മോദി മത്സരിക്കുന്ന വാരാണസി അടക്കം 57 മണ്ഡലങ്ങളിൽ വിധിയെഴുത്ത്!!; ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം പുരോഗമിക്കുന്നു

ന്യൂഡൽഹി: 57 സീറ്റുകളിലേക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു .പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും ജനവിധി തേടുന്ന വാരാണസി ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിലുമുള്ള 57 സീറ്റുകളിലേക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത് .ഏഴാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ 11 മണിവരെയുള്ള കണക്ക് പ്രകാരം ഏറ്റവും ഉയർന്ന പോളിങ്ങ് രേഖപ്പെടുത്തിയത് ഹിമാചൽ പ്രദേശിൽ. 31.92 ശതമാനം പോളിങ്ങാണ് ഇവിടെ രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ പോളിങ്ങ് പഞ്ചാബിലാണ് 23.91 ശതമാനം. പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, ജാർഖണ്ഡ്,ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ പോളിങ്ങ് 25 ശതമാനത്തിന് മുകളിൽ രേഖപ്പെടുത്തി

ഒഡീഷയിലെ ശേഷിക്കുന്ന 42 നിയമസഭാ മണ്ഡലങ്ങളിലേക്കും ഹിമാചൽ പ്രദേശിലെ ആറ് നിയമസഭാ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പും ഒരേസമയം നടക്കും. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, മമതാ ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി, ലാലു പ്രസാദിൻ്റെ മകൾ മിസാ ഭാരതി, നടി കങ്കണ റണൗത്ത് എന്നിവരാണ് മത്സരരംഗത്തുള്ള 904 മത്സരാർത്ഥികളിൽ മറ്റ് പ്രമുഖ സ്ഥാനാർത്ഥികൾ. ഈ ഘട്ടത്തിൽ 10.06 കോടി പൗരന്മാർക്ക് വോട്ട് ചെയ്യാൻ അർഹതയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോക്സഭാ തിരഞ്ഞെടുപ്പിലെ അവസാനഘട്ട പോളിങ്ങിൽ എല്ലാവരോടും വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ച് ഇൻഡ്യ മുന്നണി നേതാക്കൾ. അഹങ്കാരത്തിൻ്റെയും സ്വേച്ഛാധിപത്യത്തിൻ്റെയും പ്രതീകമായ മോദി സർക്കാരിന് വോട്ടുകൊണ്ട് മറുപടി നൽകണമെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. ജനാധിപത്യ- ഭരണഘടന സംരക്ഷണത്തിനായി കടുത്ത ചൂടിലും എല്ലാവരും വോട്ട് രേഖപ്പെടുത്തുന്നത് അഭിമാനകരമാണ്. ജൂൺ നാലിന് പുതിയ ഉദയം ഉണ്ടാകും. ഇൻഡ്യ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പാണെന്നും രാഹുൽ പറഞ്ഞു.

ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ വോട്ട് ചെയ്യണമെന്ന് ഡൽ​ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. ഏകാധിപത്യം പരാജയപ്പെടുമെന്നും ജനാധിപത്യം വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇൻഡ്യ സഖ്യം സർക്കാർ രൂപികരിക്കാൻ പോകുകയാണെന്നാണ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്. ഇന്ന് തിരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടമാണ്. അനുഭവങ്ങളെ അടിസ്ഥാനമാക്കി വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്ത പ്രിയങ്ക, ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വോട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു. നിങ്ങൾക്കായി മാത്രം പ്രവർത്തിക്കുന്ന ഒരു സർക്കാർ സൃഷ്ടിക്കുക. ജനങ്ങളുടെ വലിയ പങ്കാളിത്തം ഇന്ത്യയെ കൂടുതൽ ശക്തമാക്കുമെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർ‌ത്തു.

ഇതിനിടെ ഏഴാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബം​ഗാളിലെ മണ്ഡലങ്ങളിൽ വ്യാപക അക്രമം. സൗത്ത് 24 പർഗാനസിലെ കുൽത്തായിയിൽ വോട്ടിംഗ് മെഷീനുകൾ കുളത്തിൽ എറിഞ്ഞത് സംഘർഷത്തിനിടയാക്കി. ഏജൻ്റുമാരെ പോളിംഗ് ബൂത്തിൽ കയറാൻ അനുമതിക്കാതെ വന്നതോടെയാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് കേസെടുത്തു. പിന്നാലെ ബൂത്തിൽ പുതിയ വോട്ടിംഗ് യന്ത്രങ്ങൾ എത്തിച്ചു. വോട്ടെടുപ്പ് പുനരാരംഭിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Top