സിനിമാ പ്രദര്‍ശനത്തിന് അനുമതി നല്‍കുന്നത് മതവിരുദ്ധമാണെന്ന് അഭിപ്രായമുള്ള നിരവധി പണ്ഡിതന്‍മാരുണ്ട്. ഈ അഭിപ്രായം ശക്തിപ്പെട്ടപ്പോഴാണ് 1980കളില്‍ സൗദിയില്‍ സിനിമ നിരോധിച്ചത്. ഇനിയും വിനോദങ്ങളില്‍ നിന്നു ജനത്തെ തടഞ്ഞുനിര്‍ത്തുന്നത് ഗുണം ചെയ്യില്ല എന്ന് മനസിലാക്കിയാണ് സര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തത്. സൗദിയില്‍ തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനാണ് വിലക്കുള്ളത്. അതേസമയം, സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്കില്ല. യുട്യൂബും സിനിമ ലഭിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ സിനിമാശാലകളിലെ പ്രദര്‍ശനം നിരോധിക്കുന്നതില്‍ അര്‍ഥമില്ലെന്ന് സൗദി സംവിധായകര്‍ അഭിപ്രായപ്പെട്ടിരുന്നു. ദുബായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത പ്രമുഖര്‍ സൗദിയിലെ നിരോധനം നീക്കുമെന്ന് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. നിരോധനം നീക്കിയാല്‍ ഉടനെ പുതിയ സിനിമകള്‍ സൗദിയില്‍ പ്രദര്‍ശനത്തിന് എത്തുമെന്നും ഇവര്‍ പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് നിരോധനം എടുത്തുകളഞ്ഞുള്ള പ്രഖ്യാപനം വന്നിരിക്കുന്നത്.
അറബ് ലോകത്തെ ഏറ്റവും സമ്പന്നമായ സമ്പദ് വ്യവസ്ഥയുള്ള രാജ്യമാണ് സൗദി അറേബ്യ. ഇവിടെ സിനിമ വീണ്ടും എത്തുന്നത് സാമ്പത്തിക രംഗത്ത് വന്‍ കുതിപ്പുണ്ടാക്കുമെന്നാണ് കരുതുന്നത്. റിയാദിലും ജിദ്ദയിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിനിമാശാലകള്‍ തുറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദി അറേബ്യയിലുള്ളവര്‍ നിലവില്‍ അയല്‍രാജ്യങ്ങളിലെത്തിയാല്‍ പുത്തന്‍ സിനിമകള്‍ കാണാറുണ്ട്. യുഎഇയിലും ബഹ്‌റൈനിലും സിനിമ കാണുന്ന സൗദിക്കാരുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുതിയ തലമുറയുടെ ആവശ്യങ്ങള്‍ പണ്ഡിത സമൂഹം മനസിലാക്കണമെന്ന് സൗദി അറേബ്യ ജനറല്‍ എന്റര്‍ടൈമെന്റ് അതോറിറ്റി അധ്യക്ഷന്‍ അഹ്മദ് അല്‍ ഖാതിബ് പറഞ്ഞു. സൗദിയിലുള്ളവര്‍ വിദേശത്ത് വിനോദ ആവശ്യങ്ങള്‍ക്ക് വേണ്ടി ഓരോ വര്‍ഷവും 2000 കോടി ഡോളര്‍ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത്രയും തുക സ്വന്തം രാജ്യത്തിന് തന്നെ കിട്ടുന്ന സാഹചര്യമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിനിമാ നിരോധനം നീക്കിയത്. വിനോദ മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ സൗദി ഇനിയും പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി വിനോദങ്ങള്‍ക്ക് വേണ്ടി സൗദി അറേബ്യ നീക്കിവച്ചിട്ടുള്ളത് 267 കോടി ഡോളറാണ്. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടില്‍ നിന്നാണ് ഇത്രയും തുക ചെലവിടുന്നത്. വിദേശികളെയും അതുവഴി വിദേശപണവും രാജ്യത്തേക്ക് എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം. സൗദിയില്‍ സ്ത്രീ-പുരുഷന്‍മാര്‍ ഇടകലരുന്ന പരിപാടികള്‍ക്ക് നിരോധനമുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ ചില ഇളവുകള്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ച് പങ്കെടുത്ത പരിപാടികളും പിന്നീട് നടന്നു. നിലവില്‍ നിരവധി വ്യവസായികളും രാജകുമാരന്‍മാരും അറസ്റ്റിലാണ്. ഇവര്‍ പുറത്തിറങ്ങിയാല്‍ വിനോദ മേഖലയില്‍ കൂടുതല്‍ നിക്ഷേപമിറക്കുമെന്നാണ് കരുതുന്നത്.