റിയാദ്: സൗദി അറേബ്യയെ സാമ്പത്തികമായി തകര്‍ക്കുകയും ഭയപ്പെടുത്തുകയുമാണ് ശത്രുക്കളുടെ ലക്ഷ്യം. അതിന്റെ ഭാഗമായിട്ടാണ് ചെങ്കടലില്‍ കഴിഞ്ഞദിവസമുണ്ടായ ആക്രമണമെന്ന് കരുതുന്നു. സൗദിയുടെ രണ്ട് കൂറ്റന്‍ എണ്ണ കപ്പലുകളാണ് യമനിലെ ഹൂത്തികള്‍ ആക്രമിച്ചത്. അവര്‍ കരുതിയ പോലെ തന്നെ സൗദി അറേബ്യ ഉടന്‍ എണ്ണ കയറ്റുമതി നിര്‍ത്തിവയ്ക്കുകയും ചെയ്തു. കഴിഞ്ഞ ഏപ്രിലിലും മെയ് മാസത്തിലും സാധിക്കാതെ പോയ ഹൂത്തികളുടെ തന്ത്രമാണിപ്പോള്‍ വിജയിച്ചിരിക്കുന്നത്. പശ്ചിമേഷ്യയിലെ വ്യാപാരത്തില്‍ നിര്‍ണായകമാണ് ചെങ്കടല്‍ വഴിയുള്ള പാത. ഏദന്‍ ഉള്‍ക്കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന ബാബുല്‍ മന്തിബ് കടലിടുക്കില്‍ വച്ചാണ് കഴിഞ്ഞദിവസം സൗദിയുടെ എണ്ണ കപ്പലുകള്‍ ഹൂത്തികള്‍ ആക്രമിച്ചത്. അധികം വൈകാതെ തന്നെ ഇതുവഴിയുള്ള ചരക്കുകടത്ത് സൗദി നിര്‍ത്തിവച്ചു.
രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമമുണ്ടായെങ്കിലും ഒരു കപ്പലിനാണ് കേടുപാടുകള്‍ സംഭവിച്ചത്. ഉടന്‍ കൂടുതല്‍ സഖ്യസൈനികരെത്തി കപ്പല്‍ സുരക്ഷിത കേന്ദ്രത്തിലെത്തിച്ചു. യമനിലെ അല്‍ ഹുദൈദ തുറമുഖം വഴിയാണ് ഹൂത്തികള്‍ ആക്രമണം നടത്തിയത്. ഹുദൈദയുടെ നിയന്ത്രണം പിടിക്കാന്‍ സൗദി സഖ്യസേന ശ്രമിച്ചുവരികയാണ്.
കൂറ്റന്‍ ചരക്കുകപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. 20 ലക്ഷം ബാരല്‍ എണ്ണ വഹിക്കാന്‍ ശേഷിയുള്ള കപ്പലുകളായിരുന്നു അത്. ദമ്മാം എന്നു പേരുള്ള കപ്പലാണ് ആക്രമിച്ചതെന്ന് ഹൂത്തികള്‍ പറയുന്നു. എന്നാല്‍ സംഭവം സ്ഥിരീകരിച്ച സഖ്യസേന കപ്പലിന്റെ പേര് പുറത്തുവിട്ടിട്ടില്ല. ഈ സംഭവം എണ്ണവിപണിയെ കാര്യമായി ബാധിക്കുമെന്നാണ് ആശങ്ക.സൗദിയുടെ എണ്ണ ദിനംപ്രതി ആഗോള വിപണിയില്‍ എത്തുന്നത് കൊണ്ടാണ് വില വര്‍ധിക്കാതിരിക്കുന്നത്. സൗദി എണ്ണ ഏഷ്യയിലേക്കും യൂറോപ്പിലേക്കുമെത്തിക്കുന്ന പ്രധാന പാതയിലാണ് ആക്രമണമുണ്ടായിരിക്കുന്നത്.
ഈ വഴിയുള്ള കയറ്റുമതി സൗദി നിര്‍ത്തിവച്ചതിനാല്‍ വിപണിയില്‍ എണ്ണ എത്തുന്നത് കുറയും. വില കുതിച്ചുയരുകയും ചെയ്യും. താല്‍ക്കാലികമായിട്ടാണ് എണ്ണ കയറ്റുമതി നിര്‍ത്തിവച്ചതെന്ന് സൗദി പറയുന്നു. പാത സുരക്ഷിതമായെന്ന് തോന്നിയാല്‍ ഇനിയും കയറ്റുമതി തുടുരുമെന്നും സൗദി അറിയിച്ചു. ഒരു പക്ഷേ, ചരക്കുകടത്ത് പാതയുടെ സുരക്ഷ ശക്തമാക്കാന്‍ വിദേശ സൈന്യം എത്താനും സാധ്യതയുണ്ട്. അതോടെ യമനിലെ ഹൂത്തി വിമതരുമായുള്ള യുദ്ധത്തിന്റെ രൂപം മാറും. ബാബുല്‍ മന്തിബ് അതീവ പ്രാധാന്യമുള്ള സ്ഥലമാണ്. ഇതുവഴി ചെങ്കടലില്‍ കടന്നാല്‍ സൂയസ് കനാലിലേക്ക് എത്താം.
സൂയസ് കനാല്‍ വഴി യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് ചരക്കുകള്‍ കടത്താം. യൂറോപ്യന്‍ വിപണിയിലേക്ക് സൗദിയുടെ എണ്ണ എത്തിക്കുന്ന പ്രധാന വഴിയാണിതെന്നര്‍ഥം. സൗദിയുടെ പുതിയ തീരുമാനം താല്‍ക്കാലികമാണെങ്കിലും യൂറോപ്പ്, അമേരിക്ക എന്നിവരെ ബാധിക്കും. അതുകൊണ്ടുതന്നെ മേഖലയുടെ സുരക്ഷയ്ക്ക് യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും സൈനികരെ അയച്ചേക്കാം. ഈ സാഹചര്യമുണ്ടായാല്‍ യമന്‍ യുദ്ധം വഴിമാറുമെന്ന ആശങ്ക നിരീക്ഷകര്‍ പങ്കുവയ്ക്കുന്നു. എണ്ണ കയറ്റുമതി നിര്‍ത്തിവച്ച് യമനിലെ ഹൂത്തികള്‍ക്കെതിരെ അന്താരാഷ്ട്ര സൈനിക ഇടപെടലിന് സാഹചര്യമൊരുക്കാനുള്ള തന്ത്രം സൗദിക്കുണ്ടോ എന്നു സംശയിക്കുന്ന നിരീക്ഷകരുമുണ്ട്.