13 ലക്ഷം പ്രവാസി ഡ്രൈവര്‍മാര്‍ക്ക് ജോലി പോവും; വീട്ടുഡ്രൈവര്‍മാരായി വനിതകളെ വയ്ക്കില്ലെന്ന് സൗദി മന്ത്രാലയം 

ജിദ്ദ: സൗദിയില്‍ വീട്ടുഡ്രൈവര്‍മാരായി വിദേശ വനിതകളെ നിയമിക്കില്ലെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കി. വിദേശികളുള്‍പ്പടെയുള്ള വനിതകള്‍ക്ക് വാഹനങ്ങളോടിക്കുന്നതിന് ലൈസന്‍സ് അനുവദിച്ച സാഹചര്യത്തില്‍ വനിതകളായ വീട്ടു ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുമെന്ന പ്രചാരണം ശക്തിപ്പെട്ട സാഹചര്യത്തിലാണ് സൗദി തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്. വീട്ടു ഡ്രൈവര്‍മാരായി വനിതകളെ റിക്രൂട്ട് ചെയ്യുമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം ശക്തി പ്രാപിച്ചിരുന്നു.

അതിനിടെ, സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ സ്വാതന്ത്ര്യം ലഭിച്ച പശ്ചാത്തലത്തില്‍ അടുത്ത രണ്ടു വര്‍ഷത്തിനിടയില്‍ രാജ്യത്ത് 13 ലക്ഷത്തോളം വിദേശികളായ വീട്ടു ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്. നിലവില്‍ രാജ്യത്ത് 15.5 ലക്ഷം വീട്ടു ഡ്രൈവര്‍മാരാണുള്ളതെന്ന് സൗദി ജനറല്‍ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി വ്യക്തമാക്കി. 45 ശതമാനം സൗദി വീടുകളിലും വിദേശികളായ ഡ്രൈവര്‍മാര്‍ ജോലി ചെയ്യുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങളില്‍ വനിതാ ജീവനക്കാരുടെ എണ്ണം വര്‍ധിച്ചതോടെ അവരെ ഓഫീസിലേക്കും തിരിച്ചും കൊണ്ടുവിടുന്നതിനായി കൂടുതല്‍ പുരുഷ ഡ്രൈവര്‍മാര്‍ ആവശ്യമായി വരികയായിരുന്നു. എന്നാല്‍ സ്ത്രീകള്‍ തന്നെ വാഹനമോടിക്കാന്‍ തുടങ്ങുന്നതോടെ ഇവരുടെ ആവശ്യം ഇല്ലാതാവുകയും ക്രമേണ വീട്ടു ഡ്രൈവര്‍മാരുടെ ഡിമാന്റ് കുറയുന്നതിനും നിലവിലുള്ളവരുടെ ജോലി നഷ്ടപ്പെടുന്നതിനും ഇടയാവുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വനിതകള്‍ക്കുള്ള ഡ്രൈവിംഗ് നിരോധനം ഇല്ലാതായി ഒരു ദിവസം പിന്നിടുമ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷിച്ച വനിതകളുടെ എണ്ണം 120,000 ആയി വര്‍ധിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇവര്‍ക്ക് പരിശീലനം നല്‍കാനായി ആറ് പുതിയ ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിക്കുകയുണ്ടായി. 1957 മുതല്‍ നിലവിലുള്ള വനിതാ ഡ്രൈവിംഗ് നിരോധനമാണ് ജൂണ്‍ 24ന് സൗദി ഭരണകൂടം എടുത്തുകളഞ്ഞത്. കഴിഞ്ഞ വര്‍ഷമാണ് ഇത് സംബന്ധിച്ച രാജ വിജ്ഞാപനം ഭരണാധികാരി സല്‍മാന്‍ രാജാവ് പുറത്തുവിട്ടത്. ഏറെക്കാലമായി വനിതകള്‍ ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നെങ്കിലും ഇത് നടപ്പിലാക്കിയിരുന്നില്ല. ഒടുവില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കിരീടവകാശിയായി വന്നതോടെ വനിതാ ഡ്രൈവിംഗിനെതിരായ നിരോധനം എടുത്തുകളയാന്‍ തീരുമാനിക്കുകയായിരുന്നു.

Top