ദുബായ്: തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും തൊഴില്‍-ജീവിത ബാലന്‍സ് മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടു കൊണ്ട് യു.എ.ഇയിൽ സര്‍ക്കാര്‍ ജീവനക്കാരുടെ വാരാന്ത്യ അവധിദിനങ്ങളില്‍ മാറ്റം. ഇനി മുതല്‍ ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും അവധി. വെള്ളി ഉച്ചവരെ പ്രവൃത്തിദിനമായിരിക്കും.
വെള്ളി രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 വരെയായിരിക്കും പ്രവൃത്തി സമയം. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ വൈകീട്ട് 3.30 വരെ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. ജനുവരി ഒന്നുമുതല്‍ മാറ്റം പ്രാബല്യത്തിലാകും. ആഴ്ചയില്‍ നാലരദിവസമായിരിക്കും പ്രവൃത്തിദിനങ്ങള്‍. നേരത്തെ വെള്ളി, ശനി ദിവസങ്ങളിലായിരുന്നു അവധി.
വെള്ളിയാഴ്ച ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോമടക്കം തിരഞ്ഞെടുക്കാനും പുതിയ നയത്തിലൂടെ സാധിക്കും. ദേശീയ പ്രവൃത്തി ദിനം അഞ്ചുദിവസത്തിലും താഴെയാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി മാറും ഇതോടെ യുഎഇ. പ്രവൃത്തി ദിനങ്ങളില്‍ എട്ട് മണിക്കൂര്‍ വീതമാണ് പ്രവര്‍ത്തന സമയം. വെള്ളിയാഴ്ച നാലര മണിക്കൂറും പ്രവര്‍ത്തന സമയമുണ്ട്.