കൊട്ടാരക്കര: സരിത നായരുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയെക്കുറിച്ചുള്ള പരാമര്‍ശം കൂട്ടിച്ചേര്‍ത്തതാണെന്ന് സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. ഉമ്മന്‍ചാണ്ടിയുടെയും യുഡിഎഫ് നേതാക്കളുടെയും പേരുകള്‍ കൂട്ടിച്ചേര്‍ത്തത് കെബി ഗണേശ് കുമാറിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണെന്നും ഫെനി വെളിപ്പെടുത്തി. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ മൊഴിയിലാണ് ഫെനി ഇക്കാര്യം വ്യക്തമാക്കിയത്.
സരിത എസ്.നായര്‍ സോളര്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കിയ കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മുന്‍മന്ത്രിമാരടക്കമുള്ള യുഡിഎഫ് നേതാക്കളുടെയും പേരുകള്‍ അടങ്ങിയ നാലു പേജുകള്‍ കൂട്ടിച്ചേര്‍ത്തതു കെ.ബി.ഗണേശ്കുമാര്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരമെന്നു സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ മൊഴി.
മൊഴിയില്‍നിന്ന്: 2015 മേയ് 13നു കൊട്ടാരക്കരയിലാണ് ഗൂഢാലോചന നടന്നത്. ഗണേശിന്റെ പിഎ പ്രദീപ്കുമാറും ബന്ധു ശരണ്യ മനോജും ഇതില്‍ പങ്കാളികളാണ്. സോളര്‍ കമ്മിഷനില്‍ ഹാജരാക്കിയ കത്തിന് 25 പേജുണ്ട്. സരിതയുടെ കത്ത് പത്തനംതിട്ട ജില്ലാ ജയിലില്‍ താന്‍ കൈപ്പറ്റുമ്പോള്‍ 21 പേജുകളേ ഉണ്ടായിരുന്നുള്ളൂ. പിന്നീടു കത്ത് ശരണ്യ മനോജിനെ ഏല്‍പ്പിച്ചു. ഗണേശിന്റെ നിര്‍ദേശപ്രകാരം മനോജും പ്രദീപ്കുമാറും ചേര്‍ന്നു കത്തിന്റെ കരടുരൂപം തയാറാക്കി സരിതയെ ഏല്‍പ്പിച്ചു. സരിത അന്നേദിവസം തന്നെ നാലു പേജുകള്‍ കൂടി എഴുതിച്ചേര്‍ക്കുകയായിരുന്നു.
ഗണേശിനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയതാണു പ്രകോപനം. സരിതയുടെ കത്തിന്റെ പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു സുധീര്‍ ജേക്കബ് നല്‍കിയ ഹര്‍ജിയിലാണു ഫെനിയുടെ മൊഴി. കേസ് ജനുവരി 19നു വീണ്ടും പരിഗണിക്കും.
കൊട്ടാരക്കരന്മ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കേസില്‍ ഉള്‍പ്പെടുത്താന്‍ സരിത എസ്.നായരും ഗണേശ്കുമാറും ശ്രമിച്ചെന്നു ഫെനി ബാലകൃഷ്ണന്‍. കോടതിയില്‍ മൊഴി നല്‍കിയ ശേഷം പ്രതികരിക്കുകയായിരുന്നു. ഈ നീക്കങ്ങള്‍ എതിര്‍ത്തതാണ് താനുമായുള്ള ബന്ധം വഷളാക്കിയതെന്നും സരിതയുടെ മുന്‍ അഭിഭാഷകനായ ഫെനി പറഞ്ഞു.
കമ്മിഷനു കൈമാറിയ കത്ത് താന്‍ കണ്ടിട്ടില്ലെന്ന സരിതയുടെ അവകാശവാദം തെറ്റാണ്. കോടതി നിര്‍ദേശപ്രകാരം പത്തനംതിട്ട ജയിലിലെത്തി കത്ത് കണ്ടിരുന്നു. കത്തിന്റെ പേരില്‍ സരിതയും കൂട്ടരും ആദ്യംമുതല്‍ വിലപേശല്‍ നടത്തുകയാണ്. ഏതായാലും നമ്മള്‍ മുങ്ങി; മറ്റുള്ളവരെയും മുക്കണമെന്നു കേരള കോണ്‍ഗ്രസ് (ബി) നേതാവ് തന്നോടു പറഞ്ഞതായും ഫെനി വെളിപ്പെടുത്തി.