
ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയത് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്തെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. അന്ന് ജേക്കബ് പുന്നൂസ് ആയിരുന്നു പൊലീസ് മേധാവി എന്നും സെന്‍കുമാര്‍ പറഞ്ഞു. ഫോണ്‍ ചോര്‍ത്തല്‍ ഉള്‍പ്പെടെ പല വ്യാജ ആരോപണങ്ങളും തനിക്ക് എതിരെ ഇപ്പോള്‍ ഉയരുന്നുണ്ടെന്നും എന്നാല്‍ ഈ സമയത്ത് ഡിജിപി താനല്ലായിരുന്നു എന്നും സെന്‍കുമാര്‍ വ്യക്തമാക്കി. അയ്യപ്പജ്യോതിയില്‍ സെന്‍കുമാര്‍ പങ്കെടുത്തതിന് എതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നതിനിടെയാണ് സെന്‍കുമാറിന്റെ പ്രസ്താവന.
ബിജെപിയുടെ നവാഗത നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോണ്‍ ചോര്‍ത്തല്‍ നടന്ന സമയത്ത് താന്‍ കെഎസ്ആര്‍ടിസി സിഎംഡി ആയിരുന്നു. 2011ല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി. 2012ലാണ് പൊലീസില്‍ തിരിച്ചെത്തിയത്. ഇതൊന്നുമറിയാതെ മാധ്യമങ്ങള്‍ നുണ പ്രചരിപ്പിക്കുകയാണെന്ന് സെന്‍കുമാര്‍ പറഞ്ഞു. 2019ല്‍ മാത്രമല്ല, 2024ലും മോഡി തന്നെ പ്രധാനമന്ത്രി ആകണമെന്നും സെന്‍കുമാര്‍ പറഞ്ഞു. ഇന്ത്യ നന്നാകണമെങ്കില്‍ മോഡിക്ക് ഭരണത്തുടര്‍ച്ച വേണം.
നരേന്ദ്രമോഡിയുടെ ഭരണത്തില്‍ ഇന്ത്യക്കുണ്ടായ നേട്ടങ്ങള്‍ അത്ഭുതകരമാണെന്നും സെന്‍കുമാര്‍ പറഞ്ഞു. കൃഷി ഒരിക്കലും ചെയ്യാത്തവരാണ് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്നത്. ഇന്ത്യയിലെ ജനസംഖ്യ കണക്കിലെടുത്ത് നോക്കുമ്പോള്‍ പശുവിന്റെ പേരിലുണ്ടായ ആക്രമണങ്ങള്‍ ഒറ്റപ്പെട്ട സംഭവമാണെന്നും സെന്‍കുമാര്‍ പറഞ്ഞു.