സെൻകുമാറിനെ ദത്തെടുത്ത് ബിജെപി: കേന്ദ്രത്തിൽ ഡെപ്യൂട്ടേഷനിലേയ്ക്ക്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സംസ്ഥാന സർക്കാരുമായി യുദ്ധം തുടരുന്ന മുൻ ഡിജിപി ടി.പി സെൻകുമാറിനെ സംരക്ഷണവലയം തീർക്കാൻ ബിജെപി. ടി.പി സെൻകുമാറിനെ കേരള സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അംഗമായി നിയമിക്കാനുള്ള ശുപാർശ ഗവർണ്ണറുടെ പക്കൽ നിന്നും വന്നാൽ കേന്ദ്രം അനുകൂല തീരുമാനമെടുക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശുപാർശയിൽ പ്രധാനമന്ത്രി തലവനായ നിയമന സമിതി അംഗീകാരം നൽകിയതിന് ശേഷം മാത്രമേ രാഷ്ട്രപതിയുടെ പരിഗണനക്ക് പോവുകയൊള്ളു.

വിജിലൻസ് അന്വേഷണത്തിന്റെ പേരിൽ സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തുടർ നടപടിയുണ്ടായാൽ അത് രാഷ്ട്രീയ പകപോക്കലായി മാത്രമേ കണക്കാക്കാൻ കഴിയു എന്ന് ബിജെപി കേന്ദ്രങ്ങൾ വ്യക്തമാക്കി.

സെൻകുമാറിന് മുന്നിലെ തടസ്സങ്ങൾ ഇനി വിലപ്പോവില്ലെന്നും ഉചിതമായ തീരുമാനം പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നുമാണ് ബിജെപി കേന്ദ്രങ്ങൾ നൽകുന്ന സൂചന.

ഹൈക്കോടതി ജഡ്ജിക്ക് തുല്യമായ പദവിയുള്ള സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് ഐഎഎസ് -ഐപിഎസ് ഉദ്യോഗസ്ഥരടക്കമുള്ള കേന്ദ്ര സർക്കാർ ജീവനക്കാരുടെ സർവ്വീസ് സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യുന്നത്.

അതായത് ഇപ്പോൾ സെൻകുമാറിനെതിരെ നിൽക്കുന്ന ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെയും ഡിജിപി ബഹ്റയുടെയുമുൾപ്പെടെയുള്ളവരുടെ സർവ്വീസ് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇവിടെ എത്തണമെന്ന് ചുരുക്കം. ഒരു ഹൈക്കോടതി ജഡ്ജിയും മറ്റ് രണ്ട് അംഗങ്ങളുമാണ് ട്രിബ്യൂണലിൽ ഉള്ളത്.

നിലവിലെ 2 ഒഴിവുകളിലേക്ക് 2010-ൽ 20 പേരാണ് അപേക്ഷിച്ചിരുന്നത്. സെൻകുമാറിനെ കൂടാതെ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ വി.സോമസുന്ദരമാണ് ഇപ്പോൾ പട്ടികയിലുള്ളത്.

ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മോഹൻ എം ശാന്തന ഗൗഡർ അദ്ധ്യക്ഷനായ സമിതിയാണ് തിരഞ്ഞെടുപ്പ് നടത്തിയിരുന്നത്.

2016 ഒക്ടോബർ 22ന് ട്രിബ്യൂണൽ നിയമന ശുപാർശ സർക്കാറിന് നൽകിയെങ്കിലും സെൻകുമാറിന്റെ കാര്യത്തിലെ ‘ഉടക്കിൽ ‘ ശുപാർശ ഒപ്പ് വച്ച് ഗവർണ്ണർക്കയക്കാതെ വൈകിപ്പിക്കുകയായിരുന്നു.

വീണ്ടും അപേക്ഷ ക്ഷണിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്നും പാനൽ വിപുലീകരിക്കണമെന്നും ഇതിന് ഗവർണ്ണറുടെ അനുമതി തേടണമെന്നുമായിരുന്നു സർക്കാർ തീരുമാനം.

എന്നാൽ ട്രിബ്യൂണൽ അംഗങ്ങളുടെ നിയമനത്തിൽ സർക്കാറിന് പരിമിത അധികാരം മാത്രമേ ഒള്ളൂവെന്ന ഹൈക്കോടതി ഉത്തരവ് നിയമോപദേശകർ ചൂണ്ടിക്കാട്ടിയതോടെയാണ് ഗവർണ്ണർക്ക് ഫയൽ അയക്കാൻ സർക്കാർ ഇപ്പോൾ നിർബന്ധിതമായത്.

ആറ് മാസത്തോളം വൈകിപ്പിച്ച ശുപാർശ, പൊലീസ് ചീഫായി നിയമിക്കാത്തതിനെതിരെ സെൻകുമാർ നൽകിയ കോർട്ടലക്ഷ്യ കേസ് സുപ്രീം കോടതി പരിഗണിക്കുന്നതിന്റെ തൊട്ട് മുൻപാണ് ഗവർണ്ണർക്കയച്ചതെന്നതും ശ്രദ്ധേയമാണ്.

കോർട്ടലക്ഷ്യ നടപടി പരിഗണിക്കുമ്പോൾ ഇക്കാര്യം സർക്കാർ വിരോധത്തിന്റെ മറ്റൊരു കാരണമായി സെൻകുമാറിന്റെ അഭിഭാഷകൻ ചൂണ്ടിക്കാണിക്കുന്നത് ഒഴിവാക്കാനാണ് ഈ മുൻകരുതലെന്നാണ് സൂചന.

സെൻകുമാറിനെ സംബന്ധിച്ച് എന്തായാലും ഈ നടപടി വലിയ പിടിവള്ളിയാണ്. ജൂൺ 30ന് വിരമിച്ചാലും ഹൈക്കോടതി ജഡ്ജിക്ക് തുല്യമായ പദവിയിലിരിക്കാനുള്ള സാധ്യതയാണ് അദ്ദേഹത്തിന് മുന്നിൽ ഇപ്പോൾ തുറന്നിരിക്കുന്നത്.

സെൻകുമാർ ട്രിബ്യൂണൽ അംഗമായി നിയമിതനായാൽ സംസ്ഥാന സർക്കാറിന് അത് വലിയ ‘തലവേദന’യാകാനാണ് സാധ്യത.

ഐ പി എസ് ഉദ്യോഗസ്ഥരെ അടിക്കടി സ്ഥലം മാറ്റുന്ന സാഹചര്യത്തിൽ സെൻകുമാർ ട്രിബ്യൂണൽ അംഗമായാൽ കേസിന് പോകാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് ‘പ്രചോദന’മാകുമെന്നതിനാലാണിത്.

അതേസമയം നിലവിലെ സാഹചര്യത്തിൽ കോർട്ടലക്ഷ്യ ഹർജിയിൽ ചൂണ്ടിക്കാണിച്ച നഷ്ടപ്പെട്ട കാലയളവ് തിരിച്ചു നൽകണമെന്ന ആവശ്യം സെൻകുമാറിന്റെ അഭിഭാഷകൻ ശക്തമായി ഉന്നയിക്കാൻ സാധ്യതയില്ലെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്.

ഫയർഫോഴ്സ് മേധാവി എ.ഹേമചന്ദ്രനടക്കമുള്ളവരുടെ അവസരങ്ങൾ തനിക്ക് സർവ്വീസ് നീട്ടി നൽകിയാൽ നഷ്ടമാകുമെന്നതും ഇത്തരമൊരു തീരുമാനമെടുക്കാൻ സെൻകുമാറിനെ പ്രേരിപ്പിച്ച ഘടകമാണെന്നാണ് ലഭിക്കുന്ന വിവരം.

എന്നാൽ കോടതി ഇക്കാര്യത്തിൽ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ എന്ത് തന്നെയായാലും അത് പൂർണ്ണമായും പാലിക്കും.

സെൻകുമാറിന് സംസ്ഥാന പൊലീസ് ചീഫ് തസ്തികയിൽ കോടതി നൽകുന്ന കാലയളവ് എത്രയായാലും അത് പൂർത്തിയാക്കിയതിന് ശേഷം മാത്രമേ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് അംഗമായി തിരഞ്ഞെടുത്തത് സംബന്ധിച്ച ഉത്തരവുണ്ടാകാവൂ എന്നാണ് പ്രതിപക്ഷവും ആഗ്രഹിക്കുന്നത്.

ഇക്കാര്യത്തിൽ ബിജെപി കേന്ദ്ര തലത്തിൽ സമ്മർദ്ദം ചെലുത്താനുള്ള സാധ്യതയും തളളിക്കളയാൻ കഴിയില്ല.

Top