ബെര്‍ലിന്‍: സ്‌ഫോടക വസ്തുക്കളെന്ന് സംശയിച്ച് വിമാനത്താവള അധികൃതര്‍ പരിശോധനയ്ക്ക് പിടിച്ചുവച്ച ബാഗില്‍ നിന്ന് ലഭിച്ചത് സെക്‌സ് ടോയ്‌സ്. ബെര്‍ലിനിലെ ഷോണ്‍ഫെല്‍ഡ് വിമാനത്താവളത്തിലാണ് സംശയാസ്പദമായ വസ്തുക്കളടങ്ങിയ ബാഗ് ആശങ്ക സൃഷ്ടിച്ചത്. ലഗേജുകള്‍ പരിശോധിക്കുന്ന സമയത്ത് ഒരു ബാഗില്‍ നിന്ന് സ്‌കാനിംഗ് മെഷീനില്‍ തെളിഞ്ഞ വസ്തുക്കള്‍ എന്താണെന്ന് മനസ്സിലാക്കാന്‍ ജീവനക്കാര്‍ക്ക് കഴിയാതെ വന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. വിചിത്രമായ ആകൃതികളിലുള്ള എന്തൊക്കെയോ ആയുധങ്ങളോ സ്‌ഫോടകവസ്തുക്കളോ ആണ് ബാഗിലെന്ന് ജീവനക്കാര്‍ ഉറപ്പിച്ചു.
സംശയാസ്പദമായ വസ്തുക്കള്‍ ബാഗില്‍ കണ്ടെത്തിയതിനാല്‍ വിമാനത്താവളത്തിന്റെ ഡി ടെര്‍മിനലുകള്‍ അടച്ചിടുകയും ഫെഡറല്‍ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധനകള്‍ക്ക് സജ്ജമായി. ലഗേജില്‍ വിചിത്രവസ്തുക്കളുമായി വന്ന വ്യക്തി മുന്നോട്ട് നീങ്ങിനില്‍ക്കേണ്ടതാണെന്ന് ലൗഡ് സ്പീക്കറിലൂടെ അറിയിപ്പും നല്കി. ഇതേത്തുടര്‍ന്ന് ബാഗിന്റെ ഉടമസ്ഥന്‍ പരുങ്ങലോടെ മുന്നിലേക്ക് നീങ്ങിനിന്നെന്നും അതിലുള്ളത് ചില സാങ്കേതിക ഉപകരണങ്ങളാണെന്ന് വിശദീകരണം നല്കിയെന്നുമാണ് സിഎന്‍എന്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിമിഷങ്ങള്‍ക്കകം ബാഗ് പരിശോധിച്ച ബോംബ് സ്‌ക്വാഡ് കണ്ടെത്തിയതാകട്ടെ വൈബ്രേറ്റര്‍ ഉള്‍പ്പടെയുള്ള സെക്‌സ് ടോയ്‌സും. നിമിഷങ്ങള്‍ക്കകം ടെര്‍മിനല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും തിരക്കേറിയ അവധിദിനങ്ങളിലൊന്നില്‍ ആ ബാഗ് ഉണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയൊന്നുമല്ലെന്ന് വിമാനത്താവള അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.