മുല്ലപ്പള്ളിക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു.സ്ത്രീവിരുദ്ധ പരാമര്‍ശം സാംസ്‌കാരിക കേരളത്തിന് അപമാനമാനം

കൊച്ചി:സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സ്വമേധയാ കേസെടുത്ത് വനിത കമ്മിഷന്‍. യുഡിഎഫ് സമരവേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി മുല്ലപ്പളളി രംഗത്തെത്തിയതിനു പിന്നാലെയാണു നടപടി. മുല്ലപ്പള്ളിയുടെ ഖേദപ്രകടനം പൊള്ളയെന്നും നടപടിയെടുക്കുമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പ്രതികരിച്ചിരുന്നു.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.രാഷ്ട്രീയ നേതാക്കള്‍ അടിക്കടി സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി രംഗത്തു വരുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണ്.കേരളപ്പിറവിദിനത്തില്‍ പോലും സ്ത്രീ സമൂഹത്തിനെതിരെ നടക്കുന്ന അതിനീചമായ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിലായാല്‍ക്കൂടി അനുവദിച്ചുകൂടാ. ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ രാഷ്ട്രീയ നേതൃത്വത്തിന് കരുത്തുണ്ടാകണമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനം മുഴുവന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് വിലപിച്ച് കൊണ്ടിരിക്കുന്നവരാണ് ആ സ്ത്രീയെന്നും മുല്ലപ്പള്ളി പറഞ്ഞു. ‘ഒരു സ്ത്രീയെ ഒരിക്കല്‍ പീഡിപ്പിച്ചുവെന്ന് പറഞ്ഞാല്‍ നമുക്ക് മനസ്സിലാക്കാം. ആത്മാഭിമാനമുള്ള ഒരു സ്ത്രീ ഒന്നുകില്‍ അവര്‍ മരിക്കും അല്ലെങ്കില്‍ ഒരിക്കല്‍ പോലും ആവര്‍ത്തിക്കാതിരിക്കതിരിക്കാനുള്ള സാഹചര്യമാണ് നമ്മുടെ സമൂഹത്തിലുള്ളത്. പക്ഷേ തുടരെ തുടരെ സംസ്ഥാനം മുഴുവന്‍ എന്നെ ബലാത്സംഗത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നുവെന്ന് വിലപിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയെ നിര്‍ത്തിക്കൊണ്ട് നിങ്ങള്‍ രംഗത്തുവരാന്‍ പോകുന്നുവെന്നാണ് എന്നോട് ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന്മാര്‍ പറഞ്ഞിരിക്കുന്നത്.’- ഇതായിരുന്നു മുല്ലപ്പള്ളിയുടെ വാക്കുകള്‍.

 

പീഡനത്തിനിരയായ സ്ത്രീ ആത്മാഭിമാനമുണ്ടെങ്കില്‍ മരിക്കുമെന്നും ഇല്ലെങ്കില്‍ പീഡനം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നുമാണു സോളര്‍ കേസ് പ്രതിയെ ഉദ്ദേശിച്ച് മുല്ലപ്പള്ളി പറഞ്ഞത്. സംസ്ഥാനം മുഴുവന്‍ തന്നെ ബലാത്സംഗം ചെയ്തെന്നു വിലപിക്കുന്ന സ്ത്രീയാണിതെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. പരാമര്‍ശം വിവാദമായതിനെ തുടര്‍ന്നു അതേവേദിയില്‍ വച്ചുതന്നെ മുല്ലപ്പള്ളി നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചു.

കോണ്‍ഗ്രസ് നേതാവ് എ.പി.അനില്‍കുമാര്‍ ബലാത്സംഗം ചെയ്തതായി സോളര്‍ കേസ് പ്രതി വെള്ളിയാഴ്ച പൊലീസില്‍ പരാതി നല്‍കിയ പശ്ചാത്തലത്തിലായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശങ്ങള്‍. മുങ്ങിത്താഴാനിരിക്കെ അഭിസാരികയായ സ്ത്രീയെ അണിയറയില്‍ വേഷം കെട്ടിച്ച് നിര്‍ത്തിയിരിക്കുകയാണ് മുഖ്യമന്ത്രി എന്നു പറഞ്ഞാണ് മുല്ലപ്പള്ളി തുടങ്ങിയത്.പ്രസംഗം അവസാനിപ്പിച്ച ഉടനെ പരാമര്‍ശങ്ങള്‍ വിവാദമായ കാര്യം വേദിയില്‍ ഇരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുല്ലപ്പള്ളിയെ അറിയിച്ചു. ചാനലുകളില്‍ വരുന്ന വാര്‍ത്ത മൊബൈൽ ഫോണില്‍ കാണിച്ചു കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ചെന്നിത്തലയും യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസനുമായി വേദയില്‍ വച്ചുതന്നെ കൂടിയാലോചിച്ച് മുല്ലപ്പള്ളി മൈക്കിനടുത്തു വന്ന് ഖേദം പ്രകടിപ്പിക്കുകയായിരുന്നു.

മുമ്പും പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ നടന്ന സമരവേദയില്‍ മുല്ലപ്പള്ളി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ കോവിഡ് രാജകുമാരി, നിപ്പ റാണി എന്നെല്ലാം മുല്ലപ്പള്ളി വിളിച്ചതാണ് അന്നു വിവാദമായത്.മുല്ലപ്പള്ളി രാമചന്ദ്രന്‍ അടിയന്തരമായി താന്‍ നടത്തിയ നീചമായ സ്ത്രീവിരുദ്ധ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ജോസഫൈന്‍ ആവശ്യപ്പെട്ടു.

Top