ജക്കാര്‍ത്ത: സുനാമി ഭീതി ഒഴിയാതെ ഇന്തോനീഷ്യ. അഗ്നി പര്‍വ്വത സ്‌ഫോടനത്തെത്തുടര്‍ന്ന് ഉണ്ടായ സുനാമിയുെ അലകള്‍ അടങ്ങുന്നതിന് മുമ്പായി മറ്റൊരു സുനാമി പ്രവചിച്ചിരിക്കുകയാണ് കാലാവസ്ഥാ വിദഗ്ധര്‍. രാക്ഷസ തിരമാലകള്‍ എപ്പോള്‍ വേണമെങ്കിലും എത്തുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. സുനാമിക്ക് കാരണമായ അനക് ക്രാക്കട്ടോവ അഗ്‌നിപര്‍വതം ചാരവും പുകയും പുറന്തള്ളുന്നതും തുടരുകയാണ്.
ശനിയാഴ്ച രാത്രിയാണു തെക്കന്‍ സുമാത്രയ്ക്കും പശ്ചിമ ജാവയ്ക്കുമിടയിലെ തീരമേഖലയില്‍ സൂനാമി ആഞ്ഞടിച്ചത്. സുമാത്രയ്ക്കും ജാവയ്ക്കുമിടയിലുള്ള സുണ്‍ഡ കടലിടുക്കില്‍ സ്ഥിതി ചെയ്യുന്ന അനക് ക്രാക്കട്ടോവ പൊട്ടിത്തെറിച്ചതായിരുന്നു സൂനാമിക്കു കാരണമായത്. ഭൂകമ്പമുണ്ടാകാതിരുന്നതിനാല്‍ മുന്നറിയിപ്പു നല്‍കാനായില്ല. 305 മീറ്റര്‍ ഉയരമുള്ള അഗ്‌നിപര്‍വത ദ്വീപിന്റെ ഏകദേശം 222 ഏക്കര്‍ പ്രദേശം ഇടിഞ്ഞു താണതോടെയാണ് സൂനാമിയുണ്ടായത്. ദ്വീപിന്റെ പല ഭാഗങ്ങളും ഇപ്പോഴും ഏതുനിമിഷവും ഇടിഞ്ഞു താഴാവുന്ന അവസ്ഥയിലാണ്. കൊടുംമഴയും തിരമാലകളും തുടരുന്നതും മേഖലയെ ഏറെ ദുര്‍ബലമാക്കുന്നു.
അനക് സ്ഥിതി ചെയ്യുന്ന മേഖലയില്‍ നിന്നുള്ള ‘മുരള്‍ച്ചകള്‍’ നിരീക്ഷിക്കാന്‍ മാത്രമായി ഒരു മോണിട്ടറിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ദ്വീപ് തകര്‍ന്നടിഞ്ഞാല്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കാന്‍ വേണ്ടിയാണിതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ച 222 ഏക്കര്‍ പ്രദേശം തകര്‍ന്നപ്പോള്‍ത്തന്നെ 16 അടി ഉയരത്തിലേക്കാണു തിരമാലകള്‍ ആഞ്ഞടിച്ചത്. ഇതോടെ തീരമേഖല പൂര്‍ണമായും തകര്‍ന്നു. ബുധനാഴ്ച ഉച്ചവരെ മരിച്ചത് 430 പേര്‍. 159 പേരെ കാണാതായിട്ടുണ്ട്. 1500ലേറെ പേര്‍ക്കു പരുക്കേറ്റു. ഇരുപതിനായിരത്തോളം പേരെ ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറ്റി. തീരത്തു നിന്ന് രണ്ടു കിലോമീറ്ററോളം മേഖലയില്‍ ആരെയും അനുവദിക്കാത്ത വിധം ‘എക്‌സ്‌ക്ലൂഷന്‍ സോണ്‍’ ആയി പ്രഖ്യാപിച്ചു.
അതിനിടെ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു കനത്ത മഴയും തുടരുകയാണ്. ഒറ്റപ്പെട്ട ഒട്ടേറെ ദ്വീപുകളില്‍ ഇപ്പോഴും ജനങ്ങള്‍ കുടുങ്ങിക്കിടപ്പുണ്ട്. ഇവര്‍ക്കാവശ്യമായ കുടിവെള്ളവും മറ്റുമായി ഹെലികോപ്ടറുകള്‍ തയാറാണെങ്കിലും കനത്ത മഴയും അഗ്‌നിപര്‍വതത്തിലെ പുകയും ചാരവും കാഴ്ചയ്ക്കു തടസ്സം സൃഷ്ടിക്കുകയാണ്. റോഡുകളും പാലങ്ങളും തകര്‍ന്ന് ഒറ്റപ്പെട്ടു പോയ പ്രദേശങ്ങളിലേക്ക് ഡ്രോണുകള്‍ അയച്ചാണു തിരച്ചില്‍. കെട്ടിടാവശിഷ്ടങ്ങളും ചെളിക്കൂനകളും മാറ്റിയും കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മണംപിടിക്കാന്‍ കഴിവുള്ള നായ്ക്കളെ ഉപയോഗിച്ചാണു തിരച്ചില്‍.
അനക് ക്രാക്കട്ടോവ സ്ഥിതി ചെയ്യുന്ന ദ്വീപിന്റെ നിലവിലെ അവസ്ഥ എന്താണെന്നു പോലും അറിയാനാകുന്നില്ല, അത്രയേറെയാണു പുകയും ചാരവും. ജാവയുടെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലേക്ക് ഇപ്പോഴും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. മത്സ്യബന്ധന മേഖലയായ ഇവിടെ വന്‍ നാശനഷ്ടമാണുണ്ടായിരിക്കുന്നത്. റോഡുകളില്‍ ചെളി നിറഞ്ഞ് ഉപയോഗശൂന്യമായി. വാഹനങ്ങള്‍ തകര്‍ന്നുകിടക്കുന്നു, മരങ്ങള്‍ കടപുഴകി. റോഡുകളിലും വയലുകളിലുമെല്ലാം വീട്ടുപകരണങ്ങളും ലോഹവസ്തുക്കളും മരത്തടികളും ചിതറിക്കിടക്കുകയാണ്. ഇവിടെയാണ് മഴ ഏറ്റവും രൂക്ഷവും!
രാജ്യത്ത് ഒട്ടേറെ പേര്‍ താല്‍ക്കാലിക ഷെല്‍ട്ടറുകളില്‍ താമസിക്കുകയാണ്. വീടിന്റെ തറ പോലും ഇല്ലാത്ത വിധം കടലെടുക്കപ്പെട്ടവരും ഉണ്ട്. ആശുപത്രികളും ഷെല്‍ട്ടറുകളും തിങ്ങിനിറഞ്ഞതോടെ പലരും പൊതുസ്ഥലങ്ങളിലേക്കു മാറിയിരുന്നു. എന്നാല്‍ മഴ വന്നതോടെ അവരും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കെത്തി. ഇതോടെ വെള്ളത്തിനും ക്ഷാമമായി. അതീവ രൂക്ഷമായ ആരോഗ്യപ്രശ്‌നങ്ങളാണു വരുംനാളുകളില്‍ കാത്തിരിക്കുന്നതെന്നും ആരോഗ്യവകുപ്പ് പറയുന്നു.