സരിതയുടെ പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ലെന്ന് ഡിജിപി

സരിതയുടെ പുതിയ പരാതി നിയമോപദേശത്തിനായി കൈമാറിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കേസ് നിലവില്‍ ക്രൈംബ്രാഞ്ചിന് വിട്ടിട്ടില്ല. നിയമോപദേശം ലഭിച്ചതിന് ശേഷം തുടര്‍ നടപടിയെന്നും ബെഹ്‌റ പറഞ്ഞു. മുഖ്യമന്ത്രിക്കു സരിത നല്‍കിയ പരാതിയുടെ പ്രസക്ത ഭാഗങ്ങള്‍ ഇവയാ്.. സോളര്‍ കേസില്‍ അന്നത്തെ യുഎഡിഎഫ് സര്‍ക്കാരിലെ ഭൂരിഭാഗം പേരും പ്രതിയാകുമായിരുന്നു, എന്നാല്‍ പൊലീസിനെയും ജുഡീഷ്യറിയെയും മറ്റ് ഉദ്യോഗസ്ഥരെയും ഉപയോഗപ്പെടുത്തി പരാതി അട്ടിമറിയ്ക്കപ്പെടുകയായിരുന്നു. യുഡിഎഫുകാര്‍ എന്നെ ചാനല്‍ ചര്‍ച്ചകളില്‍ മോശമായി ചിത്രീകരിക്കാന്‍ മത്സരിച്ചു. കേരള കോണ്‍ഗ്രസ് (എം)-കോണ്‍ഗ്രസ് അസ്വാരസ്യങ്ങള്‍ക്കിടെയാണ് ഏപ്രിലില്‍ കത്തിന്റെ ചില ഭാഗങ്ങള്‍ മാത്രം പുറത്തായത്. ഉമ്മന്‍ചാണ്ടിയും തമ്പാനൂര്‍ രവിയും പറഞ്ഞതനുസരിച്ചാണു മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ‘ഉമ്മന്‍ചാണ്ടി പിതൃതുല്യനാണ്’ എന്നു പറഞ്ഞത്. എന്റെ നിസ്സഹായാവസ്ഥയില്‍, എന്റെ കമ്പനിയുടെ പ്രശ്‌നങ്ങളുടെ മറവില്‍ എന്നെ ചൂഷണം ചെയ്ത ഒരു കൂട്ടം യുഡിഎഫുകാരില്‍ വലിയ ഒരാളാണ് ഉമ്മന്‍ചാണ്ടി. എനിക്കു പരാതി പറയാനുള്ള പദവിയിലിരുന്ന ആള്‍ തന്നെ എന്നെ ചൂഷണം ചെയ്തു. എനിക്കു മറ്റു പ്രോജക്ടിനും പണത്തിനും വേണ്ടി ആര്‍ക്കും വഴങ്ങേണ്ടി വന്നിട്ടില്ല. എന്നാല്‍ എന്റെ വ്യക്തിജീവിതത്തില്‍ വന്ന ദുരന്തങ്ങള്‍ മുതലാക്കി ഭരണത്തിലിരുന്നവര്‍ ശാരീരികമായി നേടിയെടുത്തതിന് എന്റെ സമ്മതമുണ്ടായിരുന്നില്ല. കഴിഞ്ഞ യുഡിഫ് സര്‍ക്കാരിലെ കുറേ മന്ത്രിമാര്‍ സ്ത്രീകളെ ഒരു ഉപഭോഗവസ്തുവായി കണ്ടിരുന്നു. കമ്പനിയുടെ നിയമപ്രശ്‌നങ്ങള്‍ അഴിയാക്കുരുക്കാകുകയും ബിജു രാധാകൃഷ്ണന്‍ പണം വകമാറ്റുകയും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പണം നല്‍കുകയും ചെയ്തതോടെ കമ്പനിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. ആ അവസ്ഥ മനസിലാക്കിയ ജനപ്രതിനിധികള്‍ ചൂഷണം ചെയ്യുകയായിരുന്നു. ഇവരെ ചൂണ്ടിക്കാട്ടുകയാണു ഞാന്‍ ചെയ്തത്. കമ്മീഷനിലും കത്തിലും പറഞ്ഞ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചതാണെന്നും സരിത പറയുന്നു. സോളര്‍ കേസുമായി ബന്ധപ്പെട്ട് സരിതയ്ക്ക് ‘ക്രെഡിബിലിറ്റി’ ഇല്ല എന്നാണ് ജസ്റ്റിസ് കമാല്‍ പാഷ വിധിയില്‍ പരാമര്‍ശിച്ചത്. ഇതു ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് കോടതികളില്‍ ഉള്‍പ്പെടെ പ്രതിരോധിക്കുന്നത്. വിശ്വാസ്യത എന്റെ വാക്കുകള്‍ക്കുണ്ടോയെന്നു പരിശോധിക്കാന്‍ ഒരു അന്വേഷണം പോലും നടത്തിയില്ല. കമാല്‍ പാഷ ടീം സോളറിന്റെ കസ്റ്റമര്‍ ആയിരുന്നു. ടീം സോളറിന് അദ്ദേഹം ‘ഗുഡ്‌വില്‍’ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ വിശ്വാസ്യത ഇല്ല എന്ന കാരണം പറഞ്ഞു പരാതി തള്ളിക്കളയരുത്.

Top