ഇടുക്കി: ഭര്‍ത്താവിന്റെ വിയോഗത്തില്‍ മനംനൊന്തു കഴിഞ്ഞ യുവതി മൂന്നു വയസുകാരന്‍ മകനെയുമൊത്ത് കുളത്തില്‍ ചാടി മരിച്ചു. തോപ്രാംകുടിക്കടുത്ത് കാരിക്കവല പേട്ടുപാറയില്‍ സനീഷ (27), ഏക മകന്‍ ദേവദത്തന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ വീടിനടുത്തുള്ള കുളത്തില്‍ കാണപ്പെട്ടത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം.
സനീഷയുടെ ഭര്‍ത്താവ് അനീഷ് (30) ഒന്നര മാസം മുമ്പ് കോതമംഗലത്തിനടുത്തുണ്ടായ ബൈക്കപകടത്തില്‍ മരിച്ചിരുന്നു. ഓട്ടോ ഡ്രൈവറായ അനീഷ് ബൈക്കില്‍ കോതമംഗലത്തേക്ക് പോകുമ്പോള്‍ ടാങ്കര്‍ ലോറിയിടിച്ചാണ് മരിച്ചത്. ഭര്‍ത്താവിന്റെ വേര്‍പാടിനെ തുടര്‍ന്നു മാനസിക സമ്മര്‍ദത്തിലായ സനീഷ ആത്മഹത്യ ചെയ്യമെന്ന നിലയില്‍ സംസാരിച്ചിരുന്നതായി പറയുന്നു. ജീവനൊടുക്കാന്‍ ശ്രമിക്കുകയും ചെയ്തത്രേ. ഇതേതുടര്‍ന്ന് അനീഷിന്റെ അമ്മക്കൊപ്പമാണ് സനീഷയെ കിടത്തിയിരുന്നത്.
ഇന്ന് പുലര്‍ച്ചെ ചൂടു കൂടുതലാണെന്നു പറഞ്ഞു എഴുന്നേറ്റ സനീഷ മകനെയുമെടുത്തു നിലത്തു കിടന്നു. അല്‍പസമയം കഴിഞ്ഞപ്പോള്‍ സനീഷയെയും മകനെയും കാണാനില്ലെന്നു മനസിലാക്കിയ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ കുളത്തില്‍ ചാടിയതായി മനസിലാക്കിയത്. നാട്ടുകാര്‍ ചേര്‍ന്ന് തിരച്ചില്‍ നടത്തി ജഡം പുറത്തെടുക്കുകയായിരുന്നു. സനീഷയുടെ അരയില്‍ ഷാല്‍കൊണ്ടു ബന്ധിച്ച നിലയിലായിരുന്നു ദേവദത്തന്റെ ജഡം.
ഒരാഴ്ചക്കുള്ളില്‍ ഇടുക്കിയില്‍ സമാനമായ മൂന്നാമത്തെ സംഭവമാണിത്. ഒരു സംഭവത്തില്‍ അമ്മയെ രക്ഷപെടുത്തി. വണ്ടന്മേട് പുറ്റടി വാര്‍താന്മുക്ക് കുറ്റിപ്പുറത്ത് ഷിജോയുടെ ഭാര്യ ജിന്‍സി(26), രണ്ടു വയസുള്ള മകള്‍ അലിയയുമൊത്ത് 18ന് തീകൊളുത്തി മരിച്ചിരുന്നു. ഭര്‍തൃസഹോദരനുമായുള്ള കുടുംബവഴക്കാണ് മകളെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ജിന്‍സിയെ പ്രേരിപ്പിച്ചതെന്നു പറയുന്നു. തൊടുപുഴ മൂലമറ്റം ഇലപ്പള്ളി പാത്തിക്കപ്പാറ വിന്‍സെന്റിന്റെ ഭാര്യ ജയ്‌സമ്മ (സുനിത28) 16ന് പുലര്‍ച്ചെ ഇളയ മകന്‍ ആഷി(ഒന്നര)നെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയശേഷം കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു.
കുടുംബകലഹവും അയല്‍ വീട്ടിലെ വയോധികയെ തലക്കടിച്ചു വീഴ്ത്തി സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ പൊലിസ് ചോദ്യം ചെയ്യലിനു വിധേയയാകുകയും ചെയ്തതുമാണ് ജയ്‌സമ്മയെ കടുംകൈക്ക് പ്രേരിപ്പിച്ചത്. ഇടുക്കിയില്‍ ബി. എസ്. എന്‍. എല്‍ ജീവനക്കാരനായ ആലുവ കങ്ങരപ്പടി മൃഗാശുപത്രിക്ക് സമീപം നാറാണത്ത് വീട്ടില്‍ അഭിലാഷിന്റെ ഭാര്യ നീതു (28) രണ്ട് മക്കളെയുമായി പെരിയാറ്റില്‍ ചാടി മരിച്ചത് കഴിഞ്ഞ 14നാണ്.
മക്കളായ അനാമിക (എട്ട്), അര്‍ജുന്‍കൃഷ്ണ (ഒന്നര) എന്നിവരുമൊത്താണ് പുഴയില്‍ ചാടിയത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് രണ്ട് മക്കളെയുംകൂട്ടി മരണത്തിലേക്ക് നീങ്ങാന്‍ നീങ്ങാന്‍ നീതു തയാറായതത്രേ.