
ശശി തരൂർ- രാഹുൽ ഗാന്ധി കൂടിക്കാഴ്ചയിൽ പൂർണ്ണ സമവായമായില്ല. കടുത്ത നിലപാടുമായി തരൂർ .കോൺഗ്രസ് പാർട്ടി നയത്തോട് ചേർന്നു നിൽക്കണമെന്ന് ശശി തരൂരിനോട് രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചതായാണ് വിവരം. വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് പ്രതിസന്ധിയുണ്ടാക്കുമെന്നാണ് രാഹുലിൻറെ ഉപദേശം. മോദിയുടെ അമേരിക്കൻ സന്ദർശനത്തിന്മേൽ പാർട്ടി സ്വീകരിച്ച നയം രാഹുൽ ചൂണ്ടിക്കാട്ടി.
എന്നാൽ താൻ പാർട്ടി നയത്തെ എതിർത്തിട്ടില്ലെന്ന് തരൂർ രാഹുലിന് മറുപടി നൽകി. ചില വിഷയങ്ങളിൽ എന്നും വ്യക്തിപരമായ വിലയിരുത്തൽ നടത്തിയിട്ടുണ്ട്. പാർട്ടിയിൽ കുറെക്കാലമായി തന്നോട് അവഗണനയുണ്ടെന്നും കൂടിയാലോചന കുറയുന്നെന്നും തരൂർ പരാതിപ്പെട്ടതായാണ് വിവരം. വളഞ്ഞിട്ടാക്രമിച്ചാൽ കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന് ചർച്ചയിൽ തരൂർ നിലപാടെടുത്തു. സംസ്ഥാന കോൺഗ്രസിലും തനിക്കെതിരെ പടയൊരുക്കമുണ്ടെന്ന് തരൂർ ചൂണ്ടിക്കാട്ടുന്നു,
കഴിഞ്ഞ ദിവസങ്ങളിലായി തരൂരും കോൺഗ്രസ് പാര്‍ട്ടിയും തമ്മിൽ നടന്ന തര്‍ക്കത്തിന്മേലാണ് സോണിയ ഗാന്ധിയുടെ വസതിയായ പത്ത് ജന്‍പഥില്‍ രാഹുല്‍ ഗാന്ധിയും ശശി തരൂരും കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാനത്തെ ലേഖന വിവാദത്തിലും ദേശീയ തലത്തില്‍ പാര്‍ട്ടിയെ വെട്ടിലാക്കിയ മോദി പ്രശംസയിലും തരൂര്‍ വിശദീകരണം നല്‍കി. രണ്ട് കാര്യങ്ങളിലും തെറ്റായ ഉദ്ദേശ്യം തനിക്കില്ലായിരുന്നുവെന്നാണ് തരൂര്‍ വിശദീകരിച്ചത്. വ്യാഖ്യാനിച്ച് കാര്യങ്ങള്‍ വഷളാക്കിയെന്നതായിരുന്നു തരൂരിന്‍റെ നിലപാട്.
തരൂരിനെ പരമാവധി അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താനാണ് രാഹുല്‍ ഗാന്ധിയും ശ്രമിച്ചത്. നീക്കങ്ങളില്‍ ജാഗ്രതയുണ്ടാകണമെന്ന നിര്‍ദ്ദേശം രാഹുല്‍ ഗാന്ധി നല്‍കിയതായാണ് വിവരം. അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചക്ക് ശേഷം പത്ത് ജന്‍പഥിന്‍റേ പിന്‍ഗേറ്റിലൂടെ മാധ്യമങ്ങളെ കാണാതെയാണ് ഇന്നലെ തരൂര്‍ മടങ്ങിയത്.
തരൂരിനെതിരെ തുടക്കത്തില്‍ മൃദു നിലപാടായിരുന്നു ദേശീയ നേതൃത്വം സ്വീകരിച്ചിരുന്നത്. എന്നാല്‍ നിലപാട് തിരുത്താതെ ഉറച്ച് നിന്ന തരൂരിനോട് സംസ്ഥാന നേതൃത്വം കടുപ്പിച്ചതോടെയാണ് ഹൈക്കമാൻഡ് ഇടപെടലുണ്ടായത്. സര്‍ക്കാര്‍ നല്‍കിയ വ്യാജ കണക്കുകള്‍ ഉദ്ധരിച്ച് ലേഖനം തയ്യാറാക്കിയെന്ന കുറ്റപത്രവും തരൂരിന് മേൽ ചാര്‍ത്തി. കെപിസിസി അധ്യക്ഷന്‍ കൂടി നിലപാട് കടുപ്പിച്ചതോടെ തരൂര്‍ ഒറ്റപ്പെടുകയും ഒടുവില്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലേക്ക് എത്തുകയുമായിരുന്നു.