
സ്വന്തം ലേഖകൻ
പാലക്കാട്: തൃത്താലയിൽ ലഹരിക്ക് അടിമയാക്കി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. സമൂഹ മാദ്ധ്യമങ്ങളിലൂടെ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടികളെ ലഹരി ഉപയോഗിക്കാൻ നിർബന്ധിക്കുന്നതാണ് പ്രതികളുടെ ശൈലിയെന്ന് അന്വേഷണസംഘത്തിന്റെ വെളിപ്പെടുത്തൽ.
സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയത്. കേസിലെ മൂന്നാം പ്രതിയായ മേഴത്തൂർ പുല്ലാണി പറമ്പിൽ അഭിലാഷ്, രണ്ടാം പ്രതി ചാത്തന്നൂർ അത്താണി പറമ്പിൽ നൗഫൽ പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തായ കറുകപുത്തൂർ സ്വദേശി മുഹമ്മദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
തന്റെ സൗഹൃദത്തിലുളള രണ്ട് പെൺകുട്ടികൾ കൂടി റാക്കറ്റിന്റെ വലയിൽപ്പെട്ടതായി സംശയിക്കുന്നതായി ഇരയാക്കപ്പെട്ട പെൺകുട്ടി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.
സമ്മർദ്ദം സഹിക്കാനാകാതെ ലഹരി വസ്തുക്കൾ ഉപയോഗിച്ച് തുടങ്ങിയതെന്നും പെൺകുട്ടി വെളിപ്പെടുത്തി. പതിനാറ് വയസുമുതൽ മയക്കുമരുന്നു നൽകി തന്നെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നെന്നാണ് പെൺകുട്ടിയുടെ മൊഴി. അച്ഛന്റെ സുഹൃത്ത് മുഹമ്മദ് രണ്ട് സ്ഥലങ്ങളിലെത്തിച്ച് ഉപദ്രവിച്ചുവെന്നും പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.
പെൺകുട്ടികളെ കൊണ്ട് ബിയർ കുപ്പിക്കകത്ത് കഞ്ചാവ് നിറച്ച് വലിപ്പിക്കുകയും തുടർന്ന് ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്യുന്നതാണ് സംഘത്തിന്റെ രീതി. പെൺകുട്ടികളെ ഭീഷണിപ്പെടുത്തി വലയിലാക്കുകയാണ് ആദ്യം ചെയ്യുന്നത്. വീട്ടിനുള്ളിൽ കാമറ വച്ചിട്ടുണ്ടെന്നും. നഗ്‌ന ദൃശ്യങ്ങൾ തങ്ങളുടെ കൈയ്യിലുണ്ടെന്നും പറഞ്ഞാണ് ഭീഷണിപ്പെടുത്തുക.
തുടർന്ന് ലഹരി ഉപയോഗിക്കാൻ നിർബന്ധിക്കും. വഴങ്ങിയില്ലെങ്കിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കും.തുടർന്ന് പെൺകുട്ടികൾക്ക് ലഹരി മരുന്നുകൾ കൈമാറും.കൈയിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ് മുറിവുണ്ടാക്കി ലഹരി ശരീരത്തിലേക്ക് കയറ്റിയ ശേഷം പീഡിപ്പിക്കുന്നതാണ് സംഘത്തിന്റെ രീതി.