സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഡിജിപി സ്ഥാനത്തു നിന്നു തന്നെ നീക്കിയതിനെതിരെ മുൻ സംസ്ഥാന ഡിജിപി ടി.പി സെൻകുമാർ സംസ്ഥാന സർക്കാരിനെതിരെ അനുകൂല വിധി സമ്പാദിച്ചതിന്റെ പ്രത്യാഘാതങ്ങൾ യുപിയിലും. യുപിയിൽ ബിജെപി അധികാരം പിടിച്ച് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരം ഏറ്റെടുത്ത് 24 -ാം ദിവസം സംസ്ഥാനത്തെ 20 ഐഎഎസ് ഉദ്യോഗസ്ഥരെയാണ് യോഗി ആദിത്യനാധ് സർക്കാർ പ്രത്യേകിച്ചു കാരണമൊന്നും ചൂണ്ടിക്കാട്ടാതെ തെറുപ്പിച്ചത്. ഇവരിൽ പലരും പല തസ്തികയിലും ഒരു മാസം മാത്രമായിരുന്നു തിരച്ചിരുന്നതും. ഈ സാഹചര്യത്തിൽ കേരള സംസ്ഥാനത്തെ ഡിജിപിയായിരുന്ന ടി.പി സെൻകുമാറിനെ പുറത്താക്കിയ നടപടിയ്‌ക്കെതിരെ സുപ്രീം കോടതിയിൽ നിന്നു ലഭിച്ച അനുകൂല വിധി യുപിയിലും പ്രതിഫലിക്കും. ഈ കോടതിവിധിയുമായി സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥർ വീണ്ടും കോടതിയെ സമീപിച്ചാൽ യുപി സർക്കാരിനു അത് തിരിച്ചടിയാകുകയും ചെയ്യുമെന്നാണ് സൂചന.
മുൻ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ വിശ്വസ്തനായ അനുയായിയായിരുന്ന നവനീത് സെഖ് വാളാണ് ആദ്യമായി പദവിയിൽ നിന്നു തെറിച്ചയാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിലുണ്ടായിരുന്ന അവനീഷ് ആവസ്തി യുപി ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെയും യുപി സ്റ്റേറ്റ് ഹൈവേ അതോറിറ്റിയുടെയും ചെയർമാനുമായിരുന്നു. ഈ പദവികളിൽ നിന്നെല്ലാം ഇദ്ദേഹത്തെ യോഗിസർക്കാർ തെറിപ്പിക്കുകയായിരുന്നു. ഇതിനു ശേഷം മൃത്യുഞ്ജയ് നാരായണൻ എന്ന ഐഎഎസ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി യോഗി സർക്കാർ നിയോഗിക്കുകയും ചെയ്തിരുന്നു. മുൻ മുഖ്യമന്ത്രിമാരായ അഖിലേഷ് യാദവിന്റെയും മായാവതിയുടെയും വിശ്വസ്തരിൽ ഒരാളായ രാമാ രമണനെയും ഇദ്ദേഹം ജോലി ചെയ്തിരുന്ന തസ്തികയിൽ നിന്നു തെറിപ്പിച്ചു. തുടർന്നു നിലവിൽ മറ്റൊരു പോസ്റ്റും നൽകാതെ ഇദ്ദേഹത്തെ വെയിറ്റിങ് ലിസ്റ്റിൽ നിർത്തിയിരിക്കുകയാണ് നിലവിൽ.
ഇത്തരത്തിൽ സംസ്ഥാനത്തെ 24 ഉന്നത തസ്തികകളിൽ ഇരുന്ന ഐഎസ്എസ് – ഐപിഎസ് ഉദ്യോഗസ്ഥരെയാണ് കൃത്യമായ കാരണങ്ങളൊന്നും ചൂണ്ടിക്കാട്ടാതെ യോഗി ആദിത്യനാഥ് സർക്കാർ തെറിപ്പിച്ചത്. സുപ്രീം കോടതി വിധിയിൽ കൃത്യമായ വിശദീകരണത്തോടെ സംസ്ഥാന സർക്കാരിനെതിരെ വന്നിരിക്കുന്ന സാഹചര്യത്തിൽ യുപി സർക്കാരും ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. ഈ വിധിയുടെ മറ പിടിച്ച് ഏതെങ്കിലും ഒരു സർക്കാർ ഉദ്യോഗസ്ഥനോ, ഐഎഎസുകാരനോ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ കോടതിയെ സമീപിച്ചാൽ വെട്ടിലാകുക ബിജെപി നേതൃത്വം ആകും.