ഒരു നര്‍ത്തകി മാത്രമായിരുന്ന സീമയെയാണ് ഐവി ശശി അവളുടെ രാവുകളിലെ നായികയാക്കിയത്. അവളുടെ രാവുകളായിരുന്നു ശശിയേയും സീമയേയും അടുപ്പിച്ചത്. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച മലയാളത്തിലെ ആദ്യ വാണിജ്യ വിജയം നേടിയ സിനിമ. ഈ സിനിമയുടെ സമയത്ത് സീമ പല വേദനകള്‍ സഹിച്ചാണ് അഭിനയിച്ചത്. സീമ എന്ന നടിയുടെ തുടക്കവും അവിടെയായിരുന്നു’-അവളുടെ രാവുകളില്‍.
ഐ വി ശശിയെന്ന സംവിധായകന്റെ തൊപ്പിയിലെ പൊന്‍തൂവലുമായി ആ സിനിമ. പിന്നീട് ഇരുവരും കുടുംബ ജീവതത്തിലേക്ക് കടന്നു. പ്രണയം, വിവാഹം അങ്ങനെ. അപ്രതീക്ഷിതമായി ഐവി ശശി വിടവാങ്ങുമ്പോള്‍ സീമ തനിച്ചാകുന്നു. മലയാള സിനിമയ്ക്ക് അനവധി സുവര്‍ണ്ണ നിമിഷങ്ങള്‍ സമ്മാനിച്ച സൂപ്പര്‍ ഹിറ്റ് ഡയറക്ടറായിരുന്നു ഐവി ശശി.
അവളുട രാവുകളെക്കുറിച്ച് കുറിച്ച് മാതൃഭൂമിക്ക് നല്‍കിയ പഴയ അഭിമുഖത്തില്‍ സീമ പറയുന്നത് ഇങ്ങനെയാണ്- ”സത്യത്തില്‍ അവളുടെ രാവുകളിലെ രാജിയെപ്പോലെ ഒരു പാവമായിരുന്നു ഞാന്‍. ഡയറക്ടര്‍ എന്നനിലയില്‍ ശശിയേട്ടന്‍ പറഞ്ഞുതരുന്നതുപോലെ അഭിനയിക്കുകയായിരുന്നു. രാജി എന്ന ലൈംഗിക തൊഴിലാളിയെ എനിക്ക് പരിചയമില്ല. പക്ഷേ അവളാകാന്‍ ചില വേഷങ്ങളൊക്കെയിടുമ്പോള്‍ ഞാന്‍ ശശിയേട്ടനോട് ചോദിച്ചു. ‘ഇങ്ങനെയൊക്കെ ഞാന്‍ അഭിനയിക്കണോ സാര്‍?. പലപ്പോഴും ഒറ്റയ്ക്കിരുന്ന് കരഞ്ഞു. ഒരര്‍ഥത്തില്‍ ആ വേദന വലിയൊരു വിജയമാണ് എനിക്ക് സമ്മാനിച്ചത്.
അവളുടെ രാവുകളുടെ അഭൂതപര്‍വമായ വിജയം സീമ എന്ന അഭിനേത്രിക്ക് മലയാളത്തിന്റെ ഒന്നാംനിര നായികയിലേക്കുള്ള കുതിപ്പുകൂടിയായിരുന്നു. അനുമോദനം, ഞാന്‍ ഞാന്‍ മാത്രം, ഈറ്റ, അനുഭവങ്ങളേ നന്ദി, മനസാവാചാകര്‍മണാ, ഏഴാം കടലിനക്കരെ, ആറാട്ട്, ഇവര്‍, അങ്ങാടി, കാന്തവലയം, കരിമ്പന, മീന്‍ തുടങ്ങി 1980 ആകുമ്പോഴേക്കും ഐ.വി.ശശിയുടെ നിരവധി ചിത്രങ്ങളില്‍ സീമ പ്രധാന വേഷത്തിലെത്തി. പലതിലും നായികയായി. 1978 – മുതല്‍ 80 വരെ ശശിയടക്കം പ്രശസ്തസംവിധായകരുടെ 50 ഓളം ചിത്രങ്ങളിലാണ് സീമ വേഷമിട്ടത്.
”എന്നിലെ ആര്‍ട്ടിസ്റ്റിന്റെ കഴിവുകളെ പുറത്തു കൊണ്ടുവന്നതിന്റെ ക്രഡിറ്റ് മുഴുവനും ശശിയേട്ടനുള്ളതാണ്. ജീവിതത്തില്‍ ഭര്‍ത്താവ് മാത്രമല്ല എനിക്കദ്ദേഹം. അഭിനയത്തിലെ ഗുരുകൂടിയാണ്. ആ ഗുരുമുഖത്തു നിന്നാണ് ഞാന്‍ അഭിനയത്തിന്റെ പാഠങ്ങള്‍ മനസ്സിലാക്കിയത്. ശശിയേട്ടനെ നമിച്ചേ ഞാന്‍ ഇന്നുവരെ ക്യാമറയ്ക്ക് മുന്നില്‍ നിന്നിട്ടുള്ളൂ”. -ഇങ്ങനെയായിരുന്നു സീമ ഓര്‍ത്തെടുക്കുന്നത്.
ഐ.വി.ശശി-സീമ പ്രണയം സിനിമയിലെ ചൂടേറിയ ചര്‍ച്ചകളിലൊന്നായി മാറിയ കാലം. അസുഖമായി ശശി ചെന്നൈയിലെ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നത് അമ്മയാണ്. മയക്കത്തിനിടയില്‍ എപ്പോഴൊക്കെയോ ശശി സീമയുടെ പേര് ഉച്ചരിച്ചത് അമ്മ ശ്രദ്ധിച്ചിട്ടുണ്ടാകണം. ആശുപത്രിവിട്ട ശേഷം അമ്മ ചോദിച്ചു ‘മോന് സീമയെ അത്രക്കിഷ്ടമാണോ?’ അതെ എന്ന് ശശിയുടെ മറുപടി.
സീമയോടുള്ള പ്രണയം ശശി ആദ്യം പറയുന്നത് പ്രിയ സുഹൃത്തുക്കളില്‍ ഒരാളായ കമല്‍ഹാസനോടാണ്. വളരെ സന്തോഷത്തോടുകൂടിയുള്ള കമലിന്റെ മറുപടി ഇങ്ങനെ: ” നന്നായി ശശി, ശാന്തി പാവം കുട്ടിയാണ്”. കമലും സീമയും ചോപ്രാമാഷുടെ കീഴില്‍ നൃത്തപരിശീലനം നേടിയവരാണ്. ആ കാലം മുതല്‍ സീമയെ കമലിന് അടുത്തറിയാം. അങ്ങനെ കാര്യങ്ങള്‍ വിവാഹത്തിലെത്തി.