സൗദിയില്‍ നിര്‍ത്തിവെച്ച സ്വകാര്യ മേഖലയിലെ പ്രൊഫഷന്‍ മാറ്റ സേവനം വീണ്ടും പുനരാരംഭിക്കുന്നു

നിര്‍ത്തിവെച്ച സ്വകാര്യ മേഖലയിലെ പ്രൊഫഷന്‍ മാറ്റ സേവനം വിദേശികള്‍ക്ക് വീണ്ടും ലഭ്യമാക്കാനൊരുങ്ങി സൗദി. സേവനം മുഹറം ഒന്നു മുതല്‍ വ്യവസ്ഥകളോടെ പുനരാരംഭിക്കുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പ്രഫഷന്‍ മാറ്റം നിര്‍ത്തി വെച്ചതോടെ ഫ്രീ വിസയിലെത്തിയിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിസന്ധിയിലായിരുന്നു. ഏതെങ്കിലുമൊരു തൊഴില്‍ വിസയിലാണ് സാധാരണ പ്രവാസികള്‍ സൌദിയിലെത്താറ്. തുടര്‍ന്ന് വിദ്യാഭ്യാസത്തിനനുസരിച്ച ജോലികളിലേക്ക് മാറുകയായിരുന്നു പതിവ്. സ്വദേശിവത്കരണത്തിന്റെ ഭാഗമായി നിര്‍ത്തി വെച്ചിരുന്നു ഈ സേവനം.

ഇതാണിപ്പോള്‍ വീണ്ടും പ്രാബല്യത്തിലാകുന്നത്. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത മുഹറം ഒന്നു മുതല്‍ പുതിയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പ്രൊഫഷന്‍ മാറ്റ സേവനം നടപ്പാക്കും. ഇതിനു മുന്നോടിയായി ഇന്നലെ മുതല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പ്രൊഫഷന്‍ മാറ്റ സേവനം ലഭ്യമാക്കി തുടങ്ങി. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് പ്രൊഫഷന്‍ മാറ്റം അനുവദിക്കുക. അതായത് പ്രൊഫഷന്‍ മാറ്റത്തിനുള്ള വ്യവസ്ഥകള്‍ പൂര്‍ണമാണെന്ന് കമ്പ്യൂട്ടര്‍ സംവിധാനം അന്വേഷിച്ച് ഉറപ്പു വരുത്തും. പുതിയ ജോലി എന്‍ജിനീയറിംഗ്, ആരോഗ്യം, അക്കൗണ്ടിംഗ് മേഖലയിലേക്കാണ് മാറുന്നതെങ്കില്‍ പ്രായോഗിക പരിശീലനം സംബന്ധിച്ച രേഖ വേണ്ടി വരും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൗണ്‍സില്‍ ഓഫ് സൗദി എന്‍ജിനീയേഴ്‌സ്, സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ്, സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സെര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് എന്നിവയുമായി സഹകരിച്ചാണ് പ്രൊഫഷന്‍ മാറ്റ നടപടികള്‍ സിസ്റ്റം പൂര്‍ത്തിയാക്കുക. സാമൂഹിക വികസന മന്ത്രാലയത്തിന്റെ പോര്‍ട്ടല്‍ വഴിയാണ് പ്രൊഫഷന്‍ മാറ്റത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്. തൊഴില്‍ വിപണി വീണ്ടും സജീവമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Top