കൊച്ചി: അഞ്ചു വര്‍ഷത്തിനൊടുവില്‍ സഞ്ജു വി സാംസണിന് പ്രണയസാഫല്യം. മാര്‍ ഇവാനിയസ് കോളേജില്‍ നിന്നും തുടങ്ങിയ പ്രണയത്തിനാണ് സാക്ഷാത്കാരം ആവുന്നത്. തിരുവനന്തപുരം സ്വദേശിയായ ചാരുവുമായുള്ള പ്രണയ ബന്ധത്തിന് ഒടുവില്‍ ഗ്രീന്‍ സിഗ്നല്‍ നല്‍കിയിരിക്കുകയാണ് ഇരുവരുടേയും വീട്ടുകാര്‍. 2013 ആഗസ്റ്റ് 22 രാത്രി 11.11 ന് ഒരു ഹായില്‍ തുടങ്ങി ബന്ധമാണ് ഇന്ന് വീട്ടുകാര്‍ സമ്മതിച്ചതെന്ന് പറയുന്നു സഞ്ജു.
ഒരിക്കലും ഞങ്ങള്‍ ഒരുമിച്ചുള്ള ഒരു ചിത്രം പോലും പങ്കു വെച്ചിട്ടില്ല. ഒരുമിച്ച് നടക്കാറുമുണ്ടായിരുന്നില്ല. ഇന്ന് ലോകത്തെ അറിയിക്കുകയാണ്, ഇതാണ് ആ സ്പെഷ്യല്‍ പെണ്‍കുട്ടി. സഞ്ജു തന്റെ പ്രണയിനിയെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചു.
ഡിസംബര്‍ 22നാണ് വിവാഹമെന്നാണ് സൂചന. വ്യത്യസ്ത മതവിഭാഗക്കാരായതു കൊണ്ട് തന്നെ വീട്ടുകാരുടെ സമ്മതത്തിനായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ രണ്ട് വീട്ടുകാരും മക്കളുടെ പ്രണയത്തിന് പൂര്‍ണ്ണ സമ്മതം അറിയിച്ചതോടെ വിവാഹത്തിന് അനുകൂല സാഹചര്യം ഒരുങ്ങുകയായിരുന്നു. ഡിസംബര്‍ 22ന് മത ചടങ്ങുകള്‍ ഒഴിവാക്കിയുള്ള വിവാഹത്തിനാണ് സഞ്ജു തയ്യാറെടുക്കുന്നതെന്നാണ് സൂചന. തിരുവനന്തപുരത്ത് അതിവിപുലമായ വിവാഹ സത്കാരവും നടത്തും. പുതിയ ക്രിക്കറ്റ് സീസണിന് മുമ്പ് രണ്ട് കുടുംബങ്ങളും ചേര്‍ന്നാണ് തീരുമാനം എടുത്തത്. ശ്രീശാന്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ച മലയാളിയാണ് സഞ്ജു. ടിനു യോഹന്നാനും ശ്രീശാന്തിനും സഞ്ജുവിനും മാത്രമേ കേരളത്തില്‍ നിന്നും ഇന്ത്യന്‍ ടീമില്‍ എത്താന്‍ കഴിഞ്ഞിട്ടുള്ളൂ.