മലയാളം സംസാരിച്ച വിദ്യാര്‍ത്ഥിയുടെ പുറത്ത് പോസ്റ്റര്‍; അധ്യാപിക അറസ്റ്റില്‍

തൊടുപുഴ: മലയാളം സംസാരിച്ചു എന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയുടെ പുറത്ത് പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ അദ്ധ്യാപിക അറസ്റ്റില്‍. തൊടുപുഴ കാളിയാര്‍ ജയറാണി സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയും നാഗാലാന്‍ഡ് സ്വദേശിനിയുമായ അസനെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. കഴിഞ്ഞ ഒമ്പതിനാണ് സ്‌കൂളില്‍ ഇംഗ്ലീഷ് സംസാരിച്ചില്ലെന്നാരോപിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ഷര്‍ട്ടില്‍ അദ്ധ്യാപിക പേപ്പര്‍ ക്ലിപ്പ് ചെയ്തത്. പേപ്പറില്‍ ‘ഞാന്‍ അനുസരണയില്ലാത്തയാളാണ്… എപ്പോഴും മലയാളമേ സംസാരിക്കൂ’ എന്ന് ഇംഗ്ലീഷിലെഴുതിയ പേപ്പറാണ് ഒട്ടിച്ചത്.

ഇത്തരത്തിലുള്ള സംഭവങ്ങള്‍ കുട്ടികളെ മാനസികമായി തളര്‍ത്തും എന്ന് കാട്ടി പൊലീസ് ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റീസ് ആക്ട് 75 പ്രകാരം കേസെടുക്കുകയായിരുന്നു.
ഇന്നലെ രാത്രി രാത്രി 8.45 മണിയോടെയാണ് ഇവര്‍ കാളിയാര്‍ പൊലീസ് സ്‌റ്റേഷനിലെത്തിയത്. അറസ്റ്റ് ചെയ്ത് വിശദമായ ചോദ്യം ചെയ്യലിന് ശേഷം രാത്രി തന്നെ ഇവരെ പൊലീസ് വിട്ടയച്ചു. വക്കീലിനും രണ്ട് ജാമ്യക്കാര്‍ക്കുമൊപ്പമായിരുന്നു അദ്ധ്യാപിക സ്റ്റേഷനിലെത്തിയത്. സ്‌കൂളില്‍ നിന്ന് ഇവരെ നീക്കിയതായി കഴിഞ്ഞ ദിവസം പ്രിന്‍സിപ്പലും അറിയിച്ചിരുന്നു. അതേ സമയം പരാതി നല്‍കിയതല്ലാതെ മൊഴിയെടുക്കുന്ന കാര്യങ്ങളില്‍ ഉള്‍പ്പെടെ കുട്ടിയുടെ പിതാവ് സഹകരിക്കുന്നില്ലെന്ന് എസ്‌ഐ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top