തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസിൽ സരിത. എസ്. നായർ അറസ്റ്റിൽ. സോളാർ പാനൽ സ്ഥാപിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. കോഴിക്കോട് പൊലീസ് തിരുവനന്തപുരത്ത് എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിരന്തരം വാറന്റ് പുറപ്പെടുവിച്ചെങ്കിലും സരിത ഹാജരായിരുന്നില്ല. ഇതേ തുടർന്നാണ് കസബ പൊലീസ് അറസ്റ്റ് നടപടിയിലേക്ക് കടന്നത്. കോടതിയിൽ ഹാജരാക്കാനായി സരിതയെ കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോയി. സോളാർ കേസുമായി ബന്ധപ്പെട്ട ചെക്ക് തട്ടിപ്പ് കേസിലാണ് സരിത എസ് നായർ അറസ്റ്റിലായത്.
സോളാർ തട്ടിപ്പ് കേസിൽ ഹാജരാകാത്തതിനെ തുടർന്ന് സരിത എസ് നായർക്കെതിരെ കോഴിക്കോട് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സോളാർ പാനൽ വെയ്ക്കാമെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശി അബ്ദുൽ മജീദ് എന്നയാളിൽനിന്ന് 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. സരിത എസ് നായരും ബിജു രാധാകൃഷ്ണനും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്. 2012ൽ കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം, അനാരോഗ്യം കാരണമാണ് കോടതിയിൽ ഹാജരാകാൻ കഴിയാതിരുന്നത് എന്നാണ് സരിത എസ് നായരും ബിജു രാധാകൃഷ്ണനും തുടർച്ചയായി കോടതിയെ അറിയിച്ചിരുന്നത്. നേരത്തെ, കേസിൽ ജാമ്യം റദ്ദാക്കിയ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, സരിതയ്ക്കും കൂട്ടുപ്രതി ബിജു രാധാകൃഷ്ണനും എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.