കോൺഗ്രസിന്റെ ഏറ്റവും ശക്തരായ പോരാളികളിൽ ഒരാളെയാണ് ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ പാർട്ടിക്ക് നഷ്ടമായത്. കേന്ദ്രമന്ത്രി, എം.പി എന്നീ സ്ഥാനങ്ങൾ വഹിച്ച അനുഭവ പരിചയമുള്ള, കോൺഗ്രസിന്റെ ‘ടോപ് മോസ്റ്റ്’ എന്ന് പറയാവുന്ന നേതാക്കളിൽ ഒരാളായിരുന്നു ഗ്വാളിയോർ രാജകുടുംബാംഗം കൂടിയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ.അതുകൊണ്ടുതന്നെ രണ്ട് ദശാബ്ദക്കാലം പാർട്ടിയോടൊപ്പം നിന്ന അദ്ദേഹത്തിന്റെ കൂറുമാറ്റം ചില്ലറ ക്ഷീണമൊന്നുമല്ല കോൺഗ്രസിനേൽപ്പിക്കുക.
മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് വളരെ മുൻപുതന്നെ സിന്ധ്യ-കമൽനാഥ്, ദിഗ്‌വിജയ് സിംഗ് പക്ഷങ്ങൾ തമ്മിൽ അസ്വാരസ്യങ്ങൾ ആരംഭിച്ചിരുന്നു. ആ പോര് അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയത് ഏകദേശം 14 മാസം മുൻപ് നടന്ന മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പോട് കൂടിയായിരുന്നു.തിരഞ്ഞെടുപ്പിൽ ജയിച്ച കോൺഗ്രസ് പാർട്ടി മന്ത്രിയായി നിർദ്ദേശിച്ചത് കമൽനാഥിനെയായിരുന്നു, എന്നാൽ 84ലെ സിഖ് കലാപത്തിൽ പങ്കാളിയായിരുന്നു എന്ന ആക്ഷേപം നേരിടുന്ന കമൽനാഥിനെ മുഖ്യമന്ത്രിയാക്കാൻ പാടില്ലെന്നും സിന്ധ്യ ആണ് ആ പദവിയിലേക്ക് എത്താൻ കൂടുതൽ യോഗ്യതയെന്നും പാർട്ടിയിൽ മുറുമുറുപ്പുകൾ ആരംഭിച്ചു.എന്നാൽ അന്നത്തെ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധി കമൽനാഥിനെ വച്ചുതന്നെ മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു.
മുഖ്യമന്ത്രി സ്ഥാനം കമൽനാഥിന് നൽകിയ രാഹുൽ ഗാന്ധി അനുനയത്തിനുള്ള മാർഗമെന്നോണം ഉപമുഖ്യമന്ത്രി സ്ഥാനം സിന്ധ്യക്ക് നേരെ വെച്ചുനീട്ടി. എന്നാൽ രാഹുലിന്റെ തീരുമാനത്തിൽ അതൃപ്തിയുണ്ടായിരുന്ന സിന്ധ്യ ഈ നിർദ്ദേശം നിരസിക്കുകയായിരുന്നു.ഇതോടെ കമൽനാഥും സിന്ധ്യയും തമ്മിലെ അസ്വാരസ്യങ്ങൾ മറ്റൊരു തലത്തിലേക്ക് ഉയർന്നു. തുടർന്ന് സിന്ധ്യയോട് പ്രതികാര ബുദ്ധിയോടെ പെരുമാറിയിരുന്ന കമൽനാഥ് അദ്ദേഹത്തിന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം നൽകുന്നതിനെ വരെ എതിർക്കുകയായിരുന്നു. ദിഗ്‌വിജയ് സിംഗ് നിർദ്ദേശിച്ചിട്ടു പോലും കമൽനാഥ് ഇക്കാര്യത്തിൽ വഴങ്ങാൻ തയാറായില്ല എന്നും പറയപ്പെടുന്നു.ഒടുവിൽ, സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഏതാനും ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്നുള്ള സിന്ധ്യയുടെ ‘ചെറിയ ആവശ്യങ്ങൾ’ പോലും കമൽനാഥ് തള്ളാൻ തുടങ്ങി എന്നായിരുന്നു ഒരു സമയത്തെ അങ്ങാടിപ്പാട്ട്. അങ്ങനെ ഇനിയൊരിക്കലും അടുക്കാൻ സാദ്ധ്യതയില്ലാത്ത ഇരുവരും വിരുദ്ധ ധ്രുവങ്ങളിലേക്ക് മാറുകയായിരുന്നു.അവസാനം, അതിന് കോൺഗ്രസ് നൽകേണ്ടി വന്ന വിലയോ? ഒരു സംസ്ഥാന സർക്കാരിന്റെ തന്നെ പതനം. അവസാനം രാജ്യസഭയിലേക്ക് സിന്ധ്യയെ നോമിനേറ്റ് ചെയ്യുന്ന കാര്യത്തിൽ കോൺഗ്രസ് കാണിച്ച അലംഭാവം മദ്ധ്യപ്രദേശ് സർക്കാരിന്റെ ശവപ്പെട്ടിയിൽ അവസാന ആണിയായി മാറുകയും ചെയ്തു.