാര്യര്‍ പ്രതികരിച്ചു. സിപിഎമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ല. താന്‍ നാട്ടിലെ പ്രവര്‍ത്തകര്‍ക്കൊപ്പം സജീവമാണെന്നുംസന്ദീപ് വാര്യര്‍ പറഞ്ഞു. അതേ സമയം, സന്ദീപ് വാര്യര്‍ക്ക് എന്‍ഡിഎ കണ്‍വെന്‍ഷന്‍ വേദിയില്‍ കസേര നല്‍കാത്തത് ശരിയായില്ലെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ പ്രതികരിച്ചു. പക്ഷേ അതുകൊണ്ടൊന്നും സന്ദീപ് പാര്‍ട്ടി വിട്ടുപോകില്ലെന്നും ശിവരാജന്‍ കൂട്ടിച്ചേര്‍ത്തു.

Top