ജിദ്ദ: ഇനി മുതല്‍ സൗദിയിലെ തബൂക്ക് കിംഗ് ഫഹദ് സ്പെഷ്യല്‍ ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്ന് മരുന്നുകള്‍ എടുത്തു നല്‍കുക ഫാര്‍മസിസ്റ്റ് ആവില്ല, പകരം റോബോര്‍ട്ട് ആ കൃത്യം നിര്‍വഹിക്കും. സൗദിയിലെ ആദ്യ റോബോട്ട് നിയന്ത്രിത ഫാര്‍മസി തബൂക്ക് ഗവര്‍ണര്‍ പ്രിന്‍സ് ഫഹദ് ബിന്‍ സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു. ഒരു മണിക്കൂറില്‍ 1500 മരുന്ന് പായ്ക്കറ്റുകള്‍ വിതരണം ചെയ്യാന്‍ ഈ സ്മാര്‍ട്ട് ഫാര്‍മസിയിലൂടെ സാധിക്കും.
20,000 മരുന്ന് പായ്ക്കറ്റുകള്‍ സൂക്ഷിക്കാന്‍ സംവിധാനമുള്ള പ്രത്യേക റാക്ക് സിസ്റ്റമാണ് ഇവിടെ ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ മരുന്നുകള്‍ ലഭിക്കുന്നുവെന്നത് മാത്രമല്ല ഇവിടെയുള്ള പ്രത്യേകത. മരുന്നുകള്‍ എടുക്കുമ്പോള്‍ തെറ്റ് സംഭവിക്കാനുള്ള സാധ്യത ഇല്ലാതാവുന്നതോടൊപ്പം എക്‌സ്പയറി ഡേറ്റ് കഴിഞ്ഞവ ഒഴിവാക്കാനും ഈ റോബോട്ടുകള്‍ക്ക് സാധിക്കും. ഒരു മണിക്കൂറില്‍ 240 പ്രിസ്‌ക്രിപ്ഷനുകള്‍ കൈകാര്യം ചെയ്യാന്‍ ഇവയ്ക്കു സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക ഫാര്‍മസി ഉള്‍പ്പെടെ ആറു ഔട്ട്ലെറ്റുകളാണ് ഈ രീതിയില്‍ റോബോട്ടിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുക. മെഡിക്കല്‍ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് സ്മാര്‍ട്ട് ഫാര്‍മസികള്‍ വഴിവയ്ക്കുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത തബൂക്ക് ഗവര്‍ണര്‍ പറഞ്ഞു.
രാജ്യത്തെ ചികില്‍സാ രംഗത്തെആധുനികവല്‍ക്കരിക്കുന്നതിനായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും നടത്തുന്ന പരിശ്രമങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. ചികില്‍സാ രംഗത്ത് കൂടുതല്‍ സ്വകാര്യം വല്‍ക്കരണം നടത്താനുള്ള നീക്കത്തിലാണ് സൗദി ഭരണകൂടം. രാജ്യത്തെ ഫാര്‍മസികള്‍ മുഴുവന്‍ സ്വകാര്യമേഖലയിലേക്ക് മാറ്റാനുള്ള ചര്‍ച്ചകള്‍ സജീവമാണ്.