ശബരിമല സന്ദര്‍ശനത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ അവഹേളിക്കുന്നതായി കാണിച്ച് കോഴിക്കോട്ടെ അധ്യാപിക ബിന്ദു തങ്കം കല്യാണി പാലക്കാട് അട്ടപ്പാടി അഗളി സ്‌കൂള്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കി.മുമ്പ് ജോലി ചെയ്തിരുന്ന കോഴിക്കോട് ചേവായൂര്‍ സ്‌കൂളിലും താമസിച്ചിരുന്ന വാടക വീട്ടിലും ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍നിന്ന് സ്ഥലംമാറ്റം ലഭിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ചയാണ് അഗളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തിയത്. എന്നാല്‍ ഇവിടെ എത്തിയ ബിന്ദുവിനെ കുട്ടികള്‍ ശരണം വിളികളോടെയാണ് വരവേറ്റത്. ഇത് ചൂണ്ടിക്കാട്ടി ബിന്ദു പ്രിന്‍സിപ്പലിന് പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് കുട്ടികള്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
കുട്ടികളെ വിളിച്ച് താക്കീത് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇത് വീണ്ടും ആവര്‍ത്തിച്ചതോടെ ബിന്ദു രണ്ടാമതും പരാതി നല്‍കുകയായിരുന്നു. തന്റെ ബിന്ദു കല്യാണിയുടെ പേര് ബിന്ദു സക്കറിയ എന്നാക്കി മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതായി ബിന്ദു പരാതിപ്പെട്ടിരുന്നു.
ഇതിനൊപ്പം ആര്‍എസ്എസ്, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തി വൃദ്ധ മാതാപിതാക്കളെ ശബരിമലയില്‍ പോകാന്‍ നിര്‍ബന്ധിക്കുന്നതായി കാണിച്ച് രംഗത്തെത്തിയിരുന്നു. ബിന്ദു പഠിപ്പിക്കുന്ന സ്‌കൂളിന് മുന്നിലെത്തി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ സ്‌കൂളില്‍ വിലക്കണമെന്നാവശ്യപ്പെട്ട് പരസ്യഭീഷണിയും നടത്തുകയുണ്ടായി. ഭീഷണിക്കും വ്യാജ പ്രചാരണങ്ങള്‍ക്കുമെതിരെ കോടതിയെ സമീപിക്കുമെന്നും ബിന്ദു തങ്കം കല്യാണി പറഞ്ഞു.