ശശികല കരുനീക്കങ്ങള്‍ തുടങ്ങി; ഭൂരിപക്ഷം എംഎഎല്‍എമാരും ശശികലയുടെ കീഴില്‍ അണിനിരക്കും; പോയ്‌സ് ഗാര്‍ഡനില്‍ താമസം തുടങ്ങിയ ചിന്നമ്മ ഇനി തമിഴരെ നയിക്കും ?

ചെന്നൈ: ഏവരും പ്രതീക്ഷിചതുപോലെ ജയലളിതയുടെ മരണത്തിനു പിന്നാലെ അധികാര കേന്ദ്രങ്ങളില്‍ പിടിമുറുക്കാന്‍ ശശികല നീക്കം തുടങ്ങി. ജയലളിത ഒഴിച്ചിട്ട പോയസ് ഗാര്‍ഡനിലെ വേദനിലയത്തില്‍ അണ്ണാ ഡി.എം.കെ അണികളുടെ ‘ചിന്നമ്മ ‘ ശശികല വാസം തുടങ്ങിയത് ഇതിന്റെ ഭാഗമാണ്. ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമായ പോയസ് ഗാര്‍ഡനിലേക്കുള്ള ശശികലയുടെ മടക്കം പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കൈയിലൊതുക്കുന്നതിന്റെ സൂചനയാണ്. ജയലളിതയുടെ സംസ്‌കാരശേഷം ശശികല മടങ്ങിയത് പോയസ് ഗാര്‍ഡനിലേക്കാണ്. ഇവരോടൊപ്പം ഭര്‍ത്താവ് നടരാജനും കുടുംബാംഗങ്ങളുമുണ്ട്.

24,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ ബംഗ്ളാവുമായി പ്രവര്‍ത്തകര്‍ക്ക് വൈകാരിക അടുപ്പമുണ്ട്. പോയസ് ഗാര്‍ഡന്‍ സ്ട്രീറ്റിലെ വേദനിലയം വീട്ടില്‍ താമസിക്കുന്നവരായിക്കും പാര്‍ട്ടിയുടെ അടുത്ത പരാമാധികാരിയെന്ന് അണ്ണാ ഡി.എം.കെക്കാര്‍ക്കിടയില്‍ പ്രചാരണമുണ്ട്. ജയലളിതയുടെ ഉറ്റതോഴിയും മനസ്സാക്ഷി സൂക്ഷിപ്പുകാരിയുമായ ശശികലക്കാണ് അടുത്ത ജനറല്‍ സെക്രട്ടറിയാകാന്‍ യോഗ്യതയെന്നും ഒരു വിഭാഗം എംഎല്‍എമാര്‍ പ്രചാരണം നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതില്‍ ശശികലക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്നു. നിലവിലെ എംഎല്‍എമാരില്‍ ഭൂരിഭാഗവും ശശികലയുടെ പിന്തുണയാല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായവരാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ സാഹചര്യത്തില്‍ ശശികലയുടെ അനുയായികളാണ് ഭൂരിഭാഗം എംഎല്‍എമാരും. പൊലീസ് രഹസ്യാന്വേഷണ വിഭാഗവുമായും ശശികലക്ക് ബന്ധമുണ്ട്. നിലവില്‍ ശശികല പാര്‍ട്ടി നിര്‍വാഹക സമിതി അംഗമാണ്. 2011ല്‍ ശശികല, ഭര്‍ത്താവ് എം. നടരാജന്‍ എന്നിവരുള്‍പ്പെടെ 12 കുടുംബാംഗങ്ങളെ ജയലളിത പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ശശികലയെമാത്രം തിരിച്ചെടുത്തു. എന്നാല്‍, ജയലളിതയുടെ മരണത്തോടെ ശശികലയുടെ കുടുംബാംഗങ്ങളും പൂര്‍വാധികം ശക്തിയോടെ തിരിച്ചത്തെുകയാണ്. ജയലളിതയെ പുതപ്പിച്ചിരുന്ന ദേശീയ പതാക പൊലീസ് കൈമാറിയത് ശശികലക്കാണ്. ഈ സമയം തടിച്ചുകൂടിയ അണ്ണാ ഡി.എം.കെ അണികളില്‍നിന്ന് കൈയടികള്‍ ഉയര്‍ന്നത് അവര്‍ മനസ്സാ ശശികലയെ നേതാവായി അംഗീകരിച്ചതിന്റെ സൂചനയാണ്.

എന്നാല്‍ ജയലളിതയുടെ മരണം സിബിഐ അന്വേഷണത്തിന് വിധേയമാക്കണമെന്ന ആവശ്യവും ശക്തമാണ്. ശശികലയുടെ ഇടപെടലുകള്‍ മരണത്തിന് കാരണമായിട്ടുണ്ടെന്ന് കരുതുന്നവരാണ് ഏറെയും. 2011ല്‍ ജയലളിതയെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമം നടന്നുവെന്ന ആരോപണം സജീവമായി ഉയരുന്നതുകൊണ്ടാണിത്. ഇത്തരം ആരോപണങ്ങളുടെ മുനയൊടിക്കാന്‍ ശശികലയ്ക്ക് കഴിയുന്നതുമില്ല. പാര്‍ട്ടിയുടെ നേതൃത്വവും അതിലൂടെ മുഖ്യമന്ത്രി പദവും ലക്ഷ്യമിടുന്ന ശശികലയ്ക്ക് ഈ ആരോപണങ്ങള്‍ വലിയ തിരിച്ചടിയാണ്.

അതിനിടെ വിതുമ്പിയാര്‍ത്ത തമിഴ്നാട് ഒരു ദിവസത്തിനുശേഷം ശാന്തമാവുകയാണ്. ജയലളിത അന്ത്യവിശ്രമം കൊള്ളുന്ന മറീന ബീച്ച് ശരിക്കും ഒരു തീര്‍ത്ഥാടക കേന്ദ്രത്തിന്റെ മട്ടിലേക്ക് മാറുകയാണ്. അണ്ണാഡി.എം.കെയും എംഎല്‍എമാരും എംപി മാരും തല മൊട്ടയടിച്ച് തലൈവിക്കായി പ്രാര്‍ത്ഥനയില്‍ കഴിയുകയുമാണ്. ജയലളിത അന്ത്യവിശ്രമം കൊള്ളുന്ന മറീന ബീച്ചിലേക്ക് ജനം ഒഴുകുയാണ്. പ്രാര്‍ത്ഥനനിരതമായ മനസ്സുമായി അണ്ണാ ഡി.എം.കെ അണികള്‍ പ്രദേശം കൈയടക്കിക്കഴിഞ്ഞു. ‘അമ്മാ വാഴ്ക’ സ്തുതികളുമായി തലൈവി തിരിച്ചത്തെുമെന്ന് അവരില്‍ പലരും വിളിച്ചു പറയുന്നുണ്ട്. ജയലളിതക്കായി സ്മാരകം നിര്‍മ്മിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഒരുക്കം തുടങ്ങി. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം അളന്ന് പ്ളാന്‍ തയാറാക്കിയിട്ടുണ്ട്.

ഭൗതിക ശരീരം നേരിട്ട് കണ്ട് അന്ത്യോപചാരം അര്‍പ്പിക്കാന്‍ കഴിയാതിരുന്ന അനുയായികളാണ് മറീന ബീച്ചില്‍ ഏറെയും എത്തുന്നത്. കൂട്ടമായി തല മൊട്ടയടിച്ചും മണിക്കൂറുകളോളം ഉപവസിച്ചുമാണ് മറീന വിടുന്നത്. ഇവിടെ സായുധ സേനാംഗങ്ങള്‍ ഉള്‍പ്പെടെ അഞ്ഞൂറു പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. വൈകാരിക പ്രകടനം മുന്നില്‍കണ്ട് അന്ത്യവിശ്രമസ്ഥലത്തിനു ചുറ്റും പൊലീസ് ബാരിക്കേഡ് തീര്‍ത്തിട്ടുണ്ട്. ജയലളിതയെ അടക്കിയ ശവപ്പെട്ടിയും സായുധ പൊലീസ് സാന്നിധ്യം അനിവാര്യമാക്കിയിട്ടുണ്ട്.

Top